ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ; നടുക്കുന്ന ഓർമകളുമായി ഭരണിക്കാവ് ഗ്രാമം
text_fieldsകായംകുളം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം നാടാകെ ചർച്ച ചെയ്യുമ്പോൾ രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന സമാന സംഭവത്തിന്റെ നടുക്കുന്ന ഓർമകളുമായി ഭരണിക്കാവ് ഗ്രാമം. പള്ളിക്കൽകിഴക്ക് മരങ്ങാട്ട് പുത്തൻവീട്ടിൽ ബിന്ദുവിന്റെ മകൾ ജുബിനയെ പാലക്കാട് ട്രെയിനിൽനിന്ന് നാടകീയമായി തട്ടിക്കൊണ്ടുപോയ സംഭവമാണ് പ്രദേശവാസികളുടെ മനസ്സിൽ മായാതെ നിൽക്കുന്നത്. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പിതാവ് ജോബി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൂടി അറിവോടെയായിരുന്നു സംഭവമെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് സമൂഹത്തെ അഭിമുഖീകരിക്കാനാകാതെ ജോബി ജീവനൊടുക്കിയത്.
2002 ആഗസ്റ്റ് എട്ടിനായിരുന്നു നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയത്. ഡൽഹിയിൽനിന്നും കേരള എക്സ്പ്രസിൽ മൂന്നര വയസ്സുകാരി മകളെയും കൂട്ടി മാതാവ് ബിന്ദു വീട്ടിലേക്ക് വരികയായിരുന്നു. ഇവരെ യാത്രയാക്കാൻ ജോബിയും റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. കമ്പാർട്ട്മെന്റിലുണ്ടായിരുന്ന രണ്ട് മലയാളികളെയും പരിചയപ്പെടുത്തിയായിരുന്നു മടക്കം. ഇവരാണ് കുഞ്ഞുമായി കടന്നത്. ഇതൊന്നുമറിയാത്ത തരത്തിൽ ജോബി പിന്നീട് ഭരണിക്കാവിലെ വീട്ടിൽ എത്തി. രണ്ടുദിവസം ഇവിടെ നിന്ന ശേഷമാണ് പത്തനംതിട്ട മല്ലപ്പള്ളി പെരുമ്പട്ടിയിലെ സ്വന്തം വീട്ടിലേക്ക് പോയത്. ആ സമയം വരെ ഭർത്താവിനെക്കുറിച്ച് ഒരു സംശയവും ബിന്ദുവിനുണ്ടായിരുന്നില്ല. പിന്നീടാണ് കഥ മാറി മറിയുന്നത്. ഇവിടെ നിന്നും പോയ ശേഷം കുഞ്ഞിനെ അന്വേഷിക്കാതിരുന്നതോടെ സംശയം പിതാവിലേക്ക് നീണ്ടു. തുടർന്ന് ഇയാളെ കാണാതാവുകയും ചെയ്തതോടെ സംശയം ഇരട്ടിച്ചു. ഇതിനിടെ വിഷയത്തിൽ ജോബിയുടെ വീട്ടുകാർക്കുള്ള പങ്ക് സംബന്ധിച്ച് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. കുടുംബത്തിൽ നിന്നുതന്നെയാണ് വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടത്. ജോബിയുടെ മാതാവ് കുഞ്ഞമ്മ വർഗീസാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിലെ പ്രധാന കക്ഷിയെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് കുഞ്ഞിലേക്കുള്ള ദൂരം കുറഞ്ഞത്. മുടി മുറിച്ച് ആൺവേഷം കെട്ടിച്ച കുഞ്ഞിനെ രണ്ടാഴ്ചക്ക് ശേഷം വടക്കൻ കേരളത്തിൽ നിന്നാണ് കണ്ടെത്തിയത്. ഡൽഹിയിലെ ജോലിക്കാലത്ത് പരിചയത്തിലായ ജോബിയും ബിന്ദുവും അവിടെ വെച്ച് വിവാഹിതരാകുകയായിരുന്നു. ഇതിൽ കുഞ്ഞമ്മക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇതാണ് തട്ടികൊണ്ടുപോകൽ നാടകത്തിൽ കലാശിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. മകളെ തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന ജോബിക്ക് ഇതുകാരണം സ്വജീവൻ തന്നെയാണ് ബലി നൽകേണ്ടി വന്നത്. ഇതിന് ശേഷം ഭരണിക്കാവിൽ കുടുംബത്തോടൊപ്പമായിരുന്ന ബിന്ദുവും ജുബിനയും പിന്നീട് മാവേലിക്കര ഭാഗത്തേക്ക് താമസം മാറ്റി.
ഇപ്പോൾ 24 വയസ്സുള്ള ജുബിന നഴ്സിങ് പഠനം കഴിഞ്ഞ് ആതുരശുശ്രൂഷ മേഖലയിലേക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ്. അന്നത്തെ സംഭവങ്ങളൊന്നും ഇരുവരും ഇപ്പോൾ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വിവര സാങ്കേതിക സംവിധാനം ഇത്രയേറെ വികസിച്ചിട്ടില്ലാത്ത അക്കാലത്ത് കുഞ്ഞിനെ കണ്ടെത്താനായി സാഹസിക പ്രവർത്തനങ്ങളാണ് നടത്തേണ്ടി വന്നിരുന്നതെന്ന് വിഷയത്തിൽ ഇടപെട്ടിരുന്ന പൊതുപ്രവർത്തകൻ ഗോപൻ ഭരണിക്കാവ് ഓർക്കുന്നു. ‘മാധ്യമം’ അടക്കമുള്ള പ്രിന്റ് മീഡിയകൾ നൽകിയ പിന്തുണയാണ് ഏറെ സഹായകമായത്. അന്ന് പ്രചാരണം നൽകാൻ ദൃശ്യ-നവ മാധ്യമങ്ങൾ കാര്യമായി ഉണ്ടായിരുന്നില്ല. സി.സി.ടി.വിയും ഇല്ലായിരുന്നു. എന്നിട്ടും പൊലീസിന്റെ അന്വേഷണ മികവാണ് വളരെ വേഗം കുട്ടിയിലേക്ക് എത്താൻ സഹായിച്ചത്. തഴവാമുക്കിൽ ഗോപൻ നടത്തിയിരുന്ന എസ്.ടി.ഡി ബൂത്തിലെ ജീവനക്കാരിയായിരുന്നു ബിന്ദുവിന്റെ സഹോദരി. ഇതാണ് വിഷയത്തിൽ ഇടപെടാൻ കാരണമായതെന്ന് ഗോപൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.