താലൂക്കുപോലെ ഉയരപ്പാതയും; രാഷ്ട്രീയ കബളിപ്പിക്കലിന്റെ ഇരയായി കായംകുളം
text_fieldsകായംകുളം: നഗരത്തെ കീറിമുറിക്കുന്ന അശാസ്ത്രീയ ദേശീയപാത നിർമാണത്തിന് പകരം തൂണുകളിൽ തീർത്ത ഉയരപ്പാത വേണമെന്ന ആവശ്യവും ജലരേഖയായി. കോളജ് ജങ്ഷനിൽ അടിപ്പാതയെന്ന നിർദേശത്തിന് കെ.സി. വേണുഗോപാൽ എം.പിയും മൗനാനുവാദം നൽകിയതോടെ ഉയരപ്പാതയുടെ അവസാന പ്രതീക്ഷയും അടഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ വിഷയം ഏറ്റെടുത്ത ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രനും കൈയൊഴിഞ്ഞ മട്ടാണ്.
തുടക്കം മുതലെ സമരസമിതിയുമായി നിസ്സഹരണത്തിലായിരുന്ന സി.പി.എം ഘടകകക്ഷികളെ ചേർത്ത് പുതിയ സമരം പ്രഖ്യാപിച്ച് കളംവിട്ടതും തിരിച്ചടിയായി. സമര സമിതി ഇടത് വിരുദ്ധ സമീപനം സ്വീകരിച്ചെന്ന ആക്ഷേപം ഉയർത്തിയായിരുന്നു പിൻവാങ്ങൽ. പൊലീസ് ലാത്തിവീശലോടെ നിരാഹാര സമരം അവസാനിപ്പിച്ച് മടങ്ങിയ യൂത്ത് കോൺഗ്രസുകാരെയും കാണാനില്ല. ഫലത്തിൽ മൂന്നുമുന്നണിയും കൈവിട്ടതോടെ ദേശീയപാതക്ക് പടിഞ്ഞാറ് താമസിക്കുന്നവരാണ് പ്രതിസന്ധിയിലായത്. കായംകുളം താലൂക്ക് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതുപോലെയാണ് മുന്നണികൾ ഉയരപ്പാത വിഷയത്തിലും തനിനിറം കാട്ടിയതെന്നാണ് വിമർശനം. ഇരുമുന്നണികളും താലൂക്ക് വാഗ്ദാനം നൽകി ജയിക്കുകയും നിയമസഭയിലടക്കം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് ശേഷം പലയിടത്തും താലൂക്ക് നൽകിയെങ്കിലും കായംകുളത്തിന് മാത്രം പരിഗണന ഉണ്ടായില്ല. ഇതേ അവസ്ഥയാണ് ഉയരപ്പാതക്കും സംഭവിച്ചത്. മറ്റുള്ളിടത്തെല്ലാം വാരിക്കോരി നൽകിയപ്പോൾ ഇവിടെ മാത്രം അവഗണനയുണ്ടായെന്നാണ് ആക്ഷേപം.
സേവനങ്ങൾ നിലക്കുമോയെന്ന് ആശങ്ക
നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ളവർ അടിയന്തര ചികിത്സ ആശ്യങ്ങൾക്കായി സമീപിക്കുന്ന താലൂക്ക് ആശുപത്രിയിലേക്കുള്ള പ്രവേശനം ഇല്ലാതാകുന്നതിന്റെ ദുരന്തസാധ്യത അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം. മത്സ്യബന്ധനത്തിനിടെ അപകടത്തിൽപെടുന്നവരെ കായംകുളം ഹാർബറിൽനിന്നും വേഗം എത്തിക്കാൻ കഴിയുന്നത് താലൂക്ക് ആശുപത്രിയിലേക്കാണ്. കൂടാതെ പടിഞ്ഞാറൻ മേഖലയിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് കുതിച്ചെത്തേണ്ട അഗ്നിരക്ഷാ വാഹനങ്ങളുടെ വഴി സൗകര്യവും ഇല്ലാതാകുകയാണ്. ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി സ്ഥാപനങ്ങളും ദേശീയപാതയുടെ കിഴക്കേ കരയിലാണുള്ളത്. സ്വകാര്യ ആശുപത്രികൾ, പരിശോധന ലാബുകൾ, സ്കൂളുകൾ, കോളജുകൾ, മാർക്കറ്റ്, ബാങ്കുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, കോടതികൾ, പൊലീസ് സ്റ്റേഷൻ, നഗരസഭ, സിവിൽ സ്റ്റേഷൻ, പെട്രോൾ പമ്പുകൾ, പോസ്റ്റ് ഓഫിസുകൾ, നിരവധി സർക്കാർ ഓഫിസുകൾ, ആരാധനാലയങ്ങൾ, കച്ചവടസ്ഥാപനങ്ങൾ, സ്വകാര്യ സംരംഭങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള ജനങ്ങളുടെ വരവും പ്രയാസത്തിലാകും. ഇത് വ്യാപാര മേഖലയിലും കടുത്ത പ്രതിസന്ധിയുണ്ടാക്കും. ഇതടക്കമുള്ള മനുഷ്യാവകാശ പ്രശ്നങ്ങളിൽ എങ്ങനെ പരിഹാരം കാണുമെന്ന ചോദ്യവും ഉയരുകയാണ്.
