മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; സ്റ്റാൻഡുകളിലെ കുഴി നികത്തുമെന്ന് കെ.എസ്.ആർ.ടി.സി
text_fieldsആലപ്പുഴ: ബസ് സ്റ്റേഷനുകളിലെ കുണ്ടും കുഴിയും നികത്തി നിരപ്പാക്കുന്നതിന് ചീഫ് എൻജിനീയർ എല്ലാ ഡിപ്പോ തലവന്മാർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ നിർദേശാനുസരണമാണ് നടപടി. ബസ് സ്റ്റേഷനുകളിലെ കുണ്ടും കുഴിയും നികത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമീഷൻ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു.
ചെങ്ങന്നൂർ, മാവേലിക്കര, പന്തളം, അടൂർ സ്റ്റേഷനുകളിലെ നിലവിലെ സ്ഥിതി പരിശോധിച്ച് വീണ്ടും റിപ്പോർട്ട് നൽകാൻ കമീഷൻ ആവശ്യപ്പെടുകയും ചെയ്തു. ഡിപ്പോ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് ഡിപ്പോകൾക്ക് നൽകിയ നിർദേശത്തിന്റെ പകർപ്പ് ഹാജരാക്കാനും കമീഷൻ ഉത്തരവിട്ടിരുന്നു.
കമീഷന് മുന്നിൽ ഹാജരായ കോർപറേഷൻ സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. കെ. ജോർജ്, കെ.എസ്.ആർ.ടി.സി ചീഫ് എൻജിനീയർ പുറത്തിറക്കിയ ഉത്തരവ് ഹാജരാക്കി.
കുഴികൾ നികത്തുന്നതിന് പുറമെ ഡിപ്പോ പരിസരം ശുചിയാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ചീഫ് എൻജിനീയറുടെ നിർദേശത്തിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. മാവേലിക്കര ജി. സാമുവേൽ സർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.