എം.എസ്.എം കോളജ് വിദ്യാർഥികളുടെ അക്രമം; മിണ്ടാട്ടമില്ലാതെ അധികൃതർ
text_fieldsകായംകുളം: ഒരുപകൽ മുഴുവൻ കോളജ് കാമ്പസിൽ നടന്ന അഴിഞ്ഞാട്ടത്തിൽ മൗനം പാലിച്ച് അധികൃതർ. നിരോധനം ലംഘിച്ച് വിദ്യാർഥികൾ നടത്തിയ ആക്രമണത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല.
ക്രിസ്മസ് ആഘോഷത്തിന് എത്തിയ വിദ്യാർഥികളുടെ ആക്രമണത്തിൽ എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പരിപാടി ഒഴിവാക്കണമെന്ന പൊലീസ് നിർദേശം കോളജ് അധികൃതർ പാലിച്ചതോടെയാണ് കലാലയം ഒരുകൂട്ടം വിദ്യാർഥികൾ അടിച്ചുതകർത്തത്.
വിദ്യാർഥികളുടെ പരാക്രമത്തിൽ എട്ട് മണിക്കൂറോളമാണ് അധ്യാപകരും ജീവനക്കാരും ബന്ദിയാക്കപ്പെട്ടത്. സി.സി ടി.വി കാമറകളും വാതിലുകളും ജനലുകളും അടിച്ചുതകർക്കുേമ്പാൾ പൊലീസ് കാഴ്ചക്കാരായി. കൊലപാതക പശ്ചാത്തലത്തിൽ ജില്ലയിലെ നിരോധനാജ്ഞ കണക്കിലെടുത്ത് പരിപാടി ഒഴിവാക്കാൻ നിർദേശിച്ച പൊലീസ്, നിയമം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയത് വ്യാപക വിമർശനത്തിന് കാരണമായിട്ടുണ്ട്.
അതേസമയം, ലഹരിയുടെ ഉന്മാദത്തിലാണ് ആക്രമണമെന്നാണ് വിലയിരുത്തൽ. മാരക മയക്കുമരുന്ന് ഉപയോഗിച്ചവരാണ് ആക്രമണം അഴിച്ചുവിട്ടതെന്നാണ് സംശയിക്കുന്നത്. നഗരത്തിലും പരിസരത്തുമുള്ള കാമ്പസുകളുടെ പരിസരങ്ങൾ കഞ്ചാവ് ലോബിയുടെ പിടിയിലാണെന്ന പരാതി നേരത്തേ മുതൽ ശക്തമാണ്.
കോളജ് കൂടാതെ സമീപ വിദ്യാലയങ്ങളും ഇവരുടെ കച്ചവട കേന്ദ്രങ്ങളാണ്. നഗരത്തിെൻറ പടിഞ്ഞാറ് കായലോരം കഞ്ചാവ് വിൽപനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും താവളമായി മാറിയിട്ടുണ്ട്. രക്ഷാകർത്താക്കളും അധ്യാപകസമൂഹവും കൂടുതൽ ജാഗ്രത പാലിച്ചാൽ മാത്രമെ കഞ്ചാവ് ലോബിയെ നിയന്ത്രിക്കാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.