അട്ടിമറിക്ക് പിന്നിൽ ആരെന്ന് വ്യക്തമാക്കണം -സമരസമിതി
തൂണുകളിലെ ഉയരപ്പാത സ്ഥാപിക്കുന്നതിനെതിരെ ഗൂഢസംഘം പ്രവർത്തിക്കുന്നതായ വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് സമര സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയമായ താൽപര്യങ്ങളാണ് വികസനത്തിന് തടസ്സം നിൽക്കുന്നത്. ഉയരപ്പാതക്ക് ഉറപ്പ് നൽകിയവർ പിന്മാറുന്നത് സംശയങ്ങൾക്കിടയാക്കും.
കായംകുളത്ത് ഒഴികെ മറ്റ് സ്ഥലങ്ങളിൽ വേണ്ടത് ചെയ്യാമെന്ന ദേശീയപാത അധികൃതരുടെ വിശദീകരണത്തിലും ദുരൂഹതയുണ്ട്. പാത നിർമാണത്തിന്റെ മറവിലുള്ള നിയമലംഘനം ഹൈകോടതിയിൽ നൽകിയ ഹരജിയിൽ സമര സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശീയപാതക്ക് കിഴക്കു വശം കൂടി മാത്രമായുള്ള ഇരുവശത്തേക്കുമുള്ള സര്വിസ് റോഡ് നിയവിരുദ്ധമാണെന്നും 60 മീറ്ററില് കുറഞ്ഞ നീളമുള്ള പാലങ്ങള്ക്ക് ഇരുവശവും സർവിസ് റോഡ് നിര്ബന്ധമാണെന്ന ഐ.ആര്.സി ചട്ടവും പാലിക്കാനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത അധികൃതർക്കുണ്ട്. നാടിന്റെ പാരിസ്ഥിതി ഘടനക്ക് അനുസരിച്ചുള്ള വികസനമാണ് ആവശ്യം. ഇതിന് തടസ്സം നിൽക്കുന്നത് ആരെണന്ന് വ്യക്തമാക്കാനുള്ള ബാധ്യത മൂന്ന് മുന്നണികൾക്കുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ അബ്ദുൽ ഹമീദ് ആയിരത്ത്, കൺവീനർ ദിനേശ് ചന്ദന, പി. ഹരിഹരൻ, അജീർ യൂനുസ്, അനസ് ഇല്ലിക്കുളം, നിഹാസ് അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.
കോളജ് ജങ്ഷൻ ഇല്ലാതാകും
നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളെയും തീരഗ്രാമങ്ങളെയും നഗരവുമായി ബന്ധിപ്പിക്കുന്ന പ്രവേശന കവാടമായ കോളജ് ജങ്ഷൻ ദേശീയപാത നിർമാണത്തോടെ ഇല്ലാതാകും. പടിഞ്ഞാറൻ പ്രദേശത്തുള്ള ജനങ്ങൾ കോളജ് ജങ്ഷൻ വഴിയാണ് നഗരത്തിലേക്ക് പ്രവേശിച്ചിരുന്നത്. പാത വരുന്നതോടെ കാർത്തികപ്പള്ളി-കായംകുളം റോഡിലൂടെയുള്ള ബസ് സർവിസുകൾ നിലക്കുന്നതിനൊപ്പം തീരഗ്രാമങ്ങളിലേക്കുള്ള ചരക്ക് ഗതാഗതത്തെയും പ്രതിസന്ധിയിലാക്കും. ബദൽ മാർഗങ്ങളിലൂടെയുള്ള ചരക്ക് ഗതാഗതം വിലക്കയറ്റത്തിന് കാരണമാകും. ഇവിടെ വലിയ അടിപ്പാത സ്ഥാപിച്ചാൽ യാത്രാ പ്രതിസന്ധിയെങ്കിലും ഒഴിവാക്കാനാകുമായിരുന്നു.
