കൊച്ചീടെ ജെട്ടി പാലത്തിൽ വിളക്ക് സ്ഥാപിച്ചതിൽ ക്രമക്കേട്
text_fieldsആറാട്ടുപുഴ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചീടെ ജെട്ടി പാലത്തിൽ തെളിഞ്ഞ വിളക്കിെൻറ പ്രഭ കെടുത്തി വൻ അഴിമതി. വൻതുക ചെലവഴിച്ചിട്ടും പാലം വീണ്ടും ഇരുട്ടിലാകുന്ന അവസ്ഥയാണ്. ഗുണനിലവാരമില്ലാത്ത സാമഗ്രികളുപയോഗിച്ച് വിളക്ക് സ്ഥാപിക്കൽ പ്രഹസനമാക്കി പണം തട്ടാനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിലാണ് പുറത്തായത്.
മലബാർ സിമൻറ്സാണ് അഞ്ചുലക്ഷം രൂപ പാലത്തിൽ വിളക്ക് സ്ഥാപിക്കാൻ അനുവദിച്ചത്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഏപ്രിൽ ആദ്യവാരമാണ് ഇവിടെ വിളക്കുകൾ സ്ഥാപിച്ചത്. രണ്ടാഴ്ചക്കുള്ളിൽ പകുതി വഴിവിളക്കുകൾ കണ്ണടച്ചു. പ്രതിഷേധമുയർന്നപ്പോൾ ദിവസങ്ങൾക്കുള്ളിൽ പ്രശ്നം പരിഹരിച്ചെങ്കിലും ദിവസങ്ങൾക്കുശേഷം വീണ്ടും പഴയ അവസ്ഥയായി. പ്രശ്നങ്ങൾ ആവർത്തിച്ചതോടെ പ്രതിഷേധം ശക്തമായി. അടിക്കടിയുണ്ടായ തകരാറാണ് വഴിവിളക്ക് സ്ഥാപിക്കലിെൻറ ക്രമക്കേട് പുറത്തുവരാൻ ഇടയാക്കിയത്.
പാലത്തിെൻറ ഇരുവശത്തുമായി ഒമ്പത് വാട്ടിെൻറ മൂന്ന് ബൾബ് ഘടിപ്പിച്ച 60 വിളക്കാണ് സ്ഥാപിച്ചത്. ഒരെണ്ണത്തിന് ബൾബടക്കം പരമാവധി 800 രൂപയിൽ താഴെ മാത്രമേ വിലവരൂ. എന്നാൽ, വലിയ വിലയാണ് കരാറുകാരൻ ഈടാക്കാൻ ശ്രമിച്ചത്. മൂന്ന് ബൾബാണ് ഒരുവിളക്കിലുള്ളത്. 60 വിളക്കിന് 180 ബൾബാണ് വേണ്ടതെങ്കിലും കരാറുകാരൻ സമർപ്പിച്ച ബില്ലിൽ 261 ബൾബാണ് രേഖപ്പെടുത്തിയത്.
ബൾബുകൾ ഘടിപ്പിക്കുന്ന വിളക്ക് കവചത്തിന് 500 രൂപയിൽ താഴെ മാത്രമേ വിലയുള്ളൂവെങ്കിലും 997 രൂപയാണ് വില കാണിച്ചത്. ഗുണനിലവാരം കുറഞ്ഞ വിളക്കുകവചം 87 എണ്ണം വാങ്ങിയതായാണ് കരാറുകാരൻ പഞ്ചായത്തിൽ സമർപ്പിച്ച ബില്ലിൽ രേഖപ്പെടുത്തിയത്.
മുമ്പ് സ്ഥാപിച്ച വിളക്കിന് ഉപയോഗിച്ച വയറുകളാണ് കരാറുകാരൻ ഉപയോഗിച്ചതെങ്കിലും 90,000 രൂപയുടെ വയർ വാങ്ങി ഉപയോഗിച്ചതായാണ് രേഖ. മറ്റ് പല സാമഗ്രികളുടെയും അവസ്ഥ ഇതുതന്നെ. ഗുണനിലവാരമില്ലാത്ത സാമഗ്രികളാണെന്ന് തെളിയിക്കുന്നതാണ് പാലത്തിെൻറ ഒരുവശത്ത് ആഴ്ചകളായി അണഞ്ഞുകിടക്കുന്ന വഴിവിളക്കുകൾ. കത്തിക്കിടക്കുന്ന ഭാഗത്തെ വിളക്കുകളുടെ ബൽബുകൾ ദിേനന കേടായിക്കൊണ്ടിരിക്കുന്നു. 20ലേറെ ബൾബുകൾ ഇതിനകം ഇളകിവീഴുകയോ കേടാകുകയോ ചെയ്തു. വൈകാതെ പാലം വീണ്ടും ഇരുട്ടിലാകുമെന്നാണ് നാട്ടുകാരുടെ ഭീതി.
വിളക്കിന് പണം ചെലവഴിച്ച മലബാർ സിമൻറ്സിെൻറ പരസ്യബോർഡ് 60 വിളക്കുകാലിലും സ്ഥാപിച്ചെങ്കിലും ഒരാഴ്ചക്കുള്ളിൽ എഴുത്തുകൾ മാഞ്ഞു. കൂടാതെ, 20ബോർഡുകൾ ഒരുമാസത്തിനിടെ ഇളകി കായലിൽ വീണു. ഒന്നൊന്നായി വീഴാൻ തുടങ്ങിയതോടെ ശേഷിച്ച മുഴുവൻ ബോർഡുകളും കരാറുകാരൻ കഴിഞ്ഞദിവസം ഇളക്കിക്കൊണ്ട് പോയി. വലിയ തുകയാണ് ബോർഡ് സ്ഥാപിച്ചതിന് രേഖയിൽ കാണുന്നത്. വഴിവിളക്ക് സ്ഥാപിക്കാൻ ഇത്രയും ഉയർന്ന തുകയുണ്ടായിട്ടും മേൽത്തരം സാമഗ്രികൾ ഉപയോഗിച്ച് വഴിവിളക്ക് സ്ഥാപിക്കാൻ കഴിയാതിരുന്നത് ഭരണാധികാരികളുടെ ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം.
രണ്ട് വർഷത്തിനുള്ളിൽ തകരാറിലായാൽ പുതിയത് മാറ്റിനൽകുന്ന എൽ.ഇ.ഡിയുടെ വഴിവിളക്ക് പാനലുകൾ വിപണിയിൽ ലഭ്യമായിരിക്കേയാണ് വേഗത്തിൽ കേടാകുന്ന ബൾബുകൾ വിളക്കിന് സ്ഥാപിച്ചത്. വൻതുക കമീഷൻ ലക്ഷ്യമിട്ട് ഭരണാധികാരികളും ഉദ്യോഗസ്ഥരും ഈ പ്രഹസനത്തിന് കൂട്ടു നിൽക്കുകയായിരുെന്നന്ന് ആക്ഷേപമുണ്ട്. എന്നാൽ, ക്രമക്കേട് ബോധ്യപ്പെട്ടതിനെത്തുടർന്ന് പഞ്ചായത്ത് ഉടൻ നടപടി സ്വീകരിച്ചതായും കരാറുകാരെൻറ ബില്ല് പാസാക്കി നൽകുന്നത് തടഞ്ഞതായും വികസന സ്ഥിരം സമിതി അധ്യക്ഷൻ സുനു ഉദയലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.