കേരള സർവകലാശാല കലോത്സവം; ‘ഏകത്വ’ കാതോർക്കാം, കലയിരമ്പം
text_fieldsആലപ്പുഴ: എട്ടുവർഷത്തെ ഇടവേളക്കുശേഷം കുഞ്ചന്റെ നാട്ടിലെത്തുന്ന ‘ഒരുമ’യുടെ കലാപൂരത്തിന് വെള്ളിയാഴ്ച തുടക്കം. കുഞ്ചൻനമ്പ്യാരുടെയും തകഴിയുടെയും കർമഭൂമിയിലേക്ക് എത്തുന്ന കേരള സർവകലാശാല കലോത്സവം ‘ഏകത്വ’യിലൂടെ ഇനിയുള്ള അഞ്ചുനാൾ കൗമാരകലയിൽ പ്രതിഭകൾ ആറാടും.
വിപ്ലവചരിത്രവും സംസ്കാരവും ഇഴചേർന്ന അമ്പലപ്പുഴയുടെ മണ്ണിലെ എട്ടുവേദിയിൽ കലയുടെ കേളികൊട്ട് ഉയരുമ്പോൾ രണ്ടെണ്ണം മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സിനിമതാരങ്ങളായ ഇന്നസെന്റിന്റെയും മാമുക്കോയയുടെയും പേരിലുള്ളതാണ്. വയലാർ രാമവർമ, കുമാരനാശാൻ, തകഴി ശിവശങ്കരപ്പിള്ള, കുഞ്ചൻനമ്പ്യാർ, നെടുമുടിവേണു, കാവാലം നാരായണപ്പണിക്കർ എന്നീ പേരുകളിലാണ് മറ്റ് വേദികൾ.
ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും ലിംഗത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും പേരിൽ വിവേചനങ്ങളും വേർതിരിവുകളും അക്രമവും നടക്കുന്ന കാലത്ത് നാമെല്ലാം മനുഷ്യരാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് മേള സംഘടിപ്പിക്കുന്നത്. അമ്പലപ്പുഴ ഗവ. കോളജാണ് പ്രധാനവേദി. ഒമ്പതിന് സമാപിക്കുന്ന കലോത്സവത്തിൽ 117 മത്സരയിനങ്ങളിൽ 250 കലാലയങ്ങളിൽനിന്ന് 5000ത്തിലധികം കലാപ്രതിഭകൾ മാറ്റുരക്കും. ഇക്കുറി ട്രാൻസ്ജെൻഡർ വിഭാഗത്തിലും മത്സരമുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കെ.കെ. കുഞ്ചുപിള്ള സ്കൂളിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പ്രധാനവേദിയായ അമ്പലപ്പുഴ ഗവ. കോളജിൽ സമാപിക്കും. വൈകീട്ട് 4.30ന് കലോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. വൈകീട്ട് ആറ് മുതൽ ആറ് വേദിയിലായി തിരുവാതിര, മോഹിനിയാട്ടം, ഹിന്ദുസ്ഥാനി ക്ലാസിക്കൽ വോക്കൽ, കഥകളി, ഗസൽ, ലളിതഗാനം മത്സരങ്ങൾ അരങ്ങേറും. ശനിയാഴ്ച മുതൽ എട്ടുവേദിയിലും മുഴുനീള മത്സരമുണ്ടാകും. മത്സരഫലങ്ങൾ തത്സമയം ഓൺലൈനായി ലഭിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
‘ഏകത്വ’ തീംസോങ് പുറത്തിറങ്ങി
ആലപ്പുഴ: വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ അമ്പലപ്പുഴയിൽ നടക്കുന്ന കേരള സർവകലാശാല കലോത്സവം-‘ഏകത്വ’യുടെ തീംസോങ് പുറത്തിറങ്ങി. എ.എം. ആരിഫ് എം.പി, കലക്ടർ ഹരിത വി. കുമാറിന് നൽകി പ്രകാശനം ചെയ്തു. എച്ച്. സലാം എം.എൽ.എ രചിച്ച് പിന്നണി ഗായകൻ കെ.എസ്. സുധീപ്കുമാർ പാടിയ തീംസോങ്ങിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ജോസി ആലപ്പുഴയാണ്. കലോത്സവം വെബ്സൈറ്റ് കലക്ടർ ഹരിത വി. കുമാർ പ്രകാശനം ചെയ്തു. അമ്പലപ്പുഴ ഗവ. കോളജിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ഗവ. കോളജാണ് കലോത്സവത്തിന്റെ പ്രധാനവേദി.