എന്നാൽ, നിലവിലെ രൂപരേഖയിൽ അടിപ്പാത ഉൾപ്പെട്ടിരുന്നില്ല. തൂണുകളിലെ ഉയരപ്പാതക്കായി സമരം ശക്തമായതോടെയാണ് ഇത് നിർദേശത്തിൽ ഇടംപടിക്കുന്നത്. കായലിന് കുറുകെ കൊച്ചീടെജെട്ടി പാലം വന്നതോടെയാണ് 30 കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചിരുന്നവരുടെ ദൂരം 10 കിലോമീറ്ററായി കുറയുന്നത്. ആറാട്ടുപുഴക്ക് ഒപ്പം തൃക്കുന്നപ്പുഴ ഗ്രാമക്കാർക്കും ഇത് സൗകര്യമായി. ഇവരെ കൂടാതെ കായലിന് കിഴക്കേ കരയിലുള്ള മുതുകുളം, ചിങ്ങോലി, കണ്ടല്ലൂർ, പത്തിയൂർ പഞ്ചായത്തുകളിലെയും നഗരത്തിലെ 15ഓളം വാർഡുകളിലെയും ജനങ്ങൾക്ക് കിഴക്കൻ മേഖലയിലേക്ക് കടക്കാനുള്ള ദേശീയപാതയിലെ പ്രധാന കവാടമാണ് കോളജ് ജങ്ഷൻ.
പ്രതിഷേധം ശക്തമായതോടെ കോളജ് ജങ്ഷനിൽ ഏഴ് മീറ്റർ വീതിയും നാല് മീറ്റർ ഉയരവുമുള്ള ചെറിയ അടിപ്പാതക്കാണ് നിർദേശം വന്നത്. ഇപ്പോൾ 15 മീറ്റർ വീതിയും 4.5 മീറ്റർ ഉയരവുമുള്ള അടിപ്പാത സ്ഥാപിക്കാമെന്നാണ് വാഗ്ദാനം. എന്നാൽ, 22 മീറ്റർ വീതിയും 5.5 മീറ്റർ ഉയരവുമുള്ള വലിയ അടിപ്പാത വന്നാൽ മാത്രമേ ഗതാഗത വിഷയത്തിൽ പരിഹാരമാകുവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
നിർമാണം നഗരത്തെ പടിഞ്ഞാറും കിഴക്കുമായി വേർതിരിക്കും
ജനസാന്ദ്രതയേറിയ കായലോര നഗരത്തിന്റെ ഭൂമിശാസ്ത്ര ഘടന പരിഗണിക്കാതെയുള്ള ദേശീയപാത നിർമാണം സൃഷ്ടിക്കുന്ന ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നതും ആശങ്കയിൽ. കൊറ്റുകുളങ്ങര മുതൽ ചിറക്കടവം വരെ ഏഴ് മുതൽ ഒമ്പത് മീറ്റർ വരെ ഉയരത്തിൽ കോട്ട കെട്ടി തിരിക്കുന്നതോടെ നഗരം പടിഞ്ഞാറും കിഴക്കുമായി രണ്ടായി വിഭജിക്കപ്പെടും. ജലനിർഗമന മാർഗങ്ങൾ പൂർണമായും അടയുന്നതാണ് പ്രധാന പ്രശ്നം. കൂടാതെ തീരഗ്രാമങ്ങളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യവും തടയപ്പെടും. ഇത്രയും ദൂരത്തിനിടയിൽ ദേശീയപാത മറികടക്കാൻ കെ.എസ്.ആർ.ടി.സിക്ക് സമീപം ഒരു അടിപ്പാത മാത്രമാണുള്ളത്. കോളജ് ജങ്ഷനിലേത് ചർച്ചയിലും.
സർവിസ് റോഡുകളുടെ കാര്യത്തിലും അവ്യക്തത നിലനിൽക്കുകയാണ്. പടിഞ്ഞാറൻ മേഖല നേരിടുന്ന വെള്ളക്കെട്ടിന് പരിഹാരം നിർദേശിക്കുന്നതുമില്ല. നിലവിൽ ചെറിയ മഴക്കാലത്തുപോലും ജനങ്ങൾ ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്. പാത നിർമാണത്തിനായി കലുങ്കുകൾ മൂടിയത് മഴക്കാലത്ത് രൂക്ഷമായ പ്രതിസന്ധിക്കാണ് കാരണമായത്. പാതയോരത്തെ മിക്ക വീടുകളിലും വെള്ളം കയറിയിരുന്നു. പാത പൂർത്തിയാകുന്നതോടെ പ്രതിസന്ധി ഇരട്ടിക്കുമെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.