പത്തിയൂരിൽ തൊഴിലുറപ്പ് റോഡ് പദ്ധതിയിൽ വ്യാപക ക്രമക്കേട്; തുക തിരിച്ചടക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്
text_fieldsകായംകുളം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പത്തിയൂർ പഞ്ചായത്തിൽ റോഡ് നിർമിച്ചതിൽ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. അധികമായി ചെലവഴിച്ച തുക തിരികെ പിടിക്കാനും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും ശിപാർശയുണ്ട്. ക്രമക്കേട് നടന്നതായി ലാബ് പരിശോധനയിൽ തെളിഞ്ഞതായി ജില്ല എൻജിനീയർ നൽകിയ റിപ്പോർട്ടും തുടർന്നുള്ള തെളിവെടുപ്പിനും ശേഷമാണ് ഓംബുഡ്സ്മാൻ ഉത്തരവ്. എസ്റ്റിമേറ്റ് പ്രകാരമുള്ള ഘടകങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും സാമഗ്രികൾ സ്റ്റോക്ക് ചെയ്യാതെ ക്രമവിരുദ്ധമായി പ്രവൃത്തി നടത്തിയെന്നും കാട്ടി പത്തിയൂർ വടക്കേ പുത്തൻതറയിൽ രാജമ്മ സുകുമാരൻ, കരീലക്കുളങ്ങര കരുവറ്റംകുഴി പുതിയവീട്ടിൽ വിനോദ്കുമാർ, കണ്ണമ്പള്ളിഭാഗം വടക്കേ തോപ്പിൽ ഗോപിനാഥൻ എന്നിവർ നൽകിയ പരാതിയിലാണ് തൊഴിലുറപ്പ് പദ്ധതി ജില്ല ഓംബുഡ്സ്മാൻ ഡോ. സജി മാത്യു തെളിവെടുപ്പ് നടത്തിയത്.
16ാം വാർഡിലെ കോട്ടൂർ-പഹാരി നടപ്പാത നിർമാണം, 18ാം വാർഡിലെ കെ.എം.എ കോളനി നടപ്പാത കോൺക്രീറ്റിങ്, കശുവണ്ടി ഫാക്ടറി നടപ്പാത നിർമാണം എന്നിവ സംബന്ധിച്ചായിരുന്നു പ്രധാന പരാതി. കോട്ടൂർ-പഹാരി നടപ്പാത നിർമാണത്തിന് 9.84 ലക്ഷമാണ് അടങ്കൽ തുക. ഇവിടെ റോഡിലേക്ക് ആവശ്യമായ സിമന്റിന്റെ 24 ശതമാനം മാത്രമാണ് ഉപയോഗിച്ചത്. ഇതിന്റെ രേഖകൾ ബ്ലോക്ക് പഞ്ചായത്തിലെ പ്രവൃത്തി ഫയലിൽ ഇല്ലാതിരുന്നത് ക്രമക്കേടിന് തെളിവായി. അക്രഡിറ്റഡ് എന്ജിനീയർ തയാറാക്കിയ ബില്ലിന്റെ അടിസ്ഥാനത്തിൽ തുക അനുവദിച്ചതിൽ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്.
കെ.എം.എ കോളനി നടപ്പാത കോൺക്രീറ്റിങ്, കശുവണ്ടി ഫാക്ടറി നടപ്പാത നിർമാണം എന്നിവക്ക് നിയമവിരുദ്ധമായാണ് തുക നൽകിയത്. എം ബുക്കിൽ കൃത്യമായി രേഖപ്പെടുത്തി ബില്ലുകൾ ഹാജരാക്കുന്നതിൽ അസി. എൻജിനീയറും ഓവർസിയറും ഗുരുതര വീഴ്ച വരുത്തി. സ്പിന്നിങ് മിൽ വശത്ത് കൂടിയുള്ള റോഡ് കാണാതെ 250 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയും ഉൾപ്പെടുത്തിയാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. എന്നാൽ, 1.3 മീറ്റർ വീതിയും 177 മീറ്റർ നീളവുമേ റോഡിനുണ്ടായിരുന്നുള്ളൂ. കൂടാതെ ഷാർപനിങ് ചാർജ് ഇനത്തിൽ ക്രമവിരുദ്ധമായി അമിത തുക നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കേണ്ട തുകയാണ് ഇങ്ങനെ ചെലവഴിച്ചത്. കോട്ടൂർ റോഡിന് വെണ്ടർക്ക് അധികമായി നൽകിയ 2,66,583 രൂപ ഒരുമാസത്തിനുള്ളിൽ ഉത്തരവാദികളായവരിൽനിന്ന് തിരികെ ഈടാക്കണം. വിഷയത്തിൽ എൻജിനീയർ, ഓവർസിയർ, അസി. സെക്രട്ടറി, സെക്രട്ടറി എന്നിവർ പരസ്പര വിരുദ്ധമായാണ് മൊഴി നൽകിയത്. ഇവർക്കെതിരെ വകുപ്പുതല നടപടിക്കും ശിപാർശയുണ്ട്. അഴിമതി വ്യക്തമായതിനാൽ എൽ.എസ്.ജി.ഡി വിജിലൻസിന് അന്വേഷണം കൈമാറണമെന്നും നിർദേശിച്ചു. റോഡ് നിർമാണത്തിലെ അഴിമതിയും ക്രമക്കേടുകളും പുറത്തായത് ഇടത് ഭരണത്തിലുള്ള ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്ക് തിരിച്ചടിയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.