കായംകുളത്ത് വാട്ടർ അതോറിറ്റി ഡിവിഷൻ ഓഫിസ്
text_fieldsകായംകുളം: കായംകുളം കേന്ദ്രമാക്കി വാട്ടർ അതോറിറ്റിയുടെ ഡിവിഷൻ ഓഫിസ് അനുവദിച്ച് ഉത്തരവായതായി അഡ്വ. യു. പ്രതിഭ എം.എൽ.എ അറിയിച്ചു. നാല് ലക്ഷത്തിൽപരം കുടിവെളള കണക്ഷനുകളുള്ള ആലപ്പുഴ വാട്ടർ അതോറിറ്റിയുടെ ഡിവിഷൻ ഓഫിസ് വിഭജിച്ച് തിരുവല്ല ഡിവിഷന്റെ കീഴിലുള്ള എടത്വ സബ് ഡിവിഷനും മാവേലിക്കര, കായംകുളം സബ്ബ് ഡിവിഷൻ ഓഫിസുകളും കൂട്ടിച്ചേർത്താണ് പുതിയ ഡിവിഷൻ രൂപവത്കരിച്ചത്.
കായംകുളത്ത് വാട്ടർ അതോറിറ്റിക്ക് ഇതിനായി മതിയായ സ്ഥല സൗകര്യങ്ങൾ ഉണ്ട്. ആലപ്പുഴ പി.എച്ച് ഡിവിഷന്റെ പരിധിയിൽ അഞ്ച് താലൂക്കുകളിലായി 57 ഗ്രാമ പഞ്ചായത്തുകളും ആറ് നഗരസഭകളുമാണുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ െഡപ്പോസിറ്റ് പ്രവൃത്തികളും ആലപ്പുഴ ഡിവിഷനിലാണ് ഇതുവരെ ചെയ്തിരുന്നത്. കുടിവെള്ള കണക്ഷനുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ജോലി ഭാരം ഏറെയായിരുന്നു. ഇത് റവന്യൂ സംബന്ധിച്ച പ്രവർത്തനങ്ങളെ സാരമായി ബാധിച്ച പശ്ചാത്തലത്തിൽ ഡിവിഷൻ വിഭജനം ഇതിന് പരിഹാരമാകും.
വിതരണ ശൃംഖലകളിൽ ഭൂരിഭാഗവും കാലപ്പഴക്കമുള്ള പൈപ്പുകളായതിനാൽ അറ്റകുറ്റപ്പണിയും വളരെ കൂടുതലാണ്. ഇത് ആലപ്പുഴ ഡിവിഷന്റെ ജോലിഭാരം കൂട്ടിയിരുന്നു. ഇത്രയും വിപുലമായ പ്രദേശത്ത് ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനും സമയബന്ധിതമായി പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിനും നിലവിൽ ഏറെ ബുദ്ധിമുട്ടുണ്ട്.
ഈ സാഹചര്യത്തിൽ കായംകുളം കേന്ദ്രമാക്കി പുതിയ ഡിവിഷൻ രൂപവത്കരിക്കണം എന്ന് കാട്ടി യു. പ്രതിഭ എം.എൽ.എ സർക്കാറിൽ നിരന്തരം സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് അനുമതി.
പുതിയ സംവിധാനത്തിൽ എക്സി എൻജിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ്, ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ, ജൂനിയർ സൂപ്രണ്ട്, ക്ലർക്ക് (നാല് ), ഡ്രാഫ്റ്റ്സ്മാൻ ഗേഡ് I (മൂന്ന് ), ടൈപ്പിസ്റ്റ്, ഓഫിസ് അറ്റന്റൻഡ് (രണ്ട്), ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ ജീവനക്കാരെയും അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.