സോഷ്യൽ മീഡിയയിൽ കൊട്ടിക്കലാശമില്ല
text_fieldsകായംകുളം: ആവേശം വാരിവിതറി സമൂഹ മാധ്യമങ്ങളിൽ മുന്നണികളും സ്ഥാനാർഥികളും പ്രചാരണം കൊഴുപ്പിക്കുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് കൃത്യം രണ്ടുദിവസം മുമ്പ് തിങ്കളാഴ്ച പരസ്യപ്രചാരണത്തിന് വിലക്കുവീണെങ്കിലും ഒാൺലൈൻ പ്രചാരണ ചൂടിൽ തെരഞ്ഞെടുപ്പ് രംഗം തിളച്ചുമറിയുകയായിരുന്നു.
സ്ഥാനാർഥികളും മുന്നണി നേതാക്കളും വോട്ട് അഭ്യർഥനയുമായി േഫസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം എന്നിവയിൽ സജീവമായിരുന്നു. ഒരു മിനിറ്റുള്ള വിഡിയോ പ്രചാരണങ്ങളായിരുന്നു അവയിലേറെയും. വാർഡിലെ സ്ഥാനാർഥികൾക്കായി സംസ്ഥാനതല നേതാക്കൾ വോട്ട് അഭ്യർഥനയുമായി വിഡിയോയിൽ എത്തിയതായിരുന്നു വ്യത്യസ്തത. കോൺഗ്രസ് നേതാക്കളാണ് ഇത്തരത്തിൽ കൂടുതലായി രംഗത്തുവന്നത്.
അവസാന നിമിഷത്തെ അപവാദപ്രചാരണങ്ങൾക്കും സോഷ്യൽ മീഡിയ ഇടനിലക്കാരനായ സംഭവങ്ങളും അരങ്ങേറി. വാദപ്രതിവാദങ്ങളുടെയും അവകാശവാദങ്ങളുടെയും വേദിയായി മാറിയ ഫേസ്ബുക്കിൽ രാഷ്ട്രീയ ചർച്ച അതിരുവിടുന്ന അവസ്ഥയിലുമെത്തി. സ്ഥാനാർഥികളുടെ അഭ്യർഥന ഇടങ്ങളിൽപോലും രാഷ്ട്രീയ മാന്യതയില്ലാതെയുള്ള കുറിപ്പുകളാണ് പല ചർച്ചകളെയും അരോചകമാക്കിയത്.
അതേസമയം, പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ച് മാന്യമായ നിലയിലുള്ള സംവാദങ്ങളും നന്നായി നടന്നു.
ഇത്തരം വേദികളിൽ വോട്ടർമാർക്ക് വികസന കാഴ്ചപ്പാടുകൾ നന്നായി പങ്കുവെക്കാൻ കഴിഞ്ഞുവെന്നത് ശ്രദ്ധേയമായി. വാർഡുകളിലെ വികസന മുരടിപ്പ് വോട്ടർമാർ ചിത്രം സഹിതം ഉയർത്തിക്കാട്ടാനും മടിച്ചില്ല.
ചെലവില്ലാത്ത പ്രചാരണ ഉപാധിയെ മിക്കവരും നന്നായി തന്നെ ഉപയോഗപ്പെടുത്തി. പല മുഖഭാവങ്ങളിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്തു. മാതൃക ബാലറ്റ്, പ്രസ്താവനകൾ എന്നിവയും ചെലവില്ലാതെ ഒാരോ വോട്ടർമാരിലും എത്തിക്കാൻ ഓൺലൈൻ പ്രചാരണം സൗകര്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.