കായംകുളത്തെ മാലിന്യപ്രശ്നം; മനുഷ്യാവകാശ കമീഷൻ ഇടപെട്ടു
text_fieldsകായംകുളം: നഗരത്തിലെ മാലിന്യം തള്ളൽ സാമൂഹിക പ്രശ്നമായി ഉയർന്നതോടെ വിഷയത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു. മലിനീകരണ നിയന്ത്രണ ബോർഡിനോട് ആവശ്യമായ നടപടി സ്വീകരിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
ശാസ്ത്രീയ മാലിന്യ നിർമാർജന പദ്ധതികളുടെ അഭാവമാണ് കായംകുളത്ത് മാലിന്യം തിങ്ങിനിറയാൻ കാരണം. പദ്ധതികൾ കടലാസിൽ മാത്രമായപ്പോൾ വീഴ്ചകൾ തുറന്ന് സമ്മതിച്ച് തലയൂരുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്. അറവുകേന്ദ്രങ്ങളിലടക്കം മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുകാരണം നഗരത്തിലെ കുടിവെള്ള സ്രോതസ്സുകളിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വൻതോതിൽ വർധിച്ചത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ടൗൺ യു.പി സ്കൂളിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് പരിസരത്തെ കിണറുകളിൽ നടത്തിയ പരിശോധനയിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അളവിൽ കൂടുതൽ കണ്ടെത്തിയിരുന്നു.കായലോരത്തെയും ഇടവഴി തോടുകളുടെയും ഓരത്തുള്ള വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള കക്കൂസ് മാലിന്യം ജലസ്രോതസ്സുകളിലേക്കാണ് ഒഴുക്കിവിടുന്നത്.
ഇത് പരിശോധിക്കുന്നതിലും തടയാൻ നടപടി സ്വീകരിക്കുന്നതിലും നഗരസഭ ആരോഗ്യവിഭാഗം ഗുരുതര വീഴ്ച വരുത്തുകയാണ്. നഗരമധ്യത്തിലൂടെ കടന്നുപോകുന്ന കരിപ്പുഴ തോടിനോട് ചേർന്ന അറവുശാലയിൽനിന്നുള്ള മാലിന്യവും ഇവിടേക്കാണ് ഒഴുക്കിവിടുന്നത്. മൃഗക്കൊഴുപ്പ് ഉരുക്കിയതിനുശേഷമുള്ള അവശിഷ്ടങ്ങളും തള്ളുന്നു.
കോഴി കച്ചവട കേന്ദ്രങ്ങളിൽനിന്നുള്ള മാലിന്യവും കായലിലും തോടുകളിലുമാണ് തള്ളുന്നത്. കരിപ്പുഴ തോടും മലയൻകനാലുമൊക്കെ രോഗവാഹിനിയായാണ് ഒഴുകുന്നത്. ഛർദിയും വയറിളക്ക രോഗവും വ്യാപകമാകുന്നതിന് ഇതാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു.
വിഷയത്തിൽ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യവിഭാഗം ഇൻഫർമേഷൻ ഓഫിസർ എന്നിവരെ എതൃകക്ഷികളാക്കി പീപിൾ പൊളിറ്റിക്കൽ ഫോറം സെക്രട്ടറി വിശ്വരൂപൻ മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിൽ അടിയന്തര ഇടപെടലിന് നിർദേശിച്ചിരിക്കുകയാണ്.
മലിനീകരണ നിയന്ത്രണ ബോർഡിെൻറ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന അറവുശാലയിൽ മാലിന്യനിർമാർജന സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ഇവർ കമീഷന് നൽകിയ പരാതിയിൽ പറയുന്നത്. മലിനജല സംസ്കരണത്തിനായി സ്ഥാപിച്ച എംഫ്ലുവെന്‍റ്ട്രീറ്റ്മെൻറ് പ്ലാന്‍റ് പരിശോധന സമയത്ത് പ്രവർത്തനരഹിതമായിരുന്നുവെന്നും സൂചിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.