കായംകുളത്ത് ഉപയോഗിക്കാത്ത ഇന്ധനം റോഡ്മാർഗം ഗുജറാത്തിലേക്ക്
text_fieldsഹരിപ്പാട്: പ്രവർത്തനം അവസാനിപ്പിച്ച കായംകുളം താപനിലയത്തിൽ അവശേഷിക്കുന്ന ഇന്ധനം (നാഫ്ത) ഗുജറാത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനം. 225 മെട്രിക് ടൺ നാഫ്തയാണ് നിലയത്തിലുള്ളത്. റോഡ്മാർഗം ടാങ്കർ ലോറികളിൽ ഇന്ധനം കൊണ്ടുപോകുന്നതിന് അനുമതി തേടിയിരിക്കുകയാണ് അധികൃതർ. മിക്കവാറും ഈ മാസം അവസാനത്തോടെ കായംകുളത്തുനിന്ന് ടാങ്കറുകൾ പുറപ്പെടും. ഏഴു വർഷത്തിലധികമായി അടച്ചിട്ട നിലയത്തിൽ വർഷങ്ങളായി സംഭരിച്ച നാഫ്ത എൻ.ടി.പി.സി.ക്ക് വലിയ ബാധ്യതയായിരുന്നു.
സംഭരണികളുടെ സുരക്ഷയും രാസപ്രക്രിയയിലൂടെയുണ്ടാകുന്ന നഷ്ടവും ചേർന്ന് ഓരോ വർഷവും കോടികളാണ് കോർപറേഷന് ബാധ്യതയുണ്ടായത്. ഇതേതുടർന്ന് ഇന്ധനം ഉപയോഗിച്ചുതീർക്കാൻ എൻ.ടി.പി.സിയും കെ.എസ്.ഇ.ബി.യും തമ്മിൽ ധാരണയുണ്ടാക്കി. അന്ന് യൂനിറ്റിന് 7.50 രൂപ ചെലവുണ്ടായിട്ടും 3.50 രൂപ നിരക്കിലാണ് കെ.എസ്.ഇ.ബി.ക്കു വൈദ്യുതി നൽകിയത്. ഇന്ധനം ഉപയോഗിച്ചു തീർക്കാൻ വലിയതോതിൽ വൈദ്യുതി ഉൽപാദിപ്പിച്ചെങ്കിലും സംഭരണികളുടെ അടിത്തട്ടിൽനിന്ന് നാഫ്ത ഉപയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടായി. പദ്ധതി പ്രദേശത്തെയും ചേപ്പാട് റെയിൽവേ സ്റ്റേഷനു സമീപത്തെ ബി.പി.സി.എൽ യാർഡിലെയും സംഭരണികളിലായാണ് നാഫ്ത അവശേഷിക്കുന്നത്.
നേരേത്ത 17,000 മെട്രിക് ടൺ നാഫ്ത സ്റ്റോക്കുണ്ടായിരുന്നു. ഇതിൽ 16,775 മെട്രിക് ടൺ കഴിഞ്ഞ മാർച്ചിൽ ഒരുമാസത്തോളം നിലയം പ്രവർത്തിപ്പിച്ചതിലൂടെ ഉപയോഗിച്ചുതീർത്തിരുന്നു. ബാക്കിവന്ന ഇന്ധനമാണ് ഗുജറാത്തിലെ എൻ.ടി.പി.സി നിലയങ്ങളിലേക്ക് കൊണ്ടുപോകുന്നത്. കൽക്കരി ക്ഷാമത്തെ തുടർന്നു രാജ്യം കടുത്ത വൈദ്യുതിപ്രതിസന്ധി നേരിടുകയാണെങ്കിലും നാഫ്ത ഇന്ധനമായ കായംകുളം നിലയത്തിലെ ഉൽപാദനച്ചെലവ് വളരെ കൂടുതലായതിനാൽ ഉൽപാദനം പുനരാരംഭിക്കുന്നതുപോലും അസാധ്യമായതോടെയാണ് നാഫ്ത ഗുജറാത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.
1998ൽ നിലയം പ്രവർത്തിച്ചുതുടങ്ങുമ്പോൾ നാഫ്ത വില ലിറ്ററിന് ആറുരൂപയിൽ താഴെയായിരുന്നു. ഇപ്പോഴിത് 60 രൂപയോളമാണ്. ദ്രവീകൃത പ്രകൃതിവാതകം ഇന്ധനമാക്കിയാൽ നാലു രൂപക്കടുത്ത വിലയിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമായിരുന്നു.
34 കോടി രൂപ ചെലവിൽ ഇതിനുള്ള സജ്ജീകരണങ്ങൾ എൻ.ടി.പി.സി ഒരുക്കിയതുമാണ്. എന്നാൽ, കൊച്ചിയിൽനിന്ന് കടലിലൂടെ പ്രകൃതിവാതകം എത്തിക്കുന്നതിന് തടസ്സം വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.