കൊമ്മാടി, ശവക്കോട്ട പാലങ്ങൾ തുറന്നില്ല
text_fieldsആലപ്പുഴ: നഗരത്തിലെ കുരുക്കഴിക്കാൻ ശവക്കോട്ട, കൊമ്മാടി പാലങ്ങൾ ജൂൺ ഒന്നിന് തുറക്കുമെന്ന ജില്ല കലക്ടറുടെ നിർദേശം നടപ്പായില്ല. ജില്ല വികസന സമിതി യോഗത്തിൽ കലക്ടർ ഹരിത വി.കുമാറാണ് നിർവഹണ ഉദ്യോഗസ്ഥന് നിർദേശം നൽകിയത്. ഇതിന് മുന്നോടിയായി പി.പി. ചിത്തരഞ്ജൻ എം.എൽ.എയും ജില്ല കലക്ടറും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
മഴമൂലം ടാറിങ് ജോലികൾ വൈകിയെന്നും ഈമാസം ഇരുപാലങ്ങളും തുറക്കുമെന്നുമാണ് പുതിയ പ്രഖ്യാപനം.
ശവക്കോട്ട പാലത്തിന്റെ അപ്രോച്ച് റോഡുകളിൽ ഇന്റർലോക്ക് ടൈൽ പാകലും ബിറ്റുമിൻ ടാർ മിക്സിങ്ങ് ജോലികളും നടക്കുന്നതിനാലാണ് നീട്ടിയത്.
നിലവിലെ ശവക്കോട്ട പാലത്തിന് സമാന്തരമായി ഒരു സ്പാനോടുകൂടി 25.8 മീറ്ററിലും 12 മീറ്റര്‍ വീതിയിലുമാണ് പുതിയപാലം. ഇതിനൊപ്പം നടപ്പാലവും നിർമിച്ചിട്ടുണ്ട്.
കിഫ്ബി ഫണ്ടിൽനിന്നും അനുവദിച്ച 28.4 കോടി രൂപ വിനിയോഗിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പാലം പണിതത്.
2021 ഫെബ്രുവരിയിലാണ് കൊമ്മാടി പാലം പൊളിക്കൽ ആരംഭിച്ചത്. ജൂലൈയിൽ പൂർണമായും പൊളിച്ച് പുനർനിർമാണത്തിന് കളമൊരുങ്ങി. കഴിഞ്ഞ സെപ്റ്റംബറിലാണ് പാലം പണി പൂർത്തിയായത്.
നിർമാണം പൂർത്തിയാക്കി എട്ടുമാസങ്ങൾ പിന്നിട്ടിട്ടും അപ്രോച്ച് റോഡിന്റെ പണിയുടെ പേരിൽ തുറക്കാത്തത് വൻപ്രതിഷേധത്തിന് കാരണമായി. തുടർന്ന് നാട്ടുകാർ മുന്നിട്ടിറങ്ങി ഗ്രാവലും കല്ലും മണ്ണും ഉപയോഗിച്ച് സമീപപാത ഒരുക്കി ഗതാഗതത്തിന് തുറന്നിരുന്നു.
നാട്ടുകാർ താൽകാലികമായി തുറന്ന പാതയിൽ അപകടമുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി റിബൺ കെട്ടി അധികൃതർ ഗതാഗതം നിരോധിച്ചു.
ഇതിന് പിന്നാലെ പാലത്തിന് സമീപത്ത് കലുങ്ക് നിർമിക്കുന്നതിനായി കുഴിച്ച കുഴിയിൽവീണ് സൈക്കിൾ യാത്രക്കാരൻ കറുകയിൽ വാർഡ് കളരിക്കൽ പ്ലാക്കിൽ ജോയി മരിച്ചിരുന്നു.
കിഴക്ക് ഭാഗത്തെ റോഡിന്റെ ഓടയും പാലത്തിന്റെ ഭാഗത്തെ ഓടയുമായി ബന്ധിപ്പിക്കാൻ കുഴിച്ച കുഴിയിൽ വീണായിരുന്നു അപകടം. കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ, ലൈനുകൾ, വാട്ടർ അതോറിറ്റി പൈപ്പുകൾ എന്നിവ സ്ഥാപിക്കാൻ കാലതാമസമെടുത്തതും വിനയായി. ഇപ്പോഴും കൊമ്മാടി പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം അവസാനഘട്ടത്തതിലാണെന്നാണ് അധികൃതർ പറയുന്നത്. പാലംപണിയുടെ പേരിൽ വർഷങ്ങളായി നാട്ടുകാർ വറ്റംചുറ്റുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.