കള്ളിക്കാട്-കനകക്കുന്ന് പാലം ബജറ്റിൽ; പ്രതീക്ഷയുടെ ഓളമുയരുന്നു
text_fieldsആറാട്ടുപുഴ: ആറാട്ടുപുഴയുടെ ഇരുകരയെയും ബന്ധിപ്പിക്കുന്ന കള്ളിക്കാട് -കനകക്കുന്ന് പാലത്തിന് ബജറ്റിൽ 100 കോടി വകയിരുത്തിയതോടെ നാട്ടുകാരിൽ പ്രതീക്ഷയുടെ ഓളമുയർന്നു. കായലിന്റെ ഇരുകരയിലായി താമസിക്കുന്ന ആറാട്ടുപുഴ നിവാസികളുടെ ദീർഘകാലമായ ആവശ്യമാണിത്. ആവശ്യം നടപ്പാക്കാൻ പഞ്ചായത്ത് ഭരണാധികാരികളും രാഷ്ട്രീയപാർട്ടികളും കഴിഞ്ഞ കുറെ കാലമായി നിരന്തര പരിശ്രമത്തിലാണ്. ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തലയുടെ പൂർണ പിന്തുണയുണ്ട്.
പൊതുമരമാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അടുത്തിടെ സ്ഥലം സന്ദർശിച്ചു മടങ്ങി. അലൈൻമെന്റ്, എസ്റ്റിമേറ്റ് എന്നിവ സർക്കാറിലേക്ക് സമർപ്പിക്കേണ്ട പ്രാരംഭ നടപടി എന്ന നിലയിലായിരുന്നു സന്ദർശനം. കനകക്കുന്നിൽനിന്ന് അൽപം വടക്കുപടിഞ്ഞാറായാണ് കള്ളിക്കാട് ജെട്ടി. കനകക്കുന്നിൽനിന്ന് നേരെ പടിഞ്ഞാറേക്കരയിലേക്ക് പാലം നിർമിക്കാനാണ് ആലോചിക്കുന്നത്. അങ്ങനെ ആയാൽ ഇരുകരയും തമ്മിലെ ദൂരം 640മീറ്ററാകും. 100 കോടിയാണ് പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ്.
കായംകുളം കായലിന്റെ കിഴക്കും പടിഞ്ഞാറും കരകളിലായാണ് ആറാട്ടുപുഴ പഞ്ചായത്ത്. ആകെയുള്ള 18ൽ നാലുവാർഡ് കിഴക്കേ കരയാണുള്ളത്. പടിഞ്ഞാറേക്കരയിലെ കള്ളിക്കാട്ടും ആറാട്ടുപുഴയിലുമായാണ് പഞ്ചായത്തിലെ മിക്ക സർക്കാർ ഓഫിസുകളും പ്രവർത്തിക്കുന്നത്. കുടുംബാരോഗ്യകേന്ദ്രവും ആയുർവേദ ആശുപത്രിയും ഗ്രാമപഞ്ചായത്ത്-വില്ലേജ് ഓഫിസുകളും കൃഷിഭവനുമെല്ലാം ഇവിടെയാണ്. റോഡ്മാർഗം പടിഞ്ഞേറേക്കരയിൽ എത്തണമെങ്കിൽ പതിനാറ് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ട അവസ്ഥയാണ്. മുതുകുളത്തെ സ്കൂളുകളിൽ പടിഞ്ഞാറേക്കരയിലെ നിരവധി കുട്ടികളാണ് പഠിക്കുന്നത്.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്താനും കിലോമീറ്ററുകൾ സഞ്ചരിക്കണം.14.5 കി.മീറ്ററോളം നീളമുള്ള പഞ്ചായത്തിൽ നിലവിൽ സൂനാമിക്കുശേഷം തെക്ക് പെരുമ്പള്ളിയിൽ നിർമിച്ച പാലം മാത്രമാണുള്ളത്. ഇതല്ലാതെ മറുകര കടക്കണമെങ്കിൽ വടക്ക് തൃക്കുന്നപ്പുഴയെത്തണം. ഇതിന് മധ്യഭാഗത്തായി പാലം നിർമിക്കണമെന്ന് സ്വാതന്ത്ര്യലബ്ധിക്കാലം മുതലേ ആവശ്യപ്പെടുന്നതാണ്. വെട്ടത്തുകടവിൽ പാലം നിർമിക്കണമെന്നായിരുന്നു ആദ്യ ആവശ്യമുയർന്നത്.