കലക്ടർ പാട്ടുപാടി; കലോത്സവ ഓർമകളിരമ്പി
ആലപ്പുഴ: കലോത്സവത്തിന്റെ ഓർമകൾ പങ്കിട്ട് കലക്ടർ ഹരിത വി. കുമാർ പാട്ടുപാടി. വേദിയിൽ ഹർഷാരവം. അമ്പലപ്പുഴയിൽ നടക്കുന്ന കലോത്സവത്തിന്റെ തീംസോങ്, വൈബ്സൈറ്റ് പ്രകാശനചടങ്ങിലായിരുന്നു പാട്ട്. ആലപ്പുഴയിൽ ചാർജെടുത്തശേഷം ആദ്യമായാണ് കലക്ടർ പൊതുവേദിയിൽ പാടുന്നത്. പുനരധിവാസം എന്ന ചിത്രത്തിലെ കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍...ഒരു കുരുന്നു കുനുചിറകുമായ് വരിക ശലഭമേ.....എന്നുതുടങ്ങുന്ന ഗാനമാണ് ആലപിച്ചത്. നേരത്തേ കേരള സർവകലാശാല കലോത്സവത്തിൽ പങ്കെടുത്തതിന്റെ ഓർമകളും അവർ പങ്കുവെച്ചു. തൃശൂർ ജില്ല കലക്ടറായിരിക്കെ പൊതുവേദിയിൽ ചലച്ചിത്ര ഗാനമാലപിച്ചത് വൈറലായിരുന്നു.
മത്സരങ്ങൾ ഇന്ന്
- വേദി ഒന്ന്: വയലാർ നഗർ -ഗവ. കോളജ് അമ്പലപ്പുഴ
- തിരുവാതിര -വൈകു. 6.00
- വേദി രണ്ട്: കുമാരനാശാന് നഗര്‍ -അമ്പലപ്പുഴ മോഡല്‍ ഗവ. എച്ച്.എസ്.എസ് സ്റ്റേജ്
- മോഹിനിയാട്ടം -6.00
- വേദി മൂന്ന്: തകഴി നഗര്‍ -അമ്പലപ്പുഴ മോഡല്‍ ഗവ.എച്ച്.എസ്.എസ് ഓഡിറ്റോറിയം
- ഹിന്ദുസ്ഥാനി ക്ലാസിക്കൽ വോക്കൽ (ആൺ) - 6.00
- ഹിന്ദുസ്ഥാനി ക്ലാസിക്കൽ വോക്കൽ (പെൺ)-8.00
- ഹിന്ദുസ്ഥാനി ക്ലാസിക്കൽ വോക്കൽ (ട്രാൻ.ജെ)-9.00
- വേദി നാല്: കുഞ്ചന്‍ നമ്പ്യാര്‍ നഗർ-പി.എന്‍. പണിക്കര്‍ മെമ്മോറിയല്‍ ഗവ.എല്‍.പി സ്കൂള്‍ ഓഡിറ്റോറിയം
- കഥകളി (ആൺ) -വൈകു. 6.00
- കഥകളി (പെൺ)-8.00
- കഥകളി (ട്രാൻ.ജെ)-9.00
- വേദി അഞ്ച്: നെടുമുടി വേണു നഗര്‍-പി.കെ മെമ്മോറിയല്‍ ലൈബ്രറി ഹാള്‍ അമ്പലപ്പുഴ
- ഗസൽ (ആൺ)-വൈകു. 6.00
- ഗസൽ (പെൺ)-8.00
- ഗസൽ (ട്രാൻ.ജെ)-9.00
- വേദി ആറ്: കാവാലം നാരായണപ്പണിക്കര്‍ നഗർ: സെമിനാര്‍ ഹാള്‍ ഗവ. കോളജ് അമ്പലപ്പുഴ
- ലളിതഗാനം (ആൺ) -വൈകു. 6.00
- ലളിതഗാനം (പെൺ) -8.00
- ലളിതഗാനം (ട്രാൻ.ജെ) -രാത്രി 9.00
ടിനിടോമും ആൻസൻ പോളും മുഖ്യാതിഥികൾ
ആലപ്പുഴ: കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സിനിമ താരങ്ങളായ ടിനിടോമും ആൻസൻ പോളും മുഖ്യാതിഥികൾ. വെള്ളിയാഴ്ച വൈകീട്ട് നാലിന് പ്രധാനവേദിയായ അമ്പലപ്പുഴ ഗവ. കോളജിൽ നടക്കുന്ന ചടങ്ങിൽ ഇരുവരും സംബന്ധിക്കും. മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടകൻ. കേരള സർവകലാശാല യൂനിയൻ ചെയർമാൻ എ. വിഷ്ണു അധ്യക്ഷത വഹിക്കും. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി പി. പ്രസാദ്, എ.എം. ആരിഫ് എം.പി, എച്ച്. സലാം എം.എൽ.എ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.