കായംകുളം നഗരത്തിൽ തസ്കര വിളയാട്ടം
text_fieldsകായംകുളം: നഗരത്തിൽ ഭീതിപരത്തി മോഷണ സംഘങ്ങളുടെ വിളയാട്ടം. ആൾത്താമസമില്ലാത്ത വീടുകളാണ് ഇവരുടെ പ്രധാന ലക്ഷ്യം. ലക്ഷ്മി തിയറ്ററിന് സമീപത്തെ നിരവധി വീടുകളിൽ മോഷണം നടന്നത് ജനങ്ങളെ ആശങ്കയിലാക്കി. ഒരാഴ്ചക്കുള്ളിൽ നിരവധി വീടുകളിൽ മോഷണം നടന്നു. ലക്ഷ്മി തിയറ്ററിന് സമീപം വലിയവീട്ടിൽ തമ്പി, പീടിയേക്കൽ ഗോപി, നാടാലക്കൽ റിയാസ് എന്നിവരുടെ വീടുകളിലായിരുന്നു മോഷണം. ഗോപിയുടെ വീട്ടിൽനിന്ന് ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും മോഷണം പോയി.
ഒരാഴ്ച മുമ്പാണ് റിയാസിന്റെ വീട്ടിൽ മോഷണം നടന്നത്. റിയാസും കുടുംബവും വിദേശത്താണ്. വീടിന്റെ മുൻ വാതിൽ തുറന്നിട്ടിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. കൂടാതെ നാടാലക്കൽ തടിമില്ലിന് സമീപമുള്ള വീട്ടിൽനിന്ന് ജനറേറ്ററും മോഷണംപോയി. പൊലീസ് സ്റ്റേഷന്റെ വിളിപ്പാടകലെയാണ് മോഷണ സംഘത്തിന്റെ വിളയാട്ടം. കഴിഞ്ഞയാഴ്ച റോഡരികിലെ കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന വയോധികന്റെ പണം അപഹരിച്ച സംഭവവും ഉണ്ടായി.
മോഷണം നടക്കുമ്പോൾ മാത്രം പരിശോധന നടത്തുന്ന പൊലീസ് തുടർ നടപടികളിലേക്ക് കടക്കുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം, ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കവർച്ച സംഘങ്ങൾ നഗരത്തിൽ തമ്പടിക്കുന്നതായ ആക്ഷേപം ഗൗരവത്തിലെടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. ഭിക്ഷാടന സംഘങ്ങളുടെ മറവിലാണ് മോഷ്ടാക്കൾ എത്തുന്നത്. വൃശ്ചികോത്സവ തിരക്ക് ലക്ഷ്യമാക്കിയാണ് ഭിക്ഷാടന സംഘങ്ങൾ എത്തുന്നത്. ഇതിനിടെ ട്രെയിനിൽ എത്തി മോഷണം നടത്തി മടങ്ങുന്ന സംഘങ്ങളും സജീവമാണ്. മോഷ്ടാക്കളെ അമർച്ച ചെയ്യാൻ പട്രോളിങ് കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.