പ്രളയഭീതിയിൽ കുട്ടനാട്; ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
text_fieldsആലപ്പുഴ: മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും അതിരൂക്ഷമായ വെള്ളക്കെട്ടിൽ ദുരിതം ഇരട്ടിയായി. ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ആര്യാട് വടക്ക് പഞ്ചായത്ത് തത്തംപള്ളി ഗവ. എല്‍.പി സ്കൂളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. തത്തംപള്ളി കുരിശ്ശടിക്ക് സമീപം വീടുകളിൽ വെള്ളം കയറിതോടെ കണ്ടത്തിൽ ജനാർദനൻ, രത്നമ്മ, സുരേന്ദ്രൻ എന്നിവരുടെ കുടുംബങ്ങളിലെ 12 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. മൂന്നുദിവസമായി കനത്തമഴയിൽ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാതെ കുടുംബങ്ങൾ വലഞ്ഞിരുന്നു.
കനത്ത കാറ്റിൽ മരം ഒടിഞ്ഞുവീണ് ഇതുവരെ ഏഴ് വീടാണ് തകർന്നത്. അമ്പലപ്പുഴ താലൂക്കിലാണ് ഏറെ നഷ്ടം. വെള്ളിയാഴ്ച മാത്രം നാലുവീട് ഭാഗികമായി തകർന്നു. മണ്ണഞ്ചേരി കോമളപുരം വില്ലേജ് പത്താംവാർഡിൽ അക്കൂട്ട്വെളിയിൽ ചന്ദ്രൻ, വടക്കേക്കര രാജേഷ്, കാക്കാഴം കുമരപുഴ ഗോപകുമാർ, മാവേലിക്കര കണ്ണമംഗലം ആശാരിപറമ്പിൽ മുരളീധരൻ എന്നിവരുടെ വീടാണ് മരംവീണ് തകർന്നത്. അമ്പലപ്പുഴ വടക്ക് അറുനൂറ്റിൽചിറ കഞ്ഞിപ്പാടം, ചമ്പക്കുളം പാടശേഖരങ്ങളിൽ വെളളംനിറഞ്ഞ് ജനജീവിതം ദുസ്സഹമായി. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ടാണുള്ളത്. അടിയന്തര സാഹചര്യം നേരിടാൻ ജില്ലയിൽ 431 ദുരിത്വാശ്വാസ കെട്ടിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയുടെ 39ഉം തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറും അന്ധകാരനഴിയിൽ 15 ഷട്ടറും തുറന്ന് ജലമൊഴുക്ക് സുഗമമാക്കുന്നുണ്ട്.
ജില്ലയിൽ ശരാശരി മഴ 38.74 മില്ലീമീറ്റർ
ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്ച ലഭിച്ചത് 38.74 മില്ലീമീറ്റർ ശരാശരി മഴയാണ്. ഏറ്റവും അധികം മഴ ലഭിച്ചത് ചേർത്തലയിലാണ്.
ഇവിടെ 51 മി.മീറ്റർ മഴയാണ് ലഭിച്ചത്. ആലപ്പുഴ- 22.8, മാവേലിക്കര- 30.2, കായംകുളം- 40.3, മങ്കൊമ്പ്- 20.2, കാർത്തികപ്പള്ളി-42 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ മഴ കണക്ക്.
പാടശേഖരങ്ങൾ നിറഞ്ഞു
വരുംദിവസങ്ങളിലും മഴ തുടർന്നാൽ പ്രളയമെത്തുമെന്ന ഭീതിയിലാണ് കുട്ടനാട്ടുകാർ. മൂന്നുദിവസത്തെ കനത്തമഴക്ക് നേരിയ ശമനമുണ്ടായെങ്കിലും ഗ്രാമീണ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലെയും നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ്. മങ്കൊമ്പ്, ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന്, നടുഭാഗം അടക്കമുള്ള പ്രദേശങ്ങളിലാണ് ജനജീവിതത്തെ കാര്യമായി ബാധിച്ചത്.
മങ്കൊമ്പ്-ചമ്പക്കുളം-എടത്വ പാതയിലെ പാടശേഖരം കരകവിഞ്ഞ് അരകിലോമീറ്റർ വെള്ളംകയറി. പ്രദേശത്തേക്ക് ഇരുചക്രവാഹനങ്ങളടക്കം കടന്നുപോകാൻ ബുദ്ധിമുട്ടുണ്ട്. വെള്ളമുയർന്നാൽ ഗതാഗതം പൂർണമായും നിലക്കും. ചമ്പക്കുളം സെന്റ് മേരീസ് എൽ.പി സ്കൂളിലെ ക്ലാസ് മുറികളിലും വെള്ളം ഇരച്ചെത്തി. ജൂൺ മൂന്നിന് അധ്യയനവർഷം ആരംഭിക്കാനിരിക്കെ വെള്ളംകയറിയത് പഠനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവിനൊപ്പം പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയർന്നു.