ഇടതുമുന്നണിയുടെ നേതൃത്വത്തിലെ പുതിയ പഞ്ചായത്ത് ഭരണസമിതിയാണ് കനകക്കുന്നിൽ പാലം നിർമിക്കണമെന്ന ആവശ്യവുമായി വീണ്ടും സംസ്ഥാന സർക്കാറിനെ സമീപിച്ചത്. തുടർഭരണം കിട്ടിയാൽ പാലം നിർമിക്കാമെന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ഉറപ്പുനൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലെ സംഘം സർക്കാറിനെ സമീപിച്ചത്. അടുത്ത ബജറ്റിൽ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.
അടുത്തിടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വലിയഴീക്കൽ പാലം സന്ദർശിക്കാൻ ആറാട്ടുപുഴയിൽ എത്തിയപ്പോൾ പ്രമേയവും നിവേദനവും നൽകിയിരുന്നു.
കായംകുളത്തിന് 223 കോടിയുടെ പദ്ധതികൾ
കായംകുളം: മണ്ഡലത്തിൽ 223 കോടി രൂപയുടെ പ്രവൃത്തികൾ സംസ്ഥാന ബജറ്റിൽ ടോക്കൻ പ്രോവിഷനിൽ ഉൾപ്പെടുത്തിയതായി അഡ്വ. യു. പ്രതിഭ എം.എൽ.എ അറിയിച്ചു. കായംകുളം സബ്ട്രഷറിക്ക് പുതിയ കെട്ടിടം -അഞ്ചുകോടി, കായംകുളം പൊലീസ് സ്റ്റേഷൻ കെട്ടിടവും സ്റ്റാഫ് ക്വോർട്ടേഴ്സും -25 കോടി, ചെട്ടികുളങ്ങര പഞ്ചായത്തിൽ കൂനംകുളങ്ങര ചിറയിൽ ഇൻഡോർ സ്റ്റേഡിയം -രണ്ടുകോടി, തേവലപ്പുറം ഗവ. എൽ.പി.എസിന് പുതിയ കെട്ടിടം -രണ്ടുകോടി, കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് പുതിയ ബസ് ടെർമിനൽ, ഷോപ്പിങ് കോംപ്ലക്സ്, ഗാരേജ്, ചുറ്റുമതിൽ -80 കോടി, കനാലുകളുടെയും തോടുകളുടെയും ആഴം വർധിപ്പിച്ച് തീരസംരക്ഷണം -20 കോടി, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് തയ്യിൽ തെക്ക് ഗവ. എൽ.പി.എസിന് പുതിയ കെട്ടിടം, ചെട്ടികുളങ്ങര പഞ്ചായത്തിലെ ഗവ. യു.പി സ്കൂൾ ആഞ്ഞിലിപ്രക്ക് പുതിയ കെട്ടിടം, പത്തിയൂർ പഞ്ചായത്തിലെ ഗവ. ഹൈസ്കൂൾ രാമപുരം പുതിയ കെട്ടിടം, ദേവികുളങ്ങര പഞ്ചായത്തിലെ ജി.എസ്.ആർ.വി എൽ.പി.എസിന് പുതിയ കെട്ടിടം -രണ്ടുകോടി വീതം, കായംകുളം നഗരസഭ ഗവ. യു.പി.എസിന് പുതിയകെട്ടിടം -മൂന്നുകോടി, കായംകുളം നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി -30 കോടി, കൃഷ്ണപുരം പഞ്ചായത്തിൽ മനോ വികാസ് കേന്ദ്രത്തിന് കെട്ടിടവും ഹോസ്റ്റലും -രണ്ടുകോടി, പത്തിയൂർ പഞ്ചായത്തിൽ കുറവന്റെ കടവ് പാലം -എട്ടുകോടി, ദേവികുളങ്ങര ടി.എം.ചിറപാലം -15 കോടി, കണ്ടല്ലൂർ പഞ്ചായത്ത് കാരാവള്ളികുളം വാട്ടർ സ്റ്റേഡിയം -മൂന്നുകോടി, കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിന് സ്റ്റേഡിയം -അഞ്ചുകോടി, ജില്ല ഓട്ടിസം സെന്റർ കായംകുളം, കെട്ടിടവും അനുബന്ധ സൗകര്യങ്ങളും -രണ്ടുകോടി, പത്തിയൂര് പഞ്ചായത്ത് എച്ച്.എസ്.എസിന് പുതിയ കെട്ടിടം -മൂന്നുകോടി, കായംകുളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെയും നഗരസഭയെയും ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡുകള് -10 കോടി പദ്ധതികളാണ് ടോക്കൺ പ്രോവിഷനിൽ ഉൾപ്പെടുത്തിയത്. വിശദ എസ്റ്റിമേറ്റും പ്ലാനുകളും തയാറാക്കി അതത് വകുപ്പുകൾ വഴി ഭരണാനുമതി ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.
