പൊള്ളുന്ന വേനലിനെ വകഞ്ഞുമാറ്റിയ ആവേശവുമായി കെ.സി. വേണുഗോപാൽ
text_fieldsഅകവും പുറവും പൊള്ളുന്ന കൊടുംചൂടിലും വാടിത്തളരാതെയുള്ള ഓട്ടത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ. മഴക്കാറുകൾ മൂടിയ അന്തരീക്ഷം സ്വീകരണത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ശനിയാഴ്ച കായംകുളം നഗരത്തിലെ കരിമുട്ടം ക്ഷേത്ര ജങ്ഷനിൽനിന്ന് സ്വീകരണത്തിന് തുടക്കമായത്. മഴയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ റോഡ്ഷോയും കാരണം മാറ്റേണ്ടിവന്ന പരിപാടിയാണ് ശനിയാഴ്ച നടന്നത്. രാവിലെ ഒമ്പതിന് തന്നെ നാടൻപാട്ട് സംഘം സ്വീകരണ സ്ഥലം ഉഷാറാക്കിയിരുന്നു. നേതാക്കളും ഓരോരുത്തരായി എത്തിയെങ്കിലും പൈലറ്റ് പ്രസംഗത്തിന് ആരും മുതിർന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിപാടി വെള്ളിയാഴ്ച രാത്രി വൈകിയാണ് സമാപിച്ചത്.
സി.പി.എം-ബി.ജെ.പി ശക്തികേന്ദ്രമായ സീകരണ സ്ഥലത്തേക്ക് പ്രവർത്തകർ എത്തിയതോടെ നേതാക്കളുടെ മുഖവും തെളിഞ്ഞു. 11.20ഓടെ സ്ഥാനാർഥി സ്വീകരണ സ്ഥലത്തേക്ക് എത്തി. ഇതോടെ പ്രവർത്തകർ ആവേശത്തിലായി. ഈ സമയം സ്വീകരണ സ്ഥലത്ത് തിരുവാതിരക്കളിയുടെ ആരവവും മുഴങ്ങി. ഓരോരുത്തരായി വന്ന് ഹാരാർപ്പണ ചടങ്ങ് പൂർത്തീകരിച്ചു. കുറഞ്ഞ വാക്കുകളിൽ നന്ദി അറിയിച്ച് കാറിൽ എത്തിയ സ്ഥാനാർഥി തുറന്ന ജീപ്പിലേക്ക് മാറി.
ജനങ്ങളെ സ്ഥാനാർഥിയിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള അനൗൺസ്മെന്റുമായി പൈലറ്റ് വാഹനം കടന്നുപോയതോടെ വീടുകളിൽനിന്ന് ആളുകൾ റോഡുവക്കിലേക്ക് എത്തി. അഭിവാദ്യം ചെയ്തു പ്രത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയും അടുത്ത സ്വീകരണ കേന്ദ്രമായ പെരിങ്ങാല മുസ്ലിം പള്ളി ജങ്ഷനിലേക്ക്. ഇവിടെ നിന്ന് പര്യടനം നഗരപാതകളെ ഇളക്കി മറിച്ചുള്ള റോഡ്ഷോയാക്കി പ്രവർത്തകർ മാറ്റി.
മുട്ടേത്ത് ക്ഷേത്ര ജങ്ഷനിലും പുതിയിടം, കെ.എസ്.ആർ.ടി.സി വഴി പട്ടാണിപ്പറമ്പിലും തുടർന്ന് കെ.പി.എ.സി, കുന്നത്താലുംമൂട് വഴി മേനാത്തേരിയിലും സ്വീകരണം. ഇവിടെ നിന്നും സമാപന സ്വീകരണ കേന്ദ്രമായ ചേരാവള്ളി അർബൻ ആശുപത്രി ജങ്ഷനിൽ എത്തിയപ്പോൾ സൂര്യൻ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരിത ബാബുവായിരുന്നു സമാപന പോയന്റിലെ പൈലറ്റ് പ്രഭാഷക. രാഷ്ട്രീയവും വികസനവും നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തുനിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും പങ്കുവെച്ചുള്ള പ്രസംഗം.
‘രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന ബോധ്യത്തോടെ വേണം വോട്ട് രേഖപ്പെടുത്തേണ്ടത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സൃഷ്ടിക്കുന്ന ദുരിത സാഹചര്യം മറികടക്കേണ്ടതുണ്ട്. ജനങ്ങളുടെ പ്രയാസം പരിഹരിക്കുന്നതിൽ പങ്കാളിയായി മുന്നിലുണ്ടാകും. ഇനിയും ഇതേ സമീപനവുമായി ജീവനുള്ള കാലത്തോളം നിങ്ങളോടൊപ്പമുണ്ടാകുമെന്ന ഉറപ്പുമായാണ് സ്വീകരണങ്ങൾക്ക് കെ.സി. വേണുഗോപാൽ മറുപടി നൽകിയത്. ഈ സമയം 11 മണിക്ക് സ്വീകരണം നിശ്ചയിച്ച ആറാട്ടുപുഴ കിഴക്കേക്കരക്കാരുടെ പ്രയാസം നിറഞ്ഞ വിളികൾ ഫോണുകളിലേക്ക് ഇടതടവില്ലാതെ എത്തിക്കൊണ്ടിരിക്കുന്നു.
ഇതിനിടെ നഗരത്തിലെ നേതാക്കൾ ബാക്കിവെച്ച ചില സ്ഥലങ്ങളിലൂടെ റോഡ്ഷോ നടത്താനായി സമ്മർദവുമായി എത്തിയെങ്കിലും സമയക്കുറവ് ചൂണ്ടിക്കാട്ടി നിരസിച്ചു. മുഖംവാടിയവരോട് പിന്നീട് പരിഹാരം കാണാമെന്ന് വാഗ്ദാനവുമായി തിരക്കിട്ട് കാറിലേക്ക് കയറി അടുത്ത സ്വീകരണ സ്ഥലമായ ഹരിപ്പാട് മണ്ഡലത്തിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.