നാട്ടുകാർക്ക് പ്രയോജനമില്ലാതെ ചങ്ങങ്കരി തൂക്കുപാലം; കോൺക്രീറ്റ് പാലത്തിന് കാത്തിരിപ്പ്
text_fieldsകുട്ടനാട്: നാട്ടുകാർക്ക് ഒരുപ്രയോജനമില്ലാതെ തൂക്കുപാലം. 45 ലക്ഷത്തിലേറെ മുടക്കി ഒരുപതിറ്റാണ്ട് മുമ്പ് പണികഴിപ്പിച്ച എടത്വ ചങ്ങങ്കരി തൂക്കുപാലമാണ് നിർമാണത്തിലെ അശാസ്ത്രീയത മൂലം നാട്ടുകാർക്ക് പ്രയോജനവുമില്ലാതായിരിക്കുന്നത്. പ്രായമായവർക്കും കുട്ടികൾക്കും നടന്ന് കയറാനും സൈക്കിൾ കയറ്റിയിറക്കാനുമെല്ലാം ബുദ്ധിമുട്ടാണ്.
പാലത്തിന്റെ അമിത പൊക്കവും കുത്തനെയുള്ള ഇറക്കവുമാണ് തിരിച്ചടിയായത്. ചുരുക്കത്തിൽ തൂക്കുപാലം തല ഉയർത്തി നിൽക്കുമ്പോഴും നാട്ടുകാർക്ക് വള്ളംതന്നെയാണ് ആശ്രയം. പമ്പാനദിയുടെ ഇരുകരയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന് മോചനമെന്നത് നാടിന്റെ അടിയന്തരാവശ്യമായി മാറിയിരിക്കുകയാണ്. കോൺക്രീറ്റ് പാലത്തിനുള്ള കാത്തിരിപ്പിലാണ് നാട്ടുകാർ.
തൂക്കുപാലത്തിന്റെ നിർമാണമാകട്ടെ അധികൃതർ അറ്റകുറ്റപ്പണിയിൽ ഒതുക്കുന്നെന്നാണ് പരാതി. എടത്വ ഗ്രാമപഞ്ചായത്തിന്റെ മൂന്ന്-13 വാർഡുകൾ തമ്മിൽ വേർതിരിക്കുന്ന പമ്പാനദിക്ക് കുറുകെ പതിറ്റാണ്ടിന് മുമ്പാണ് കുട്ടനാട്ടിലെ ആദ്യ തൂക്കുപാലം നിർമിച്ചത്. പച്ച മുതലുള്ള പ്രദേശത്തെ ആളുകൾക്ക് ചങ്ങങ്കരി, തായങ്കരി ഭാഗത്തേക്ക് എളുപ്പത്തിൽ എത്താൻ കഴിയുമായിരുന്നു.
കോൺക്രീറ്റ് പാലം ആവശ്യപ്പെട്ടുള്ള പ്രാദേശിക വികാരം മാനിക്കാതെയാണ് തൂക്കുപാലത്തിന്റെ നിർമാണം ആരംഭിച്ചത്. ഇരുപത്തഞ്ചിലേറെ പടികളിൽ കെട്ടിപ്പൊക്കിയ തൂക്കുപാലത്തിലൂടെ സഞ്ചരിക്കാൻ വയോധികരും സ്ത്രീകളും കുട്ടികളും പെടാപ്പാടാണ് പെടുന്നത്. എ.സി റോഡുമായി ബന്ധിപ്പിക്കുന്ന ചങ്ങങ്കരി-തായങ്കരി-വേഴപ്ര റോഡ് തൂക്കുപാലത്തിന് വടക്കേ കരയിൽ വരെ എത്തിയിട്ടുണ്ട്.
ചങ്ങങ്കരിയിൽ കോൺക്രീറ്റ് പാലം യാഥാർഥ്യമായാൽ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ പച്ച ജങ്ഷനിൽനിന്ന് എ.സി റോഡിലേക്ക് വളരെ വേഗത്തിൽ എത്താനാകും. വീയപുരം, ഹരിപ്പാട്, മാന്നാർ റൂട്ടിലെ യാത്രക്കാർക്കും പാത ഏറെ പ്രയോജനം ചെയ്യും.
നാട്ടുകാരുടെ എതിർപ്പ് മറികടന്ന് ലക്ഷങ്ങൾ മുടക്കി നിർമിച്ച തൂക്കുപാലം തുരുമ്പെടുത്ത് നശിച്ചുതുടങ്ങിയിട്ട് വർഷങ്ങളായി. യാത്രക്കാർ ജീവൻ പണയപ്പെടുത്തിയാണ് മറുകര താണ്ടുന്നത്. കെൽ നിർമിച്ച സഞ്ചാരയോഗ്യമല്ലാത്ത ചങ്ങങ്കരി തൂക്കുപാലം നിലവിൽ ഷൂട്ടിങ്ങിന് മാത്രമാണ് പ്രയോജനപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.