കായംകുളത്ത് യു.ഡി.എഫ് കൗൺസിലർമാർക്ക് സസ്പെൻഷൻ
text_fieldsകായംകുളം: ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലേക്ക് കടന്നതോടെ നഗരസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ രൂക്ഷം. പാർലമെന്ററി പാർട്ടി ലീഡറയടക്കം കൗൺസിലിൽനിന്ന് സസ്പെൻഡ് ചെയ്തതിലൂടെ വിട്ടുവീഴ്ചക്കില്ലെന്ന സന്ദേശമാണ് ഭരണപക്ഷം നൽകുന്നത്.
കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിൽ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചാണ് യു.ഡി.എഫ് ലീഡർ സി.എസ്. ബാഷയെ കൗൺസിൽ യോഗം തീരുന്നതുവരെ സസ്പെൻഡ് ചെയ്തത്. ഇതിനെതിരെയുള്ള പ്രതിഷേധത്തിനിടെ അജണ്ട നശിപ്പിച്ചതിന് മൂന്ന് കൗൺസിലിൽനിന്ന് കെ. പുഷ്പദാസിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
എൽ.ഡി.എഫ് കൗൺസിലർ ആർ. ബിജുവിന്റെ പരാതിയിലാണ് ബാഷക്കെതിരെ നടപടി സ്വീകരിച്ചത്. കഴിഞ്ഞ കൗൺസിലിൽ അസഭ്യവാക്കുകളാൽ അപമാനിച്ചതായാണ് ആക്ഷേപം. ചെയർപേഴ്സനിൽനിന്ന് രണ്ട് പ്രാവശ്യം അജണ്ട ബലമായി പിടിച്ചുവാങ്ങി വലിച്ചുകീറിയെന്നാണ് പുഷ്പദാസിനെതിരെയുള്ള ആക്ഷേപം. ഇതോടെ കൗൺസിൽ കൂടുതൽ ബഹളത്തിലേക്ക് വഴിമാറി. ഇതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ നഗരസഭയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു.
നഗരസഭയിലെ അഴിമതി അംഗീകരിക്കില്ല -യു.ഡി.എഫ്
കായംകുളം: അഴിമതി ലക്ഷ്യമാക്കിയ അജണ്ടകൾ പാസാക്കാൻ ഭരണപക്ഷം കൗൺസിലിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ്. ഇടത് അംഗങ്ങൾ ചെറിയ പ്രശ്നങ്ങൾ പെരുപ്പിച്ച് കാട്ടിയതാണ് കൗൺസിലിൽ ബഹളത്തിന് കാരണമായത്.
അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെയുള്ള യു.ഡി.എഫ് സമരത്തിന്റെ ജനകീയ പിന്തുണയാണ് എൽ.ഡി.എഫ് പ്രകോപനത്തിന് കാരണം. സസ്പെൻഷൻകൊണ്ട് തീരുന്നതല്ല നഗരസഭയിലെ പ്രശ്നങ്ങളെന്നും പാർലമെന്ററി പാർട്ടി യോഗം ചൂണ്ടിക്കാട്ടി. സി.എസ്. ബാഷ, എ.ജെ. ഷാജഹാൻ, കെ. പുഷ്പദാസ്, എ.പി. ഷാജഹാൻ, പി.സി. റോയ് ബിധു രാഘവൻ, അൻസാരി കോയിക്കലേത്ത്, ബിജു നസറുല്ല, സുമിത്രൻ, പി. ഗീത, ലേഖ, മിനി, ഷീജ, ഷൈനി, അമ്പിളി, അംബിക എന്നിവർ സംസാരിച്ചു.
യു.ഡി.എഫ് ഗുണ്ടായിസം അനുവദിക്കില്ല -എൽ.ഡി.എഫ്
കായംകുളം: നഗരത്തിലെ വികസന പ്രവർത്തനങ്ങളെ നിരന്തരം അട്ടിമറിക്കുന്ന പ്രതിപക്ഷ നിലപാട് അംഗീകരിക്കാനാവില്ലെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം. കൗൺസിലിനുള്ളിൽ ബഹളവും ബലപ്രയോഗവും യു.ഡി.എഫ് പതിവാക്കിയിരിക്കുകയാണ്. ചെയർപേഴ്സനെ നിരന്തരമായി അക്രമിക്കുന്നു.
യു.ഡി.എഫിന്റെ നിരന്തരമായ ജനാധിപത്യ വിരുദ്ധ നടപടികളാണ് കൗൺസിലർമാരുടെ സസ്പെൻഷനിലേക്ക് വഴി തെളിച്ചതെന്നും യോഗം ചൂണ്ടിക്കാട്ടി. ചെയർപേഴ്സൻ പി. ശശികല, വൈസ് ചെയർമാൻ ജെ. ആദർശ്, സ്ഥിരം സമിതി അധ്യക്ഷരായ മായാദേവി, എസ്. കേശുനാഥ്, അഡ്വ. ഫർസാന ഹബീബ്, പി.എസ്. സുൽഫീക്കർ, ഷാമില അനിമോൻ, പാർലമെൻററി പാർട്ടി ലീഡർ ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.