പോളശല്യം രൂക്ഷം; ഗതാഗതവും നീരൊഴുക്കും നിലച്ചു
text_fieldsകുട്ടനാട്: ജലാശയങ്ങളിൽ പോളശല്യം രൂക്ഷം. ഗതാഗതവും നീരൊഴുക്കും ജലലഭ്യതയും നിലച്ചു. കുട്ടനാട്ടിലെ ഇടതോടുകൾ മുതൽ പ്രധാന നദികൾ ഉൾപ്പെടെ പോള നിറഞ്ഞു കിടക്കുകയാണ്. പോള നിറഞ്ഞതോടെ ജല ഗതാഗതം നിലച്ചു. ചെറുവള്ളങ്ങളിൽപോലും തോടുകളിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
പ്രധാന നദികളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ജലപാത അടഞ്ഞതോടെ ബോട്ട് സർവിസും ദുഷ്കരമായി. ജലപാതയുടെ ആഴംകൂട്ടൽ നടത്തണമെന്നാവശ്യപെട്ട് സ്രാങ്ക് അസോസിയേഷൻ കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു.
ഒഴുക്ക് തടസ്സപ്പെട്ടതോടെ മാലിന്യം അടിഞ്ഞ് ജലലഭ്യത പൂർണമായി നിലച്ച അവസ്ഥയാണ്. ജല അതോറിറ്റിയുടെ ശുദ്ധജലം കിട്ടാത്ത പ്രദേശങ്ങളിൽ ജലാശയങ്ങളിലെ വെള്ളം തെളിച്ചൂറ്റിയാണ് ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. പോളക്കൊപ്പം കടകലും പുല്ലും നിറഞ്ഞതോടെ തോടുകൾ ഇഴജന്തുകളുടെ വിഹാര കേന്ദ്രമായി തീർന്നു. മാലിന്യം നിറഞ്ഞ തോടുകളിൽ അസഹ്യമായ ദുർഗന്ധമാണ്. ഇതുമൂലം വീടുകളിൽ പോലും കഴിച്ചുകൂട്ടാൻ പറ്റാത്ത സ്ഥിതിയാണ്.
പ്രളയാനന്തരം ജലാശയങ്ങളിലെ ആഴംകൂട്ടലും മാലിന്യം നീക്കം ചെയ്യലും തകൃതിയിൽ നടത്തിയെങ്കിലും പിന്നീട് പ്രവർത്തനം നിലച്ചിരുന്നു. മിക്ക പഞ്ചായത്തിലും ഫണ്ടിന്റെ അപര്യാപ്തമായതാണ് പ്രവർത്തനം നിലക്കാൻ കാരണമായത്.
തീവ്ര ശുചീകരണ പ്രവർത്തനത്തിന് സർക്കാർ മുറവിളി കൂട്ടുമ്പോൾ കുട്ടനാട്ടിലെ ഗ്രാമീണ ജലാശങ്ങളുടെ നവീകരണം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. വേനൽമഴ ആരംഭിക്കാനിരിക്കെ ഒഴുക്ക് തടസ്സപ്പെടുന്ന ജലപാതകളിലെ നവീകരണം പൂർത്തിയാക്കിയില്ലെങ്കിൽ കിഴക്കൻ വെള്ളം ഒഴുകിമാറാൻ കാലതാമസം വരുകയും വെള്ളപ്പൊക്കം നീളുകയും ചെയ്യുമെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു.
ജലാശയങ്ങളിൽ കെട്ടിക്കിടക്കുന്ന പോളയും പുല്ലും കടകലും മാലിന്യവും എക്കലും നീക്കംചെയ്ത് ഗ്രാമീണ നദികളുടെ നവീകരണം ഉറപ്പാക്കാൻ റവന്യൂ വകുപ്പും പഞ്ചായത്ത് അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.