എ.സി റോഡിലൂടെ കെ.എസ്.ആർ.ടി.സി വീണ്ടും ഓടിത്തുടങ്ങും
text_fieldsആലപ്പുഴ: എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായി നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിക്കുന്നു. നവീകരണം 80 ശതമാനം പൂർത്തിയായതോടെ ആലപ്പുഴ-ചങ്ങനാശ്ശേരി ഡിപ്പോകളിൽനിന്ന് മൂന്ന് സർവിസ് നടത്താനാണ് അനുമതി ലഭിച്ചത്.
രാവിലെ 10നുശേഷം ഒരുമണിക്കൂർ ഇടവിട്ടും വൈകീട്ടും ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ മൂന്ന് സർവിസാണ് ഉണ്ടാവുക. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. കഴിഞ്ഞദിവസം മോട്ടോർ വാഹന വകുപ്പ്, പൊലീസ്, കെ.എസ്.ആർ.ടി.സി, നിർമാണം നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റി എന്നിവർ പരിശോധന നടത്തിയിരുന്നു. ഇവർ കലക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർവിസ് പുനരാരാംഭിക്കാൻ അനുമതി നൽകിയത്.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ 80 ശതമാനം നിർമാണപ്രവൃത്തികളും പൂർത്തിയായി. മങ്കൊമ്പ് ബ്ലോക്ക് മുതൽ ഒന്നാംകര വരെയാണ് ഗതാഗത തടസ്സമുള്ളത്. ഒന്നാംകര പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പണി നടക്കുന്നതിനാൽ ഒറ്റവരി പാതയിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുക. പണ്ടാരക്കളത്ത് സർവിസ് റോഡ് പൂർണമായും ടാറിങ് നടത്തി നവീകരിച്ചതിനാൽ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനാകും.
ആലപ്പുഴയിൽനിന്ന് കൈനകരി വഴി പോകുന്ന തോട്ടാശ്ശേരി, വണ്ടാനം-കഞ്ഞിപ്പാടം-മങ്കൊമ്പ് വഴി പോകുന്ന പുളിങ്കുന്ന് സർവിസുകളുമാണുള്ളത്. ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്നുള്ള ബസുകൾ നെടുമുടിയിലാണ് സർവിസ് അവസാനിപ്പിക്കുന്നത്. ആലപ്പുഴയിലെത്താൻ യാത്രക്കാർക്ക് പിന്നെയും മണിക്കൂറുകൾ സമയമെടുക്കും. കണക്ഷൻ ബസ് കിട്ടാത്തതാണ് പ്രധാനപ്രശ്നം. നേരിട്ട് ആലപ്പുഴയിലേക്കും ചങ്ങനാശ്ശേരിയിലേക്കും ബസ് സർവിസ് നടത്തണമെന്ന കുട്ടനാട്ടുകാരുടെ പരാതിക്കാണ് താൽക്കാലിക പരിഹാരമാകുന്നത്.
കുട്ടനാട്ടുകാർ ആശ്രയിക്കുന്ന ബോട്ടുകളുടെ സ്ഥിതിയും ദയനീയമാണ്. ചങ്ങനാശ്ശേരി, കാവാലം, പുളിങ്കുന്ന് ബോട്ടുകൾ മുടങ്ങിയിട്ട് ഒരുമാസമായി. സ്കൂൾ തുറന്നതോടെ വിദ്യാർഥികളുടെ എണ്ണം കൂടിയിട്ടും ബോട്ടുകളുടെ യന്ത്രത്തകരാർ പരിഹരിച്ച് ഓടിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് പരാതിയുണ്ട്. ബോട്ട് മുടക്കത്തിൽ വലഞ്ഞ കുപ്പപ്പുറം ഗവ. സ്കൂളിലെ കുട്ടികൾ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകൾ പിടിച്ചുകെട്ടിയാണ് സമരം നടത്തിയത്. കേടുപറ്റിയ 17 യാത്രാബോട്ടുകൾ ഇപ്പോഴും കട്ടപ്പുറത്താണ്.
നിലവിൽ ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള കെ.എസ്.ആർ.ടി.സി ബസുകൾ വണ്ടാനം-അമ്പലപ്പുഴ-തിരുവല്ല വഴിയും മുഹമ്മ-തണ്ണീർമുക്കം വഴിയുമാണ് സർവിസ് നടത്തുന്നത്. ഇതിനാൽ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല ഭാഗത്തേക്ക് പോകേണ്ടവർ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയാണ്.KSRTC will start running again through AC road
വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ പുനർനിർമിക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് 2023 നവംബറിൽ കരാർ അവസാനിക്കുന്നതിന് മുമ്പ് തുറക്കാനുള്ള വേഗത്തിലാണ് ജോലികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.