പാർട്ടി പത്രത്തിനായി സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്തവർ വെട്ടിലായി
text_fieldsകായംകുളം: ദേശാഭിമാനി വരിസംഖ്യയടക്കാനായി സഹകരണ സംഘങ്ങളിൽ നിന്നും വായ്പയെടുത്ത് വെട്ടിലായവർ തുറന്നുപറച്ചിലുമായി രംഗത്തുവന്നതോടെ സി.പി.എം നേതൃത്വം പ്രതിരോധത്തിലായി. തെരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ പ്രയാസപ്പെടുമ്പോഴാണ് പാർട്ടി പത്രത്തിന് വരിക്കാരെ ചേർത്തതിന്റെ മറവിലെ വായ്പ ഇടപാടുകളും ചർച്ചയാകുന്നത്. കൃഷ്ണപുരത്തെ മുതിർന്ന നേതാവായ കുട്ടൻ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് ഇതിന്റെ പേരിൽ നടന്ന വീഴ്ചകൾ പരസ്യമാക്കിയത്. ഏരിയയിൽ ദേശാഭിമാനി പത്രം കൂടുതൽ വരി ചേർക്കുന്നതിനാണ് പാർട്ടി പ്രവർത്തകരെയും കുടുംബാംഗങ്ങളെയും ജാമ്യക്കാരാക്കി സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ എടുത്തത്.
ബാങ്കിൽ നിന്ന് നിരന്തരം കുടിശ്ശിക നോട്ടിസ് വന്നതോടെ നേതാക്കളെ സമീപിച്ചെങ്കിലും അവർ കൈമലർത്തി. വരിക്കാരെ ചേർത്ത് പണം വാങ്ങിയ ശേഷം തിരിച്ചടക്കാമെന്നഉറപ്പിലാണ് പലരും വായ്പയെടുക്കാൻ ജാമ്യം നിന്നത്. വായ്പ തിരിച്ചടക്കാൻ മാർഗമില്ലാത്തവർ പാർട്ടി ഓഫിസിന്റെ വരാന്തകളിലും നേതാക്കളുടെ വീടുകളിലും കയറിയിറങ്ങുകയാണ്. ഇതിനിടെ, മുതിർന്ന നേതാവായ കുട്ടന്റെ വൈകാരിക പ്രതികരണം കൂടി വന്നതോടെ ചർച്ച കൊഴുക്കുകയാണ്. തിരിച്ചടവിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം നേതൃത്വം നിരാകരിച്ചതാണ് പരസ്യ വെളിപ്പെടുത്തലിന് പലരെയും പ്രേരിപ്പിച്ചിരിക്കുന്നത്.
പാർട്ടിയിലെ ചിലരുടെ താൽപര്യത്തിനായി നൂറുകണക്കിന് പേരെ വായ്പ കെണിയിൽ കുരുക്കിയതായാണ് കുട്ടൻ സഖാവ് ആരോപിക്കുന്നത്. അഞ്ച് വർഷം മുമ്പ് കൃഷ്ണപുരം, പുള്ളിക്കണക്ക് സൊസൈറ്റികളിൽ നിന്നാണ് കുട്ടൻ, ഭാര്യ, മകൻ എന്നിവരെ ജാമ്യക്കാരാക്കി തുക എടുത്തത്. രണ്ടു ബാങ്കുകളിലായി 50,000 രൂപയുടെ ബാധ്യതയുണ്ട്. 78 വയസുള്ള താനിപ്പോൾ രോഗങ്ങളാൽ അവശനാണ്. വായ്പ തിരികെ അടക്കാൻ മാർഗമില്ല. വർഷങ്ങളോളം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന താൻ പരിഹാരത്തിനായി പലതവണ നേതൃത്വത്തെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും പോസ്റ്റിൽ പറയുന്നു.
അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഇദ്ദേഹം നൽകുന്നു.പോസ്റ്റിന് താഴെ ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്ന നിരവധി പേർ സ്വന്തം അനുഭവം വ്യക്തമാക്കിയതും നേതൃത്വത്തെ വെട്ടിലാക്കി. മുഖപത്രത്തെ ഏരിയയിൽ മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തിൽ ഒരു വാർഡിൽ തന്നെ ലക്ഷങ്ങളാണ് ഇത്തരത്തിൽ വായ്പ എടുത്തിട്ടുള്ളതെന്നാണ് അറിയുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പത്രം വരി ചേർത്തതിന്റെ അംഗീകാരം നേടാൻ നേതാക്കൾ പാവങ്ങളെ ബലിയാടാക്കിയെന്ന ആക്ഷേപമാണ് ഉയരുന്നത്. നേതാക്കളിൽ ഒരാൾ പോലും കടബാധ്യതയിൽ അകപ്പെട്ടില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഖാക്കളാണ് വെട്ടിലായത്. മരുന്നുവാങ്ങാൻ പോലും പ്രയാസപ്പെടുന്നവർ അവസാന കാലത്ത് കരഞ്ഞുകൊണ്ട് പ്രതികരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ചർച്ച. വരിസംഖ്യ വാങ്ങി ബാങ്കിൽ അടക്കാമെന്ന തരത്തിലാണ് വായ്പാ കരുത്തിൽ പത്രം വർധിപ്പിച്ചത്.
