കുട്ടനാടൻ പാടങ്ങളിൽ കരിഞ്ചാഴി ശല്യം; രണ്ടാംകൃഷിക്ക് ഭീഷണി
text_fieldsകുട്ടനാട്: രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളിൽ കരിഞ്ചാഴിയുടെ സാന്നിധ്യം. 3156 ഹെക്ടറിൽ വിത പൂർത്തിയായപ്പോഴാണ് കരിഞ്ചാഴിയെ കണ്ടത്. ഇത് കർഷകരിൽ ആശങ്കയുയർത്തുന്നു. ആലപ്പുഴ, ചമ്പക്കുളം, അമ്പലപ്പുഴ കൃഷി ബ്ലോക്ക് പരിധിയിൽ 42 പാടശേഖരങ്ങളിലാണ് വിത നടന്നത്.
പകൽ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്നതിനാൽ കരിഞ്ചാഴിയെ പെട്ടെന്ന് കണ്ടുപിടിക്കാനാകില്ല. തണ്ടുതുരപ്പെൻറയും എലിവെട്ടിെൻറയും സമാന ലക്ഷണങ്ങൾ കണ്ടാൽ കരിഞ്ചാഴി ആക്രമണം സംശയിക്കാം. പാടത്ത് ഇറങ്ങിനോക്കി കീടസാന്നിധ്യം ഉറപ്പിച്ചശേഷം നിയന്ത്രണ നടപടിയെടുക്കണം. 2009ലെ രണ്ടാംകൃഷിക്കാലത്ത് നീലംപേരൂർ പഞ്ചായത്തിലെ കൈനടി കിഴക്കുംപുറം പാടശേഖരത്തിലാണ് ആദ്യമായി കരിഞ്ചാഴി ആക്രമണം കാണപ്പെട്ടത്. തുടർന്നിങ്ങോട്ട് പല സീസണിലും ആക്രമണം ഉണ്ടായിട്ടുണ്ട്.
സംയോജിത നിയന്ത്രണമാർഗങ്ങളിലൂടെ കീടത്തെ നിയന്ത്രിക്കാമെന്ന് മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം(ഫോൺ: 0477 2702683) അറിയിച്ചു. കതിരിട്ടശേഷം ഒരു നെൽച്ചെടിയുടെ ചുവട്ടിൽ 10 കരിഞ്ചാഴികളുണ്ടെങ്കിൽ 35 ശതമാനംവരെ വിളനഷ്ടമാണ് ഫലം. വിളയുടെ ആരോഗ്യവും പ്രതിരോധ ശേഷിയും അനുസരിച്ച് നഷ്ടത്തിൽ വ്യത്യാസമുണ്ടാകാം ആദ്യഘട്ടത്തിലെ കീടബാധ വിളനഷ്ടത്തിന് കാരണമാകില്ലെന്നാണ് വിലയിരുത്തൽ.
കൃഷിയിടങ്ങളിൽ താറാവിനെ ഇറക്കിയാൽ കീടങ്ങളെ നിയന്ത്രിക്കാം. നെൽച്ചെടിയുടെ ചുവട് മുങ്ങുംവിധം പാടത്തിൽ വെള്ളം കയറ്റിയാൽ കീടങ്ങൾ മുകളിലേക്കുകയറുകയും പക്ഷികൾ ഭക്ഷിക്കുകയും ചെയ്യും. പരാദികളായ വിവിധയിനം വണ്ടുകളും ചിലന്തികളും കരിഞ്ചാഴിയെ അകത്താക്കും. അതിനാൽ രാസകീടനാശിനി പ്രയോഗം പാടില്ല. വിളക്കു കെണിയിൽ കുരുക്കാൻ സാധിക്കും. വിവിധയിനം മിത്രക്കുമിളുകൾ ഫലപ്രദമാണ്.ആക്രമണ സ്വഭാവവും ലക്ഷണങ്ങളും പകലിൽ മണ്ണിനടിയിലൊളിച്ചിരിക്കുന്ന കരിഞ്ചാഴികൾ രാത്രിയിൽ നെൽച്ചെടികളിൽനിന്ന് നീരൂറ്റിക്കുടിക്കുന്നു.
ചെടിക്കു മുരടിപ്പ്, ചിനപ്പുകളുടെ എണ്ണം കുറയൽ, ഓലകളിലെ നിറവ്യത്യാസം, നടുനാമ്പുവാട്ടം, ചെടിയൊന്നാകെ കരിഞ്ഞുപോകുക എന്നിവയാണ് ലക്ഷണങ്ങൾ. സുഷിരം വീണ് ഇലകൾ മുറിഞ്ഞുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.