കുട്ടനാട്ടിലെ കൃഷിനാശം: 4.65 കോടി അനുവദിച്ചു
text_fieldsആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിലെ പാടശേഖരങ്ങളിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽനിന്ന് ലഭിച്ച 4.65 കോടി രൂപ കലക്ടർ അടിയന്തര നടപടികൾക്കായി പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസർക്ക് കൈമാറി.
കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ മടവീഴ്ച പരിഹരിച്ച് പ്രദേശവാസികളെ തിരികെ പുനരധിവസിപ്പിക്കാൻ ഈ തുക ഉപയോഗിക്കുമെന്ന് കലക്ടർ പറഞ്ഞു.
ആഗസ്റ്റിലുണ്ടായ ശക്തമായ മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കംമൂലം ജില്ലയിലെ വിവിധ പാടശേഖരങ്ങളിലെ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനും വെള്ളം പമ്പ് ചെയ്യുന്നതിനും ബണ്ടുകൾ പുനഃസ്ഥാപിക്കുന്നതിനുമായി 3.40 കോടിയും 2019ലെ പ്രളയത്തിൽ വെള്ളം വറ്റിച്ചതുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാൻ ബാക്കിയുള്ള തുക വിതരണം ചെയ്യാൻ 1.25 കോടിയും അടക്കം 4.65 കോടിയാണ് അനുവദിച്ചത്.
പമ്പ് ഉപയോഗിച്ച് പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ച് അടുത്ത പുഞ്ചകൃഷിക്ക് ഒരുക്കാനും ഈ തുക ഉപയോഗിക്കുമെന്ന് കലക്ടർ എ. അലക്സാണ്ടർ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ പ്രളയവുമായി ബന്ധപ്പെട്ട തുക തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് കൃഷി വകുപ്പ് ഉപഡയറക്ടർ എൻ. രമാദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.