എന്നാൽ പലരും വരിസംഖ്യ നൽകാതിരുന്നതും കിട്ടിയത് യഥാസമയം അടക്കാതിരുന്നതും പ്രശ്നമായി. പത്രം വിതരണം ചെയ്തവർ ബാധ്യത ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറിയപ്പോൾ വായ്പക്കായി ജാമ്യം നിന്നവരാണ് പ്രതിസന്ധിയിലായത്. മറ്റ് പഞ്ചായത്തുകളിലും സമാന പ്രശ്നങ്ങൾ നിരവധിയാണെന്ന ചർച്ചയും സജീവമാണ്. വരുംദിവസങ്ങളിൽ കൂടുതൽ പേർ രംഗത്തുവരുമെന്നും പറയുന്നു.
കണക്കുകൾ വെളിപ്പെടുത്തി പ്രവർത്തകരുടെ പോസ്റ്റ്
കായംകുളം: ദേശാഭിമാനി വരി ചേർക്കാൻ വായ്പ എടുത്ത് നൽകിയവരിൽ കൂടുതൽ പേർ വെളിപ്പെടുത്തലുമായി രംഗത്ത്. തന്റെ പേരിലും ടൗൺഹാൾ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുധീറിന്റെ പേരിലും 10,000 രൂപ എടുത്തത് 30,000 ആയി വർധിച്ചതായി ചിറക്കടവം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സാജിദ് ഷാജഹാൻ വ്യക്തമാക്കുന്നു. പുതുപ്പള്ളി സഹകരണ സംഘത്തിൽ നിന്ന് വായ്പ കൊടുക്കാനുള്ള നീക്കത്തിനെതിരെ വിയോജന കുറിപ്പ് എഴുതിയതായി ഡയറക്ടർ ബോർഡ് മെമ്പറായിരുന്ന ആ. ഗോപാലകൃഷ്ണനും പറഞ്ഞു.മുൻ ബ്രാഞ്ച് സെക്രട്ടറി ഷാമിന്റെ വെളിപ്പെടുത്തലും ചർച്ചയാകുകയാണ്.
കൃഷ്ണപുരം ആറാം വാർഡിലെ നിരവധി സഖാക്കൾ വെട്ടിലായ വിവരങ്ങളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ജയപ്രസാദ് 11,848 രൂപ, സുരജ 13,634, മനു ഓമനക്കുട്ടൻ 18,626, കെ.കെ. വാസുദേവൻ 13,599, പങ്കജാക്ഷി 14,610, ജയിംസ് 13,849, സുരേഷ് 17,516, വിനു 14,505, ശ്രീജിത്ത് 18,240 രൂപ എന്നിങ്ങനെ നടപടി നോട്ടിസ് ലഭിച്ചു. ഇതിൽ ജയിംസ് സ്വർണ്ണം പണയം വെച്ചാണ് തിരിച്ചടച്ചത്. തുക തിരിച്ചടച്ച മുൻ ബ്രാഞ്ച് സെക്രട്ടറിയും മികച്ച സംഘാടകനുമായിരുന്ന ജയപ്രസാദ് മെമ്പർഷിപ്പ് പുതുക്കാതെ പാർട്ടി ബന്ധം അവസാനിപ്പിച്ചു. കുടിശ്ശികയുടെ ദുരിതം പേറുന്ന പലരും പ്രവർത്തന രംഗത്ത് നിന്നും പിന്മാറി. പ്രയാസമനുഭവിക്കുന്ന ചിലരുടെ ബാധ്യത തങ്ങൾ തീർത്തു. പാർട്ടി കമ്മിറ്റികളിൽ വിഷയം ഉന്നയിക്കുമ്പോൾ ഘടകം ഇതല്ലെന്ന് ചൂണ്ടിക്കാട്ടി നിശബ്ദമാക്കുകയായിരുന്നുവെന്നും ഷാം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.