താറാവുകളുടെ കുത്തക കുട്ടനാടിന് സ്വന്തം
text_fieldsകോഴിമുട്ടയും ഇറച്ചിക്കോഴികളുമെല്ലാം തമിഴ്നാട്ടിൽ നിന്ന് വരവാണ്. താറാവുകളുടെ കാര്യത്തിൽ കേരളത്തിനാണ് മേൽക്കൈ. തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ പ്രിയം കുട്ടനാടൻ ചെമ്പല്ലിയും ചാരയും താറാവുകളെയാണ്. തൂക്കക്കൂടുതൽ, മുട്ടയിടാനുള്ള ശേഷി കൂടുതൽ, സാമാന്യം രോഗ പ്രതിരോധശേഷി എന്നിവയൊക്കെയാണ് ചാരയെയും ചെമ്പല്ലിയെയും താരമാക്കുന്നത്. ചാരയും ചെമ്പല്ലിയും വർഷത്തിൽ 180 ഓളം മുട്ടയിടും. പുറത്തുനിന്ന് വരുന്നവ 80-110 ദിവസമേ മുട്ടയിടൂ.
കുട്ടനാട്ടിൽ മിക്കവരും ഹാച്ചറിയിൽ നിന്ന് 24 രൂപക്ക് കുഞ്ഞുങ്ങളെ വാങ്ങിയാൽ 40 ദിവസം പ്രായമാകുമ്പോഴേക്കും വിൽക്കും. അപ്പോഴേക്കും നെല്ല് തിന്നുന്ന പരുവമാകും. പിന്നീട് മുന്നോട്ട് പോകണമെങ്കിൽ പാടങ്ങളിൽ മേയാനിറക്കണം. അപ്പോൾ സംരക്ഷണത്തിന് കൂലിക്ക് ആളെ വക്കണം. കൂലി ചെലവ് താങ്ങാൻ കഴിയുന്നവരെ തുടർന്ന് വളർത്തൂ. 40 ദിവസം പ്രായമായവക്ക് 85 രൂപവരെ ലഭിക്കും. കുഞ്ഞിന്റെ വിലയും 40 ദിവസത്തെ തീറ്റയും മരുന്നും കൂലിച്ചെലവും എല്ലാംകൂടി 70 രൂപയിലേറെ ചെലവ് വരും.
വാങ്ങുന്നവർ തമിഴ്നാട്ടിലും പാലക്കാട്ടുമൊക്കെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ കൊണ്ട്പോയി മേയാനിറക്കി വളർത്തും. അതിനായി കൊണ്ടുപോകാൻ വാഹനങ്ങളൊക്കെയുണ്ട്. അവിടെ നിന്ന് മുട്ടയിടുന്ന പരുവമാകുമ്പോഴേക്കും വീണ്ടും ഇവിടത്തുകാർ വാങ്ങാറുണ്ട്. വാങ്ങാത്തവയുടെ മുട്ടയാണ് തമിഴ്നാട്ടിൽ നിന്ന് വരുന്നത്. തമിഴ്നാട്ടിൽ താറാവ് ഹാച്ചറികളുണ്ടായിരുന്നില്ല. ഇപ്പോൾ കുറച്ചൊക്കെ ആയിവരുന്നതേയുള്ളൂ. അതിനാൽ താറാവുകളുടെ കുത്തക കുട്ടനാടിനാണ്. ഈ തിരിച്ചറിവ് കേരളത്തിലെ സർക്കാറിനില്ല. അതിനാലാണ് അവർ താറാവ് കർഷകരെ അവഗണിക്കുന്നത്. ജൈവ മുട്ട, ഇറച്ചി എന്നിവക്കായി പ്രസംഗിച്ച് നടക്കുന്നവരാണ് മന്ത്രിമാർ. കുട്ടനാടൻ മേഖലയിൽ അവ ഉണ്ടായിട്ടും മന്ത്രിമാർ കണ്ട മട്ട് നടിക്കുന്നില്ല.
