വേലിയേറ്റത്തിൽ മുങ്ങി കുട്ടനാട്; പ്രധാന പാതകളിൽ വെള്ളം കയറി
text_fieldsആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്ച മഴക്ക് ശമനമുണ്ടായിരുന്നെങ്കിലും കിഴക്കൻവെള്ളത്തിന്റെ വരവ് നിലക്കാത്തതിനാൽ ജലാശയങ്ങളിലെ ജലനിരപ്പുയർന്നു. വീടുകളിലേക്കും വെള്ളം കൂടുതലായി കയറിത്തുടങ്ങി. മഴയൊഴിഞ്ഞിട്ടും കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും വെള്ളക്കെട്ട് ദുരിതമൊഴിയുന്നില്ല. പുളിങ്കുന്ന്, കാവാലം, വെളിയനാട് പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. കിഴക്കൻ വെള്ളത്തിനൊപ്പം വേലിയേറ്റവുമാണ് കുട്ടനാടിന് ഭീഷണി. വൈകുന്നേരങ്ങളിലെ വേലിയേറ്റ സമയത്ത് കടൽ വെള്ളമെടുക്കാത്തതിനാൽ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളക്കെട്ടിലാകുകയാണ്. മലവെള്ളത്തിനും വേലിയേറ്റത്തിനുമൊപ്പം മഴ ചെറുതായി കനത്താൽ കുട്ടനാട്ടിലെ സ്ഥിതി ഇനിയും മോശമാകും.
തോട്ടപ്പള്ളിയിൽ 39 ഷട്ടറുകൾ തുറന്നിട്ടും കടലിലേക്ക് ശക്തമായ ഒഴുക്കില്ല. അമ്പലപ്പുഴയുടെ തീരമേഖലയിൽ കടലേറ്റം ശക്തമാണ്. തലവടി, മുട്ടാർ, എടത്വാ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളംകയറിയിട്ടുണ്ട്. മഴയിലും കാറ്റിലും 21 വീടുകൾക്കാണ് നാശമുണ്ടായിട്ടുള്ളത്. ഇതിൽ ഒരു വീട് പൂർണമായി തകർന്നു. നീരേറ്റുപുറം, ചമ്പക്കുളം, നെടുമുടി, മങ്കൊമ്പ്, കാവാലം എന്നിവിടങ്ങളിൽ അപകടനിലക്ക് മുകളിൽ വെള്ളമുണ്ട്. പലയിടത്തും കൃഷിനാശവുമുണ്ട്. അപ്പർ കുട്ടനാട്ടിൽ തിരുവൻവണ്ടൂരിൽ നന്നാട്, കൂലിക്കടവ്, ചെങ്ങന്നൂരിൽ കീഴ്ച്ചേരിമേൽ, മംഗലം, ഇടനാട് മുളക്കുഴയിൽ കോടംതുരുത്ത്,തുലാക്കുഴി, ചെമ്പൻചിറ, മാന്നാറിൽ തൈച്ചിറ കോളനി, കരിയിൽ കളം, മൂന്നുപുരക്കൽ താഴ്ചയിൽ എന്നിവിടങ്ങളിലും ബുധനൂരിൽ തൈയൂർ, താഴാംതറ, പാണ്ടനാട് മുറിയായ്ക്കര, ഇല്ലിമല എന്നിവിടങ്ങളിലും പമ്പ, അച്ചൻകോവിലാറുകളിൽനിന്ന് വെള്ളം കയറിയിട്ടുണ്ട്.
ആലപ്പുഴ നഗരത്തിലെ കായൽ, കനാൽ തീരങ്ങളിലെ വാർഡുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തിരുമല വാർഡിൽ പോഞ്ഞിക്കരയിൽ മുപ്പതോളം വീടുകൾ വെള്ളത്തിലായി. കൂടുതൽ വീടുകളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. വൈകീട്ട് വേലിയേറ്റ സമയത്ത് ജലനിരപ്പ് ഉയരുന്നതിനാൽ കുടുംബങ്ങൾ ആശങ്കയിലാണ്.
പോഞ്ഞിക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപ ഭാഗങ്ങളിലാണ് കൂടുതൽ വെള്ളക്കെട്ടുള്ളത്. വാടക്കനാലിന്റെ കിഴക്ക് കായലിനോട് ചേർന്ന ഭാഗത്ത് സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ കനാലിൽനിന്നുള്ള വെള്ളം പോഞ്ഞിക്കരയിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് അടിച്ചുകയറുകയാണ്. മാറിത്താമസിക്കാൻ വേറെ മാർഗമില്ലാത്തതിനാൽ കുട്ടികളുമായി ഇവിടെത്തന്നെ കഴിയുകയാണ് പല കുടുംബങ്ങളും.
