കെ.എസ്.യുവിന്റെ പത്രികകൾ തള്ളി; എസ്.ഡി കോളജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു
text_fieldsആലപ്പുഴ: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകൾ തള്ളിയെന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തകർ ആലപ്പുഴ എസ്.ഡി കോളജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു. 24ന് നടക്കുന്ന കോളജ് യൂനിയൻ തെരഞ്ഞെടുപ്പിന് കെ.എസ്.യു നൽകിയ 13 പത്രികകൾ തള്ളിയെന്നാണ് ആരോപണം.
വെള്ളിയാഴ്ച രാവിലെ 10.30നായിരുന്നു സംഭവങ്ങൾക്ക് തുടക്കം. പ്രകടനമായി എത്തിയ പ്രവർത്തകർ പ്രിൻസിപ്പൽ പ്രേമയുടെ ഓഫിസ് മുറിയിലേക്ക് തള്ളിക്കയറി പ്രതിഷേധം ഉയർത്തുകയായിരുന്നു. റിട്ടേണിങ് ഓഫിസർ പത്രിക തള്ളിയതിന്റെ കാരണം രേഖാമൂലം നൽകണമെന്നായിരുന്നു ആവശ്യം. തുടർന്ന് നടന്ന ചർച്ചയിൽ വിദ്യാർഥികളുടെ പരാതി പരിഹരിക്കാമെന്നും റിട്ടേണിങ് ഓഫിസറുടെ നടപടി പുനഃപരിശോധിക്കുമെന്നും പ്രിൻസിപ്പൽ ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിച്ചത്.
റിട്ടേണിങ് ഓഫിസർ ജനാധിപത്യത്തെ അട്ടിമറിച്ച് സ്ഥലത്തില്ലാതിരുന്ന എസ്.എഫ്.ഐ പ്രവർത്തകരുടെ പത്രിക തിരുകിക്കയറ്റിയെന്ന് കെ.എസ്.യുവിന്റെ പരാതിയിൽ പറയുന്നു. മതിയായ കാരണങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പത്രിക തള്ളിയതെന്നാണ് അധികൃതരുടെ വിശദീകരണം. അമ്പലപ്പുഴ ഗവ. കോളജിൽ ചെയർമാൻ സീറ്റിലേക്ക് മത്സരിച്ച കെ.എസ്.യുവിന്റെ പത്രികയും തള്ളിയിരുന്നു.
സി.പി.എം നിയന്ത്രണത്തിലുള്ള അധ്യാപക സംഘടനകളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. തിങ്കളാഴ്ച അന്തിമ ബാലറ്റ് വരുമ്പോൾ അനൂകൂല നിലപാട് ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നേതാക്കൾ പറഞ്ഞു.കെ.എസ്.യു ജില്ല പ്രസിഡന്റ് എ.ഡി. തോമസ്, സംസ്ഥാന കൺവീനർ അൻസിൽ ജലീൽ, സംസ്ഥാന ജനറൽ സെക്രട്ടറി മാഹീൻ മുപ്പതിൽചിറ, അബ്ബാദ് ലുത്ഫി, നിയോജക മണ്ഡലം പ്രസിഡന്റ് നയിസ് നാസർ, യൂനിറ്റ് പ്രസിഡന്റ് ഉസാമ ബിൻ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.
ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രിൻസിപ്പൽ
ആലപ്പുഴ: മാനദണ്ഡം പാലിക്കാത്ത 27 നാമനിർദേശ പത്രികകൾ തള്ളിയെന്നും വിദ്യാർഥികളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും എസ്.ഡി കോളജ് പ്രിൻസിപ്പൽ ഡോ. കെ.എച്ച്. പ്രേമ. വിദ്യാർഥികൾ റിട്ടേണിങ് ഓഫിസർക്കും അധ്യാപകർക്കുമെതിരെ ഉന്നയിച്ച ആരോപണം കോളജിനെ അപമാനിക്കുന്നതാണ്.
കേരള സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം വ്യാഴാഴ്ചയായിരുന്നു. സൂക്ഷ്മ പരിശോധയിൽ 27 പത്രികകൾ തള്ളിയതിൽ ചില വിദ്യാർഥിസംഘടനകൾക്ക് എതിർപ്പുണ്ടായി. തുടർന്ന് പുറമെനിന്നെത്തിയ ഒരുസംഘമാളുകൾ പ്രിൻസിപ്പൽ, റിട്ടേണിങ് ഓഫിസർ, അധ്യാപകർ, ഓഫിസ് ജീവനക്കാർ എന്നിവരെ തടഞ്ഞുവെച്ചു. പൊലീസ് ഇടപെട്ട് രാത്രി വൈകിയാണ് ഉപരോധം അവസാനിച്ചത്.
ഒരുവിഭാഗം വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച പ്രിൻസിപ്പലിന്റെ ഓഫിസ് മുറിയിൽ ഇലക്ഷൻ പരിഹാരകമ്മിറ്റി യോഗം നടക്കുമ്പോൾ ഒരുസംഘം ഇരച്ചുകയറി യോഗം തടസ്സപ്പെടുത്തി. തുടർന്ന് പ്രിൻസിപ്പലിനെയും അധ്യാപകരെയും തടഞ്ഞുവെച്ചു. യൂനിയൻ തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട നിയമങ്ങൾ നടപ്പാക്കിയപ്പോൾ വിവിധ വിദ്യാർഥിസംഘടനകളുടെ പത്രികകളും തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.