കേരളപ്പിറവി: ചരിത്രനിമിഷത്തിൽ ആലപ്പുഴ ജില്ലയിൽ നടന്നത് വൻ ഘോഷയാത്ര
text_fieldsആലപ്പുഴ: കടപ്പുറത്തുനിന്ന് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ അണിനിരന്ന വമ്പൻ ഘോഷയാത്രയോടെയാണ് 1956 നവംബർ ഒന്നിന് കേരളപ്പിറവിയെ ആലപ്പുഴ വരവേറ്റത്. വഴിനീളെ കതിനകൾ മുഴക്കിയായിരുന്നു ആഘോഷം. പള്ളികളിലും ക്ഷേത്രങ്ങളിലും കൂട്ടമണിനാദമുയർന്നു. എന്നാൽ, സമരങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിൽ 1957 ആഗസ്റ്റ് 17നാണ് ആലപ്പുഴ ജില്ലയുടെ പിറവി. അന്ന് നാട് സ്വാതന്ത്ര്യദിനം ആഘോഷിച്ച് രണ്ടുദിവസം കഴിഞ്ഞ് ആലപ്പുഴ ജില്ല പിറവിയുടെ ഓർമക്കായി അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് ജില്ല കോടതിവളപ്പിൽ തെങ്ങിൻതൈ നട്ടു. മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ ജില്ല രൂപവത്കരിച്ച ഉത്തരവിൽ ഒപ്പിട്ട് മൂന്നുമാസത്തോളം കഴിഞ്ഞായിരുന്നു ഔദ്യോഗികപ്രഖ്യാപനവും ആഘോഷവും.
കെ.പി. രാമചന്ദ്രൻ നായർ ചെയർമാനും എസ്. വീരയ്യ റെഡ്യാർ കൺവീനറും കെ. വേലപ്പൻപിള്ള ജോയന്റ് കൺവീനറുമായ ആലപ്പുഴ ജില്ല ഉദ്ധാരണസമിതിയാണ് ജില്ല രൂപവത്കരണത്തിനായി ശ്രമിച്ചത്.
ആദ്യ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ടി.വി. തോമസും കെ.ആർ. ഗൗരിയമ്മയും ഉൾപ്പെടെ രാഷ്ട്രീയനേതൃത്വം ഭരണതലത്തിൽ നടപടികൾ നീക്കി. സാഹിത്യകാരനായിരുന്ന എൻ.പി. ചെല്ലപ്പൻ നായരായിരുന്നു ജില്ല രൂപവത്കരണത്തിന്റെ സ്പെഷൽ ഓഫിസർ. അന്ന് കലക്ടറുടെ താൽക്കാലിക ഓഫിസ് പ്രവർത്തിച്ചത് വൈ.എം.സി.എക്ക് കിഴക്കുഭാഗത്തെ കെട്ടിടത്തിലാണ്.
കേരളപ്പിറവി ദിനത്തിൽ നടന്ന വൻ ഘോഷയാത്ര സമയത്ത് തേഡ് ഫോറത്തിൽ പഠിച്ചിരുന്ന കെ.ബി.ടി.എ ജില്ല പ്രസിഡന്റ് പി.ജെ. കുര്യൻ ആഘോഷത്തിനിടെയുണ്ടായ അപകടം ഓർത്തെടുത്തു. സുഹൃത്തും ലീയോതേർട്ടീന്ത് സ്കൂളിലെ വിദ്യാർഥിയുമായിരുന്ന യോഹന്നാനും പടക്കം പൊട്ടിക്കാൻ കൂടെക്കൂടിയിരുന്നു. ആഘോഷത്തിമിർപ്പിൽ ഓലപ്പടക്കം യോഹന്നാന്റെ കൈയിലിരുന്ന് പൊട്ടി ഒരു കൈപ്പത്തി അറ്റു.
തിരുവിതാംകൂർ രാജഭരണകാലത്ത് കന്യാകുമാരി മുതൽ കണ്ണൂർവരെയുള്ള സ്ഥലങ്ങളാണ് കേരളത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്നത്. അന്നത്തെ ആലപ്പുഴ നഗരസഭാധ്യക്ഷൻ ടി.വി. തോമസായിരുന്നു യാത്രയുടെ നായകസ്ഥാനത്ത്. രാവിലെ ആറിന് പ്രഭാതഭേരിയോടെയാണ് പരിപാടികൾ തുടങ്ങിയത്. റിക്രിയേഷൻ ഗ്രൗണ്ടിൽനിന്ന് പ്രധാന റോഡുകളിലൂടെ കിടങ്ങാംപറമ്പ് മൈതാനത്തേക്കായിരുന്നു യാത്ര. ടി.വി. തോമസ് ദേശീയപതാക ഉയർത്തി. ഒഴുകിയെത്തിയ ആളുകൾക്കൊപ്പം പട്ടണത്തിലെ സ്കൂൾ വിദ്യാർഥികൾ, അലങ്കരിച്ച മോട്ടോർ വാഹനങ്ങൾ, റിക്ഷകൾ, സൈക്കിളുകൾ എന്നിവയും കണ്ണികളായി. കാഴ്ചക്ക് മികവേകാൻ കലാപ്രകടനങ്ങളുമുണ്ടായിരുന്നു. നഗരസഭാധ്യക്ഷന്റെ അലങ്കരിച്ച കാർ ദേശീയപതാകയേന്തി മുന്നിൽ നീങ്ങി.
ടി.വി. തോമസിന്റെ അധ്യക്ഷതയിൽ സമ്മേളനം നടന്നു. എൻ. സ്വയംവരൻ നായർ, കെ.പി.എം. ഷരീഫ്, എസ്. വീരയ്യ റെഡ്യാർ, എൻ.എൻ. ഇളയത്, നഫീസത്ത് ബീവി, ജി. ചിദംബരയ്യർ തുടങ്ങിയവരായിരുന്നു പ്രഭാഷകർ. വെടിക്കെട്ടും കലാപരിപാടികളുമായിട്ടാണ് ആലപ്പുഴയുടെ ആ ഉത്സവം സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.