കൈതോടുകളിലും വെള്ളംനിറഞ്ഞു. വേമ്പനാട്ടുകായലിൽ ജലനിരപ്പ് കൂടി. പള്ളാത്തുരുത്തിയിൽ 1.17 മീറ്ററും നെടുമുടിയിൽ 1.30 മീറ്ററും ഉയർന്നു. മഴ കനത്താൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയിലാണ് ജനം.
അഞ്ചുദിവസം ദുരിതം; ഒടുവിൽ തുണയായി മോട്ടോർ
തോരാമഴയിൽ നഗരത്തിലെ അഞ്ച് വീട്ടിൽ വെള്ളംകയറിയിട്ട് അഞ്ചുദിവസമായി. ഒഴുകിപ്പോകാൻ മാർഗമില്ലാതായതോടെ വീട്ടുകാർ മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളംവറ്റിച്ചു. കൊമ്മാടി സെന്റ് മേരീസ് സ്കൂളിന് തെക്കുവശത്തെ അഞ്ച് വീട്ടുകാരാണ് ദുരിതത്തിലായത്. വാരിശ്ശേരിൽ അനിൽകുമാർ, സന്ധ്യറാണി, ഷിജു, ആന്റണി, പ്രദീപ് എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം ഇരച്ചെത്തിയത്. കാർഷെഡിലടക്കം നിറഞ്ഞ വെള്ളം ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. എം.എസ് കനാലിന്റെ കൈത്തോടായ അയ്മരത്തിന് കിഴക്ക് വെള്ളം പമ്പ് ചെയ്ത് ഒഴുക്കിയെങ്കിലും വീണ്ടും ദുരിതമെത്തുമെന്ന ആശങ്കയിലാണ് ഇവർ.
ദുരിതമൊഴിയാതെ ആലപ്പുഴ നഗരം
ആലപ്പുഴ നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടാണ് പ്രധാനപ്രശ്നം. സിവിൽ സ്റ്റേഷൻ, വലിയകുളം, പൂന്തോപ്പ്, തത്തംപള്ളി, പള്ളാത്തുരുത്തി, തിരുമല, പഴവീട്, ചുങ്കം, കൊമ്മാടി പ്രദേശങ്ങളിലെ 300ലധികം വീടുകളാണ് വെള്ളക്കെട്ടിൽ വലയുന്നത്. ഇടവഴികളിലും വെള്ളം നിറഞ്ഞ് സഞ്ചരിക്കാനാവത്ത സ്ഥിതിയുണ്ട്. എം.എസ് കനാലിൽ ജലനിരപ്പ് ഉയർന്നതാണ് പ്രശ്നം. ആറാട്ടുവഴി, പോപ്പി പാലങ്ങൾ പണിയാൻ സ്ഥാപിച്ച ബണ്ട് പൊളിച്ചുമാറ്റിയതും ദുരിതം ഇരട്ടിയാക്കി.
ശമിക്കാതെ മഴയുടെ ദുരിതം
അരൂര്‍: വെള്ളിയാഴ്ച പകല്‍ അരൂര്‍ മേഖലയില്‍ കാര്യമായി മഴ പെയ്തില്ല. ചെറിയ തോതില്‍ ഇടക്കിടെ മാത്രമാണ് മഴ പെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ത്താതെ പെയ്ത മഴയുടെ ദുരിതത്തിലാണ് ജനങ്ങൾ. ഉയരപ്പാത നിർമാണം നടക്കുന്ന അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ ഒച്ചിഴയും വേഗത്തിലായിരുന്നു യാത്ര. തകര്‍ന്ന സര്‍വിസ് റോഡും കുഴിയും വെള്ളക്കെട്ടുമായിരുന്നു കാരണം.
വ്യാഴാഴ്ച ചന്തിരൂര്‍ പാലത്തിന് തെക്കുഭാഗത്ത് ചരിഞ്ഞ തങ്കം ട്രാന്‍സ്ഫോർമറും വൈദ്യുതി തൂണുകളും ലൈനും പുനഃസ്ഥാപിച്ചിരുന്നു. മഴക്കൊപ്പം വീശിയടിച്ച കാറ്റില്‍ വീടിന് മുകളില്‍ പതിച്ച മരങ്ങള്‍ ഉടമകള്‍ വെട്ടിമാറ്റി. വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.