ഇത് അഭിമാന നിമിഷം... കുടുംബശ്രീ മുദ്രഗീതം ഇനി ശ്രീകലയുടെ വരികൾ
text_fieldsചാരുംമൂട്: തന്റെ വരികൾ രജതജൂബിലി ആഘോഷിക്കുന്ന കുടുംബശ്രീയുടെ മുദ്രഗീതമാകുന്നതിന്റെ അഭിമാനത്തിലാണ് ചാരുംമൂട് കരിമുളക്കൽ കോമല്ലൂർ ദേവയാനത്തിൽ ശ്രീകല ദേവയാനം. 46ലക്ഷം അയൽക്കൂട്ടങ്ങളെ പ്രതിനിധീകരിച്ച്, 351 രചനകളിൽനിന്ന് ഏറ്റവും മികച്ചതായി കുടുംബശ്രീയുടെ മുദ്രഗീതമായി തെരഞ്ഞെടുത്തത് ചുനക്കര പഞ്ചായത്ത് ഒമ്പതാംവാർഡിലെ ലക്ഷ്മി ശ്രീ കുടുംബശ്രീ അംഗമായ ശ്രീകലയുടെ രചനയാണ്. പ്രശസ്ത കവി സി.എം. വിനയചന്ദ്രന്, സാഹിത്യ അക്കാദമി നിര്‍വാഹിക സമിതി അംഗവും എഴുത്തുകാരിയുമായ വി.എസ്. ബിന്ദു, എഴുത്തുകാരി ഡോ. മഞ്ജുള എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് മികച്ച രചന തെരഞ്ഞെടുത്തത്.
രജതജൂബിലി നിറവിലുള്ള കുടുംബശ്രീക്ക് ആദ്യമായാണ് മുദ്രഗീതം തയാറാക്കുന്നത്. ഗീതത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ശ്രീവത്സന്‍ ജെ. മേനോനാണ്. പ്രമുഖ ഗായിക കെ.എസ്. ചിത്രയാണ് ആലപിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ നിര്‍മിച്ചു.
കേരളത്തിലെ പ്രകൃതി, തൊഴിലിടങ്ങള്‍, ബന്ധങ്ങള്‍ അങ്ങനെ ഗ്രാമീണ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ ഗീതത്തില്‍ സമൂഹത്തിന്റെ എല്ലാ ഇടങ്ങളെയും സമ്പന്നമാക്കുന്നത് സ്ത്രീ സമൂഹം കൂടിയാണെന്ന് ഈ ഗാനത്തിൽ പരാമര്‍ശിക്കുന്നു. 16 വരികളാണ് മുദ്രഗീതത്തിലുള്ളത്.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനാത്ത് കുടുംബശ്രീ രജതജൂബിലി സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് മുദ്രഗീതത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.
കവി കൂടിയായ ശ്രീകല ദേവയാനത്തിന്റെ ഞങ്ങളുടെ സ്ത്രീധനവും അമ്മയുടെ ദൈവവും നഞ്ച് കലങ്ങിയ നദികൾ, കഴുവേറികൾ എന്നീ രചനകളും ശ്രദ്ധേയമാണ്. ചുനക്കര പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റുമാണ് ശ്രീകല.
ഗൾഫിൽ സിവിൽ എൻജിനീയറായ അജയ് ശങ്കറാണ് ഭർത്താവ്. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനി ദേവയാനി മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.