കോവിഡ്: രണ്ട് കോടി അനുവദിച്ച് ജില്ല പഞ്ചായത്ത്
text_fieldsആലപ്പുഴ: ജില്ലതല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഹെല്പ് ഡെസ്ക് സംവിധാനം ആരംഭിച്ച് ജില്ല പഞ്ചായത്ത്. ജൻഡർ പാർക്കിൽ ആരംഭിച്ച കോവിഡ് ഹെൽപ് ഡെസ്ക് സംവിധാനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു.
ജില്ലയിൽ മാതൃകാപരമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും പഞ്ചായത്ത്-നഗരസഭ തല ജാഗ്രത സമിതികള്‍ വഴി തദ്ദേശസ്ഥാപനങ്ങൾ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നും ആരിഫ് എം.പി. പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആയുർവേദ, ഹോമിയോ ആശുപത്രികളിൽ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നു വിതരണം ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചതായി കെ.ജി. രാജേശ്വരി പറഞ്ഞു.
കോവിഡ് 19 രണ്ടാംഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാനിറ്റൈസർ, മാസ്ക്, ടെസ്റ്റ് കിറ്റ് തുടങ്ങി 18 അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായാണ് രണ്ടു കോടി രൂപ ജില്ല പഞ്ചായത്ത് അനുവദിച്ചതെന്നും പ്രസിഡൻറ് പറഞ്ഞു. ഹെൽപ് ഡെസ്ക് നമ്പറില്‍ 0477- 2962496 രാവിലെ പത്തു മുതൽ അഞ്ചു വരെ വിളിക്കാവുന്നതാണ്.
കോവിഡ്-19 രോഗികൾക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ, സി.എഫ്.എൽ.ടി.സി കളിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ചവക്ക് ജില്ല തലത്തിൽ പരിഹാരം കാണേണ്ട വിഷയങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തന സജ്ജമായ 9496571269 എന്ന എമർജൻസി നമ്പറിലും വിളിക്കാം. അഞ്ചു കൗൺസിലർമാർ, അഞ്ചു കുടുംബശ്രീ പ്രവർത്തകർ, അഞ്ച് സാക്ഷരത പ്രേരക് എന്നിങ്ങനെ 15 പേരടങ്ങുന്ന സംഘമാണ് ഹെൽപ് ഡെസ്കിൽ പ്രവർത്തിക്കുന്നത്.
യോഗത്തിൽ ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. അനു വർഗീസ്, ജില്ല മിഷൻ കുടുംബശ്രീ കോഓഡിനേറ്റർ പ്രശാന്ത് ബാബു, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാർ, സെക്രട്ടറി കെ.ആർ. ദേവദാസ് എന്നിവർ പങ്കെടുത്തു.
ഹെൽപ് ഡെസ്ക് നമ്പറില്‍ 0477- 2962496 രാവിലെ പത്ത് മുതൽ അഞ്ച് വരെ വിളിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.