കുട്ടനാട്ടിൽ ഇടതോടുകളും പാടശേഖരങ്ങളും നിറഞ്ഞുകവിയുന്നു
text_fieldsകുട്ടനാട്: പൊഴി മുറിച്ചെങ്കിലും കുട്ടനാട്ടിലെ ഇടതോടുകളും പാടശേഖരങ്ങളും നിറഞ്ഞുകവിയുകയാണ്. മഴ തുടരുകയും കടൽ വെള്ളമെടുക്കാത്ത സാഹചര്യവുമുണ്ടായാൽ കിഴക്കൻ വെള്ളത്തിെൻറ ശക്തമായ വരവിൽ രണ്ടുദിവസത്തിനകം മിക്ക പ്രദേശങ്ങളും ഒറ്റപ്പെടും.
കൈനകരി, ആലപ്പുഴ മേഖലകളിൽ സംഭരണം കാത്ത് അഞ്ചോളം പാടശേഖരങ്ങളിലെ നെല്ല് കരയിൽ കിടക്കുകയാണ്. ഇവിടെ നെല്ലുസംഭരണവും മന്ദഗതിയിലാണ്. വെള്ളക്കെട്ടിനിടയിൽ കൈനകരിയിലെ പാടശേഖരങ്ങളിൽ കെട്ടിക്കിടന്ന നെല്ല് മാറ്റി.
എ.സി റോഡിന് സമീപവും ചമ്പക്കുളം കൃഷിഭവൻ പരിധിയിലും രണ്ടാം കൃഷിയുടെ ഒരുക്കം തുടങ്ങാത്തത് ഗതാഗതം സംവിധാനങ്ങളെ ബാധിച്ചേക്കും. ഒരടി കൂടി ജലനിരപ്പുയർന്നാൽ സമീപ പാടശേഖങ്ങളിൽനിന്ന് വെള്ളം എ.സി. റോഡിലേക്ക് കവിഞ്ഞുകയറും. പാടശേഖരങ്ങളിൽ കൃഷിക്കായി പമ്പിങ് നടത്താതെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിയില്ല.
എ.സി റോഡിൽ രണ്ടിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവിടെ ഗതാഗതം മുടങ്ങിയാൽ അടിയന്തര വൈദ്യസഹായം വേണ്ട കോവിഡ് രോഗികളെ പോലും വേഗത്തിൽ ആശുപത്രിയിലെത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. നെടുമുടി, കൈനകരി, പുളിങ്കുന്ന്, കാവാലം, നീലംപേരൂർ, ചമ്പക്കുളം, മുട്ടാർ മേഖലകളെയാണ് നിലവിലെ വെള്ളപ്പൊക്ക ഭീഷണി ബാധിക്കുക. മങ്കൊമ്പ്-കാവാലം, നാരകത്ര-വാലടി റോഡുകൾ വെള്ളക്കെട്ടിലായി.
വീടുകൾ വെള്ളത്തിലായതോടെ നിരീക്ഷണത്തിലിരിക്കുന്നവരും കോവിഡ് രോഗികളും ദുരിതത്തിലാണ്. പ്രാഥമിക ആവശ്യങ്ങൾ പോലും ബുദ്ധിമുട്ടിലായി. ജലനിരപ്പ് ഇനിയും ഉയരുന്നതിന് മുമ്പ് പ്രദേശത്തെ കോവിഡ് രോഗികളെയെങ്കിലും ആലപ്പുഴയിലെ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്.
നിലവിൽ പ്രളയ സമാനമായ സാഹചര്യമില്ല. ആവശ്യമെങ്കിൽ ക്യാമ്പുകൾ തുറക്കും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾക്കു പകരം സംവിധാനമാണ് ആലോചിക്കുന്നത്. പഞ്ചായത്തുകൾ മുഖേന ഭക്ഷണപ്പൊതികൾ എത്തിക്കാൻ നടപടിയുണ്ടാകും. സാഹചര്യങ്ങൾ എം.എൽ.എ.യുടെയും, എ.ഡി.എമ്മിെൻറയും നേതൃത്വത്തിൽ ചർച്ച ചെയ്തുവെന്ന് കുട്ടനാട് തഹസിൽദാർ കെ. നവീൻ ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.