വാഹനങ്ങളും ജനാലകളും തകർത്തു; പത്തിയൂരിൽ വീടുകൾക്കു നേരെ ഗുണ്ട സംഘങ്ങളുടെ ആക്രമണം
text_fieldsകായംകുളം: പത്തിയൂരിൽ രണ്ട് വീടുകൾക്ക് നേരെ ക്വട്ടേഷൻ ഗുണ്ട സംഘങ്ങളുടെ ആക്രമണം. വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളും ജനാലകളും തകർത്തു. കോൺഗ്രസ് നേതാവ് മാടവന ഷാജിയുടെ സഹോദരി എരുവ പടിഞ്ഞാറ് കാട്ടിശ്ശേരിൽ ലൈല, കോൺഗ്രസ് ബൂത്ത് പ്രസിഡന്റും എസ്.എൻ.ഡി.പി യൂനിയൻ ശാഖ സെക്രട്ടറിയുമായ എരുവ പടിഞ്ഞാറ് കൊച്ചയ്യത്ത് ശിവകുമാർ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ശിവകുമാറിന്റെ ഭാര്യ മഞ്ജുഷ മഹിള കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയാണ്.
ശനിയാഴ്ച പുലർച്ചയായിരുന്നു സംഭവം. രണ്ട് സംഭവത്തിന്റെ പിന്നിലും ഒരേ ക്വട്ടേഷൻ സംഘങ്ങളാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു വീടുകളിലെയും കാറുകളും ബൈക്കും ഗൃഹോപകരണങ്ങളും അടിച്ചു തകർത്തു. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ സംഘം ഭീതി പരത്തി. അരമണിക്കൂർ വിത്യാസത്തിലാണ് രണ്ടിടത്തും ആക്രമണം അരങ്ങേറിയത്.
വീടുകൾക്ക് മുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികൾ ഉപയോഗിച്ചാണ് കാറുകൾ തകർത്തത്. ശിവകുമാറിന്റെ വീട്ടിലെ രണ്ട് കാറും മൂന്ന് ബൈക്കും ലൈലയുടെ വീട്ടിലെ കാർ, രണ്ട് സ്കൂട്ടർ, ഒരു ബൈക്ക് എന്നിവയാണ് തകർത്തത്. രണ്ട് വീടുകളിലെയും ജനാലകൾ പൂർണമായും അടിച്ചുതകർത്തു. കതക്, ജനാല എന്നിവ വടി വാൾ ഉപയോഗിച്ച് വെട്ടിയിട്ടുമുണ്ട്. അക്രമികളുടെ ശരീരം മുറിഞ്ഞ് ഒഴുകിയ രക്തവും പലയിടത്തായി കിടപ്പുണ്ട്.
വസ്തു തർക്കമാണ് ശിവകുമാറിന്റെ വീടിന് നേരെയുള്ള ആക്രമണത്തിന് കാരണമത്രേ. അയൽവാസിയായ മനീഷാണ് മുഖ്യസൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിൽ മയക്കുമരുന്ന് കടത്ത് കേസിൽ അകപ്പെട്ട് തിഹാർ ജയിലിൽ കഴിഞ്ഞിട്ടുള്ളയാളാണ് ഇയാൾ. ഇവിടെയും നിരവധി കേസ് ഇയാൾക്ക് എതിരെ നിലവിലുണ്ട്. രണ്ട് മാസം മുമ്പ് കരീലക്കുളങ്ങരയിൽ ശിവകുമാറിന്റെ സഹോദരന്റെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നിലും ഇതേ സംഘമായിരുന്നുവെന്ന് പറയുന്നു.
ലൈലയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് ചിലർക്കുള്ള ശത്രുതയാണ് ഇവരുടെ വീടിന് നേരെയുള്ള ആക്രമണത്തിന്റെ കാരണമത്രേ. ലക്ഷങ്ങളുടെ നാശനഷ്ടമാണ് രണ്ടു വീടുകളിലുമായി സംഭവിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മനീഷിന്റെ ബന്ധുക്കളായ ഹുസൈൻ, സഫീർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ, ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീജിത് പത്തിയൂർ എന്നിവർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പ്രതിഷേധ സമ്മേളനവും പ്രകടനവും നടത്തുമെന്ന് ടി. സൈനുലാബ്ദീൻ അറിയിച്ചു. കോൺഗ്രസ് നേതാക്കളായ ശിവകുമാറിന്റെ വീട്ടിലും മാടവന ഷാജിയുടെ സഹോദരിയുടെ വീട്ടിലും ക്വട്ടേഷൻ സംഘം നടത്തിയ ആക്രമണത്തിൽ കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. ഇ. സമീർ, എൻ. രവി, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എ.എം. കബീർ എന്നിവർ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.