എങ്ങുമെത്താതെ സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി
text_fieldsആലപ്പുഴ: പ്രഖ്യാപിച്ച് നാലു വർഷം കഴിയുമ്പോഴും പ്രാഥമിക ഘട്ടം പോലും പൂർത്തിയാകാതെ സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി. പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ മാത്രമാണ് പൂർത്തിയായത്. തലവടി പഞ്ചായത്തില്‍ നീരേറ്റുപുറത്താണ് പ്ലാന്റ്. 13 പഞ്ചായത്തിലും ഓവര്‍ഹെഡ് ടാങ്ക് നിര്‍മിച്ച് നീരേറ്റുപുറത്ത് ശുദ്ധീകരിക്കുന്ന ജലം ഓവര്‍ഹെഡ് ടാങ്കുകളില്‍ എത്തിച്ച് 181 വാര്‍ഡുകളിലായി കുടിവെള്ളം വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആറ് ഘട്ടമായാണ് പദ്ധതി പൂർത്തിയാകുക. ആദ്യഘട്ടമാണ് പ്ലാന്റിന്റെ ശേഷി ഉയര്‍ത്തല്‍. നിലവില്‍ നീരേറ്റുപുറം പ്ലാന്റിന്റെ 13 എം.എല്‍.ഡി വെള്ളമാണ് ഉൽപാദിപ്പിക്കാന് കഴിയുക. ഇത് 30 എം.എല്‍.ഡിയാക്കി ഉയര്‍ത്തുന്ന പ്രവൃത്തികള്‍ക്കാണ് ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഓവര്‍ഹെഡ് ടാങ്കുകളുടെ നിര്‍മാണം, മെയിന്‍ ലൈന്‍ സ്ഥാപിക്കല്‍, വിതരണ ശൃംഖലകളുടെ സ്ഥാപനം തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. 46.2 കിലോമീറ്റര്‍ പ്രധാന പ്രസരണ ലൈന്‍, 895 കിലോമീറ്റര്‍ പ്രാദേശിക വികസന ശൃംഖല ഉൾപ്പെടെ ആകെ 209.54 കോടിയായിരുന്നു പദ്ധതിക്കായി 2019ല്‍ അനുവദിച്ചത്. പദ്ധതിച്ചെലവ് 387.91 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
കുട്ടനാട്ടിൽ കുടിവെള്ളം കിട്ടാക്കനി; വടക്കൻ മേഖലയിൽ സ്ഥിതി രൂക്ഷം
കുട്ടനാട്: വേനല്‍ കടുത്തതോടെ കുട്ടനാട്ടിൽ കുടിവെള്ളത്തിനായി നെട്ടോട്ടം. വടക്കന്‍ മേഖലയിലെ സ്ഥിതിയാണ് ഏറെ ഗുരുതരം. നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളിലെ സ്ഥിതി പരിതാപകരമാണ്. ഒഴുക്കുനിലച്ച് പോളയും മറ്റ് മാലിന്യങ്ങളും ദുര്‍ഗന്ധവും നിറഞ്ഞ ആറുകളിലെയും തോടുകളിലെയും വെള്ളമാണ് ഇവിടങ്ങളിൽ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.
കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് സ്വകാര്യ വ്യക്തികള്‍ വാഹനങ്ങളില്‍ കൊണ്ടുവരുന്ന വെള്ളം ലിറ്ററിന് രണ്ടുരൂപവരെ നല്കി വാങ്ങി ഉപയോഗിക്കുന്നവരുമുണ്ട്. കായല്‍ മേഖലയിലും പാടശേഖരങ്ങളുടെ പുറംബണ്ടിലും താമസിക്കുന്നവർക്ക് വാഹനങ്ങളില്‍ എത്തിക്കുന്ന കുടിവെള്ളം ചെറുവള്ളങ്ങളിലോ കാല്‍നടയായോ കിലോമീറ്ററുകള്‍ താണ്ടിവേണം ശേഖരിക്കാന്‍. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പദ്ധതിയില്‍ ഇനിയും ഇടം കിട്ടാത്ത പഞ്ചായത്തുകളാണ് കാവാലം, നീലംപേരൂര്‍ എന്നിവ.
നീലംപേരൂര്‍ പഞ്ചായത്തില്‍ ഒരു ഓവര്‍ഹെഡ് ടാങ്ക് പണിതിട്ടുണ്ടെങ്കിലും ശുദ്ധജലം എത്തിക്കുന്നതിനായുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി എങ്ങും എത്തിയിട്ടില്ല. അപൂര്‍വം ടാപ്പുകളില്‍ മാത്രമാണ് ശുദ്ധജലം എത്തുന്നത്. കൈനകരിയിലും സ്ഥിതി വ്യത്യസ്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.