മാലിന്യമുക്തമാക്കാൻ കുടുംബശ്രീയും; പൊതുസഭകൾ ഇന്ന്
text_fieldsആലപ്പുഴ: മാലിന്യമുക്ത പദ്ധതി യാഥാർഥ്യമാക്കാൻ കുടുംബശ്രീയും. ജില്ലയിലെ സി.ഡി.എസുകളിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ പൊതുസഭകൾ ചേരും. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ഭേദഗതികളെക്കുറിച്ച് കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
സി.ഡി.എസ് അംഗങ്ങളും എ.ഡി.എസ് ഭാരവാഹികളും പങ്കെടുക്കും. ജില്ലയിലെ 23,864 അയൽക്കൂട്ടങ്ങളിൽനിന്ന് 3,43,322 അംഗങ്ങൾ ഭാഗമാകും. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി കേരള പഞ്ചായത്തീരാജ് ആക്ട്, കേരള മുനിസിപ്പൽ രാജ് ആക്ട് എന്നിവയിൽ വരുത്തിയ ഭേദഗതികൾ, പഞ്ചായത്ത്-തദ്ദേശ സ്ഥാപനങ്ങളുടെ വിപുലമായ അധികാരം, പിഴ ചുമത്താനും അവ ഈടാക്കാനുള്ള വ്യവസ്ഥകൾ എന്നിവയെക്കുറിച്ച് പ്രത്യേക അജണ്ടയായി ചർച്ച ചെയ്യും.
പൊതുസഭകൾക്ക് വേണ്ട നിർദേശങ്ങൾ നൽകാൻ ജില്ലതലത്തിൽ 80 ആർ.പിമാരെയും നിയോഗിച്ചു. ശുചിത്വ മിഷൻ, എൽ.എസ്.ജി.ഡി ഉദ്യോഗസ്ഥർ, കുടുംബശ്രീയുടെ ബ്ലോക്ക് കോഓഡിനേറ്റർ എന്നിവരെയാണ് ആർ.പി.മാരായി സജ്ജമാക്കിയിട്ടുള്ളത്.
അയൽക്കൂട്ട അംഗങ്ങളുടെ സംശയദൂരീകരണത്തിനും അഭിപ്രായങ്ങൾക്ക് മറുപടിയും നൽകും. പൊതുസഭകൾ ചേർന്നതിനുശേഷം പ്രത്യേകം നോട്ട് തയാറാക്കി ഒരോ അയൽക്കൂട്ടങ്ങളിലും എത്തിക്കുമെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ ജെ. പ്രശാന്ത് ബാബു പറഞ്ഞു. കൊച്ചി ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് ഹൈകോടതി വിഷയത്തിൽ ഇടപെട്ടിരുന്നു.
ഈ പശ്ചാത്തലംകൂടി കണക്കിലെടുത്ത് കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കി മാർച്ച് 31നകം പ്രഖ്യപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാലിന്യമുക്തം നവകേരളം കാമ്പയിൻ ആരംഭിച്ചത്.
ഇതിന് ഹരിതമിഷൻ, ശുചിത്വമിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് (കെ.എസ്.ഡബ്ല്യു.എം.പി), കില, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി, ഇൻഫർമേഷൻ കേരള മിഷൻ എന്നീ ഏജന്സികളുടെ സഹായവുമുണ്ട്.
പ്രധാന ലക്ഷ്യങ്ങൾ
- 100 ശതമാനം മാലിന്യവും ഉറവിടത്തിൽ തന്നെ തരംതിരിക്കുക
- അഴുകുന്ന ജൈവമാലിന്യം പൂർണമായും ഉറവിടത്തിൽ സംസ്കരിക്കുക
- അജൈവമാലിന്യം തരംതിരിച്ച് വൃത്തിയാക്കി ഹരിതകർമ സേനക്ക് കൈമാറുക
- പൊതുനിരത്തിലും സ്വകാര്യ പുരയിടത്തിലും മാലിന്യക്കൂനകൾ ഇല്ലാതാക്കുക
- ജലാശയങ്ങളിലെ മാലിന്യം നീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.