പ്രധാന പാതകളിൽ വെള്ളം കയറി; ഗതാഗതം നിലച്ചു
ആലപ്പുഴ: നദികൾ കവിഞ്ഞൊഴുകിയും കിഴക്കൻവെള്ളത്തിന്‍റെ വരവിലും ആലപ്പുഴ-ചങ്ങനാശ്ശേരി, അമ്പലപ്പുഴ-തിരുവല്ല, എടത്വ-ഹരിപ്പാട് പാതകളിൽ വെള്ളംകയറിയതോടെ ഗതാഗതം നിലച്ചു. കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ നിർത്തിവെച്ചു. പമ്പാനദി കരകവിഞ്ഞ് ആലപ്പുഴ-അമ്പലപ്പുഴ-തിരുവല്ല പാതയിൽ നെടുമ്പ്രത്തും ചക്കുളത്തുകാവിലും വെള്ളംകയറിയാണ് ഗതാഗതം നിലച്ചത്. റോഡരിലെ വീടുകളിലും ജലം ഇരച്ചുകയറി. മുന്നറിയിപ്പില്ലാതെ വെള്ളിയാഴ്ച രാവിലെ മുതലാണ് സർവിസുകൾ നിർത്തിയത്. ഇതോടെ, ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ടവർ പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് മടങ്ങി. എടത്വ -ഹരിപ്പാട് റൂട്ടിൽ വെള്ളംകയറി ഹരിപ്പാട് ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി സർവിസുകളും നിർത്തി. എടത്വ ഭാഗത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ചക്കുളത്തുകാവ് ജങ്ഷൻ വരെയും ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് വീയപുരം വരെയും സർവിസ് നടത്തുന്നുണ്ട്.
അമ്പലപ്പുഴ -തിരുവല്ല റോഡിൽ നെടുമ്പ്രത്താണ് വെള്ളം കൂടുതലുള്ളത്. റോഡിന്റെ ഒരുഭാഗത്ത് താഴ്ചയായതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കില്ല. ഒരുകിലോമീറ്റർ ദൂരമുള്ള വെള്ളക്കെട്ടിലൂടെ എത്തുന്ന വലിയവാഹനങ്ങളടക്കം പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ച് ഒരുവശത്തുകൂടി മാത്രമാണ് കടത്തിവിടുന്നത്. ജലം ഇനിയും ഉയർന്നാൽ വാഹനഗതാഗതം പൂർണമായും നിരോധിക്കേണ്ടിവരും.
എ.സി റോഡിൽ കിഴക്കൻ വെള്ളത്തിന്‍റെ വരവിൽ 11 ഇടങ്ങളിലാണ് വെള്ളംകയറിയത്. ഇതിൽ പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി, മുട്ടാർ ജങ്ഷൻ, കിടങ്ങറ, പാറക്കൽ കലുങ്ക്, മനക്കച്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഗതാഗത തടസ്സമുള്ളത്. പലയിടത്തും ഒരുകിലോമീറ്റർ ദൂരത്തിലാണ് വെള്ളം. വെള്ളത്തിലൂടെ സഞ്ചരിച്ച നിരവധി ഇരുചക്രവാഹനങ്ങൾ പലതും കേടായി. എ.സി കനാൽ വളച്ചുകെട്ടി താൽക്കാലിക പാത ഒരുക്കിയ മാമ്പുഴക്കരിഭാഗത്തും വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമാണ്. വെള്ളം കയറിയ താൽക്കാലിക പാതയിലൂടെ വലിയ വാഹനങ്ങളടക്കം ഓടിയാൽ ബലക്ഷയമുണ്ടാകുമെന്ന് ആശങ്കയുണ്ട്. പള്ളിക്കൂട്ടുമ്മ പമ്പ് ഹൗസിനുസമീപം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത് ഇരുചക്രവാഹനയാത്രക്കാരെ വലച്ചു. ഇവിടെ കലുങ്ക് നിർമാണത്തിനായി റോഡിന്‍റെ പകുതിഭാഗം കുഴിച്ചിട്ടിരിക്കുന്നതാണ് വിനയാവുന്നത്.
വാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാൻ പലയിടത്തും നാട്ടുകാരുടെ നേതൃത്വത്തിൽ മുന്നറിയിപ്പും ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവ് വർധിച്ചതിനാൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ രാത്രി ഒമ്പത് മുതൽ രാവിലെ ആറുവരെ യാത്രാ നിരോധനമുണ്ട്. ഇത് വരുംദിവസങ്ങളിലും തുടരും. കനാലിനോട് ചേർന്ന നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വെള്ളക്കെട്ട് അപകടസാധ്യത വർധിപ്പിക്കുന്നു. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ യാത്രാക്ലേശം രൂക്ഷമായതോടെ അധിക ബോട്ട് സർവിസുകളും ആരംഭിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത മേഖലയിൽനിന്ന് ആളുകളെ എത്തിക്കാൻ രക്ഷാദൗത്യബോട്ടുകളും റെസ്ക്യൂ ആംബുലൻസും സജ്ജമാക്കിയിട്ടുണ്ട്. അമ്പലപ്പുഴ-തിരുവല്ല പാതയിൽ ഗതാഗതം നിലച്ചതോടെ ആലപ്പുഴ ഡിപ്പോയിൽനിന്ന് വെള്ളിയാഴ്ച വൈകീട്ട് മുതൽ മുഹമ്മ-കുമരകം വഴി കെ.എസ്.ആർ.ടി.സി ഒമ്പത് അധിക സർവിസുകൾ ആരംഭിച്ചു.
അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുന്നു
ചാരുംമൂട്: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ആറ്റുവ, ചെറുമുഖ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി തുടങ്ങി. വെണ്മണി ശാർങക്കാവ് ദേവീക്ഷേത്രവും കാവും വെള്ളത്തിനടിയിലായി. ചേന്ദാത്ത് കടവിൽ കൂടി വെള്ളം ഇടപ്പോൺ ജങ്ഷനിലേക്ക് ഒഴുകിത്തുടങ്ങിയതോടെ ഇടപ്പോൺ മുറിഞ്ഞുപുഴയിലെ വീടുകളിൽ വെള്ളം കയറി. ഐരാണിക്കുടി ഭാഗത്തുനിന്ന് കരിങ്ങാലിച്ചാൽ പുഞ്ചയിലേക്ക് വെള്ളം ഒഴുകിയെത്തുന്നതിനാൽ നൂറനാട് പത്താം മൈൽ - പന്തളം റോഡിൽ മാവിളപ്പടി ഭാഗം വെള്ളത്തിനടിയിലാകുവാൻ സാധ്യതയേറി. ഓരോ വെള്ളപ്പൊക്കത്തിലും ആറ്റുവ, ചെറുമുഖ ഭാഗങ്ങളിലെ നൂറുക്കണക്കിന് കുടുംബങ്ങളാണ് ദുരിതക്കയത്തിലാകുന്നത്.
അച്ചന്‍കോവിലാർ കരകവിയുമ്പോള്‍ ചെറുമുഖ, ആറ്റുവ, മൂശാരിമുക്ക് ജങ്ഷന് പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലുള്ള നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടാറുള്ളത്. ലക്ഷങ്ങളുടെ നാശനഷ്ടവും പതിവാണ്. കഴിഞ്ഞ വർഷകാലത്ത് ഈ പ്രദേശത്ത് നിരവധി വീടുകൾ പൂര്‍ണമായും തകരുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തിരുന്നു.
ആറിന്റെ വശങ്ങൾ വർഷങ്ങളായി തകർന്നു കിടക്കുകയാണ്. നിലവിലുണ്ടായിരുന്ന സുരക്ഷ ഭിത്തികൾ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പൂർണമായി ഇടിഞ്ഞു തകർന്നിരുന്നു. ഇവിടെ സുരക്ഷിത ഭിത്തികെട്ടാത്തതും ചേനേത്ത് ഉള്‍പ്പെടെയുള്ള കടവുകളുടെ നിര്‍മാണം നടത്താത്തതുമാണ് ആറ്റില്‍ നിന്ന് വെള്ളം കയറാന്‍ കാരണം. ഉത്രപ്പള്ളികാവ് കാഞ്ഞിരത്തിൻമൂട് പമ്പ് ഹൗസിന് വടക്കുവശം കെട്ടി ചേന്നാത്തു കടവിൽ ചീപ്പും നിർമിച്ചാൽ ഒരു പരിധിവരെ വെള്ളം കയറുന്നത് തടയാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.