വില്ലേജ് ഓഫിസുകളെ ജനപ്രിയ കേന്ദ്രങ്ങളാക്കും -മന്ത്രി കെ. രാജൻ
text_fieldsകായംകുളം: വില്ലേജ് ഓഫിസുകളെ ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന തരത്തിൽ ജനപ്രിയ കേന്ദ്രങ്ങളാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. പത്തിയൂരിലെ സ്മാർട്ട് വില്ലേജ് ഓഫിസിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി വില്ലേജ് ഓഫിസുകളുടെ ഘടന ഉടച്ചുവാർക്കും. കെട്ടിടങ്ങൾ സ്മാർട്ട് ആക്കുന്നതിനൊപ്പം പ്രവർത്തനങ്ങളും സ്മാർട്ടാകാണമെന്നതാണ് സർക്കാർ കാഴ്ചപ്പാട്.
സേവനങ്ങൾ പൂർണമായും ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലാകണം. റവന്യൂ വകുപ്പിൻെറ ഏഴോളം സേവനങ്ങൾ ഡിജിറ്റലാക്കി കഴിഞ്ഞു. എല്ലാ സേവനങ്ങളും വിരൽത്തുമ്പിലാക്കുകയെന്ന ശ്രമകരമായ പരിശ്രമത്തിലാണ്. കെട്ടിക്കിടക്കുന്ന ഫയലുകളിൽ വേഗത്തിൽ നടപടി സ്വീകരിക്കും.
എല്ലാ ഓഫിസുകളിലും കെട്ടിക്കിടക്കുന്ന ഫയലുകൾ രേഖപ്പെടുത്താൻ കേന്ദ്രീകൃത സമ്പൂർണ ഡിജിറ്റൽ സംവിധാനം 2022ഓടെ നടപ്പാക്കും. ഭൂപരിഷ്കരണ നിയമങ്ങളിൽനിന്നും ചട്ടങ്ങളിൽനിന്നും അധികമായി ഭൂമിയുള്ളവരിൽനിന്ന് തിരിച്ച് പിടിച്ചാണെങ്കിലും ഭൂരഹിതരായ മനുഷ്യർക്ക് നൽകുന്ന തരത്തിൽ ഇടപെടലുണ്ടാകും.
സർക്കാർ നൂറുദിനം പിന്നിടുന്നതിന് മുമ്പ് തന്നെ 13,530 പട്ടയങ്ങൾ വിതരണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു.
അഡ്വ. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, കായംകുളം നഗരസഭാധ്യക്ഷ പി. ശശികല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അംബുജാക്ഷി ടീച്ചർ, കലക്ടർ എ. അലക്സാണ്ടർ, എ.ഡി.എം ജെ. മോബി, പഞ്ചായത്ത് പ്രസിഡൻറ് എൽ. ഉഷ, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മണി വിശ്വനാഥ്, പഞ്ചായത്ത് അംഗം ശ്രീലേഖ അനിൽകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.