ജീവനക്കാരുടെ അശ്രദ്ധ; ചികിത്സക്കെത്തിയ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചുകയറി
text_fieldsകായംകുളം: താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ ഏഴ് വയസ്സുകാരന്റെ ദേഹത്ത് സൂചി തുളച്ചുകയറിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ചിറക്കടവം സ്വദേശിയായ ആൺകുട്ടിയുടെ തുടക്ക് മുകളിലായാണ് കിടക്കയിൽനിന്ന് സിറിഞ്ച് ഉൾപ്പെടുന്ന സൂചി തുളച്ചുകയറിയത്. കുട്ടിയെ വിദഗ്ധ പരിശോധനക്ക് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് സംഭവം.
പനി ബാധിച്ച കുട്ടിയെ അത്യാഹിത വിഭാഗത്തിലാണ് എത്തിച്ചത്. പരിശോധനക്കായി കട്ടിലിൽ കിടത്തുന്നതിനിടെ കുത്തിവെപ്പ് നടത്തിയ സൂചി കുട്ടിയുടെ കാലിൽ കയറുകയായിരുന്നു. എച്ച്.ഐ.വി, എൻ1എച്ച്1, ഡെങ്കിപ്പനി പോലെയുള്ള പരിശോധനക്ക് കുട്ടിയെ വിധേയനാക്കി. എച്ച്.ഐ.വി പരിശോധന മെഡിക്കൽ കോളജിൽ നടത്താൻ പറ്റാത്ത സാഹചര്യത്തിൽ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
14 വയസ്സുവരെ പരിശോധന തുടരണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനിടെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ആശുപത്രി അധികൃതരോട് വിശദീകരണം തേടി.
ജീവനക്കാരെ സംരക്ഷിക്കാൻ തുരുമ്പിച്ച സൂചിയാണെന്ന മറുപടിയാണ് നൽകിയതെന്ന് അറിയുന്നു. സൂചി സംഭവ ദിവസത്തെയല്ലെന്ന് വരുത്തി തീർക്കാനാണ് ഇങ്ങനെ മറുപടി നൽകിയതത്രേ. കൂടാതെ തൊണ്ടി നശിപ്പിച്ചതും കേസിനെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.