അരൂരിനെ തഴഞ്ഞു -കോൺഗ്രസ്
ഫണ്ട് നേടിയെടുക്കുന്നതിൽ എം.എൽ.എ പരാജയപ്പെട്ടെന്നും ബ്ലോക്ക് കമ്മിറ്റി
തുറവൂർ: രണ്ടാം പിണറായി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ അരൂരിനെ പൂർണമായി തഴഞ്ഞതായി കോൺഗ്രസ്. അരൂർ നിയോജക മണ്ഡലത്തിലെ ടൂറിസം പദ്ധതികൾക്കും മറ്റു വികസന പദ്ധതികൾക്കും പണം അനുവദിച്ചിട്ടില്ലെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ പറഞ്ഞു.
ഗ്രാമീണ റോഡുകൾ പുതുക്കി നിർമിക്കാനോ പുതിയ പാലങ്ങൾ പണിയാനോ പണം അനുവദിച്ചില്ല. തുറവൂർ താലൂക്ക് ആശുപത്രി വികസനത്തിനായി ഒന്നും വകകൊള്ളിച്ചിട്ടില്ല. തീരദേശമേഖലയിലെ ചാപ്പക്കടവ് പുലിമുട്ട് നിർമാണത്തിനും പള്ളിത്തോട് പൊഴിച്ചാൽ ശുചീകരണത്തിനും തഴുപ്പ് ടൂറിസം പദ്ധതിക്കും അരൂക്കുറ്റി ടൂറിസം പദ്ധതിക്കും അരൂർ നിയോജക മണ്ഡലം സർക്കുലർ ടൂറിസം പദ്ധതിക്കും പണം അനുവദിപ്പിക്കുമെന്ന് എം.എൽ.എ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല.
മാക്കേക്കടവ്- നേരേകടവ് പാലം പൂർത്തീകരിക്കാനുള്ള ഒരു പ്രഖ്യാപനവും ബജറ്റിലില്ല. വ്യവസായ മേഖലയായ അരൂരിന്റെ വികസനത്തിന് ഒരു നിർദേശവും ബജറ്റിൽ ഇല്ലെന്നും വികസന പദ്ധതികൾക്ക് പണം നേടിയെടുക്കുന്നതിൽ എം.എൽ.എ ദയനീയമായി പരാജയപ്പെട്ടെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
ബജറ്റ് നിരാശജനകം –പ്രവാസി കോൺഗ്രസ്
ആലപ്പുഴ: പ്രവാസികളെ പാടേ അവഗണിച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രവാസി കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ബജറ്റിൽ 3500 രൂപയായി വർധിപ്പിച്ച പ്രവാസി പെൻഷൻ ഇതുവരെ നൽകിയിട്ടില്ല. കോവിഡിൽ 15 ലക്ഷത്തിലധികം പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തി. ഇവർക്കുവേണ്ടി പ്രഖ്യാപനമില്ലാത്ത് നിരാശജനകമാണ്. സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സലിം പള്ളിവിള, അയൂബ് ഖാൻ, നജാദ് മുഹമ്മദ്, ട്രഷറർ സോമശേഖരൻ നായർ, സലാം സിത്താര, സിദ്ധാർഥൻ ആശാൻ, അഷ്റഫ് വടക്കേവിള, ലിസി എലിസബത്ത്, ശരത് ചന്ദ്രമോഹൻ, ജോസഫ് ജോൺ, ജലാൽ മൈനാഗപ്പള്ളി, മണികണ്ഠൻ പൂലന്തറ, ബദറുദ്ദീൻ ഗുരുവായൂർ, അനിൽ തോമസ്, എ.പി. ഷാഹുദ്ദീൻ, ശശി തടിയൂർ തുടങ്ങിയവർ സംസാരിച്ചു.
അംഗൻവാടി ജീവനക്കാരെ വഞ്ചിച്ചെന്ന് ഐ.എൻ.എ.ഇ.എഫ്
ആലപ്പുഴ: എൽ.ഡി.എഫ് സർക്കാർ അംഗൻവാടി ജീവനക്കാരെ വഞ്ചിച്ചെന്ന് ഇന്ത്യൻ നാഷനൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ ചമ്പക്കുളം പ്രോജക്ട് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 1000 രൂപയുടെ അലവൻസ് വർധന ഒരുവർഷം കഴിഞ്ഞിട്ടും നടപ്പാക്കിയില്ല. ഇത്തവണത്തെ ബജറ്റിൽ അംഗൻവാടി ജീവനക്കാർക്ക് ഒരുആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ല.
ജില്ല പ്രസിഡന്റ് സി.കെ. വിജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കമ്മിറ്റി ഭാരവാഹികൾ: മിനി മോൾ(പ്രസി), ബെറ്റി (വൈസ് പ്രസി), ജിഷ (ജന. സെക്ര), ധന്യകൃഷ്ണൻ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.