വെറ്ററിനറി ഡോക്ടർമാർക്കും പേടി
വെറ്ററിനറി ഡോക്ടർമാർ കാണുമ്പോൾ ചക്കര വാക്ക് പറയുമെന്നല്ലാതെ അവർക്കും താറാവുകൾ അലർജിയാണെന്ന് കർഷകനായ സാമുവൽകുട്ടി പറയുന്നു. അവർ പറയുന്നത് ഞങ്ങൾക്കും പേടിയാണെന്നാണ്. പിന്നെ ഞങ്ങൾ എന്ത് ചെയ്യണം. ഞങ്ങൾക്ക് ഒരു പേടിയുമില്ല. ഞങ്ങൾ കുഞ്ഞുങ്ങളെ വളർത്തിയതും അവരെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതും ജീവിക്കുന്നതുമെല്ലാം ഇതിൽ നിന്ന് ലഭിച്ച വരുമാനം കൊണ്ടാണ്.
40 ദിവസം പ്രായമായ ഒരു താറാവിന് എട്ട് രൂപയെങ്കിലും ലാഭം കിട്ടിയില്ലെങ്കിൽ കർഷകന് ജീവിക്കാനാവില്ല. 5000 താറാവിനെ കൊടുത്താൽ 40,000 രൂപയെങ്കിലും ലാഭം കിട്ടിയില്ലെങ്കിൽ വളർത്തിയിട്ട് കാര്യമില്ല. വിറ്റാൽ പൈസ കിട്ടാൻ മാസങ്ങൾ കഴിയും. പൂവനാണ് ഡിമാൻഡ് കൂടുതൽ. ഇറച്ചിക്ക് മികച്ചത് പൂവനാണ്. മുട്ടക്കായി വളർത്തിയാൽ പക്ഷിപ്പനിയും മറ്റ് രോഗബാധയും ഒക്കെവന്ന് ചത്തുപോയാൽ വലിയ നഷ്ടമാകുമെന്നും സാമുവൽ കുട്ടി പറഞ്ഞു.
4100 താറാവുകളെ കൊന്ന് കത്തിച്ചു; ഉള്ളിൽ തീയുമായി ബിനോയി
തലവടി സ്വദേശി ബിനോയി ജോസഫിന്റെ 4100 താറാവുകളെയാണ് ശനിയാഴ്ച കൊന്ന് കത്തിച്ചത്. എടത്വ പള്ളിപെരുന്നാളിന് വിൽപനക്കായി വളർത്തിയവയായിരുന്നു. 120 ദിവസം പ്രായമായപ്പോഴാണ് രോഗബാധ. കണ്ണുകൾക്ക് നീല നിറംബാധിച്ച് ചുണ്ടുകൾ നിലത്തടിച്ച് ഒന്നൊന്നായി കുഴഞ്ഞ് വീണു. ലക്ഷണം കണ്ട ഉടനെ മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചു. അവർ സാമ്പിൾ ശേഖരിച്ച് 15 ദിവസത്തിന് ശേഷമാണ് ഫലം എത്തിയത്. 350 രൂപ നിരക്കിൽ വിൽപന നടത്തേണ്ടവയെയാണ് കൊന്ന് കത്തിക്കേണ്ടിവന്നത്. 14.35 ലക്ഷം രൂപയുടെ നഷ്ടമാണ് ബിനോയി ജോസഫിന് ഉണ്ടായിരിക്കുന്നത്. സർക്കാർ ധനസഹായം ലഭിക്കുമോയെന്ന് അറിയില്ലെന്ന് ബിനോയി ‘മാധ്യമ’ത്തോട് പറഞ്ഞു. ലഭിച്ചാലും എത്രകാലം കാത്തിരിക്കണം എന്ന ആശങ്കയാണ് ബിനോയിക്ക്. 14 ലക്ഷത്തോളം രൂപയുടെ കടമുണ്ട്. രണ്ടാഴ്ച മുമ്പ് പിതാവ് സ്ട്രോക്ക്വന്ന് കിടപ്പായി. ആശുപത്രിയിൽ വലിയതുക ചെലവായി.
നിത്യചെലവിനുപോലും ഗതിയില്ലാതായെന്ന് പറഞ്ഞ് സങ്കടപ്പെടുകയാണ് ബിനോയി ജോസഫ്. 2020ൽ കോവിഡ് സമയത്ത് 9000 താറാവുകൾ ചത്തിരുന്നു. അന്ന് 18 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മൃഗസംരക്ഷണ വകുപ്പിൽ നിന്ന് 50,000 രൂപ മാത്രമാണ് ലഭിച്ചതെന്ന് ബിനോയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.