സി.പി.എമ്മിൽ അതൃപ്തി പുകയുന്നു; തലവടിയിൽ 40 പേർ രാജി നൽകി
text_fieldsകുട്ടനാട്: കുട്ടനാട് ഏരിയ നേതൃത്വത്തിനെതിരെ സി.പി.എമ്മിൽ കലാപം. രണ്ടു ദിവസത്തിനുള്ളിൽ രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളടക്കം 86 പേർ രാജി പ്രഖ്യപിച്ചു. ഏരിയ നേതൃത്വത്തിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകുകയും ചെയ്തു. രാമങ്കരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 46 പേരും തലവടി എൽ.സിക്കു കീഴിലെ 40 പേരുമാണ് രാജി നൽകിയത്. ഏരിയ കമ്മിറ്റിക്ക് കീഴിലെ 10 ലോക്കൽ കമ്മിറ്റിയിലും നേതൃത്വത്തിനെതിരെ അതൃപ്തി പുകയുകയാണ്. ഏരിയ നേതൃത്വത്തിന്റെ അടിച്ചമർത്തൽ നിലപാടിനെതിരെയാണ് പ്രധാന രോഷം.
എന്നാൽ, ഓരോ ലോക്കൽ കമ്മിറ്റികളിലും വ്യത്യസ്തപ്രശ്നങ്ങളാണുള്ളത്. പാർട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് തലപൊക്കിയ വിഭാഗീയതയാണ് ഇപ്പോൾ തലവേദനയായി തീർന്നിട്ടുള്ളത്. ബ്രാഞ്ച് കമ്മിറ്റികളിലടക്കം കടുത്ത മത്സരങ്ങൾ അരങ്ങേറിയിരുന്നു. ലോക്കൽ സമ്മേളനങ്ങളിലും മത്സരവും വിഭാഗീയ പ്രവർത്തനങ്ങളും രൂക്ഷമായിരുന്നു.
പാർട്ടിയിലെ എതിരാളികളെ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ച സംഭവം ഉണ്ടായി. വാഹനങ്ങൾ അടിച്ചുതകർക്കുകയും വീടുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവവും അരങ്ങേറി. സമ്മേളന മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോൾ പോലും ജില്ല-സംസ്ഥാന നേതൃത്വങ്ങൾ പ്രശ്നങ്ങളിൽ ഇടപെടുകയോ നടപടിയെടുക്കുകയോ ഉണ്ടായില്ല. ഇതാണ് പൊട്ടിത്തെറിയിലെത്തിയത്. നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യംചെയ്ത ചില സജീവ പാർട്ടി പ്രവർത്തകരെ പിന്നീട് നടപടിയെടുത്ത് പുറത്താക്കിയതും പ്രകോപനമായി. പാർട്ടി വിട്ടുപോകുന്നത് ആലോചിച്ചിട്ടില്ലെന്നും സംസ്ഥാന നേതൃത്വം വിഷയം ഗൗരവമായെടുത്ത് വിഷയം കേൾക്കാൻ തയാറാകുകയാണ് വേണ്ടതെന്ന് ഇവർ പറയുന്നു. അതിനിടെ 4.30ഓടെ രാമങ്കരി ലോക്കല്‍ കമ്മിറ്റി ഓഫിസിനു മുന്നിൽ പ്രവർത്തകർ തമ്മിൽ സംഘര്‍ഷമുണ്ടായി. കോളനി കിഴക്ക് ബ്രാഞ്ച് സെക്രട്ടറി ഹരിഹരന്, രാമങ്കരി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ശരവണന്, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് പ്രസിഡന്റ് രഞ്ചിത്ത് എന്നിവരുള്‍പ്പെടെ അഞ്ചോളം പേര് പാര്‍ട്ടി ഓഫിസിനു മുന്നിലെത്തി അസഭ്യം പറയുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്ത രാമങ്കരി പഞ്ചായത്ത് അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ രാജീവ് ഉതുംതറയെയും പാർട്ടി അംഗം പ്രവീണിനെയും സംഘം മർദിച്ചു. വിഭാഗീയതയാണ് സംഘര്‍ഷത്തിനു കാരണം.
പഞ്ചായത്ത് ഭരണം കൂടി കൈയാളുന്ന വിഭാഗമാണ് രാമങ്കരിയിലെ ഔദ്യോഗിക പക്ഷം. ഞായറാഴ്ച നടന്ന രാമങ്കരി വടക്ക്, മാമ്പുഴക്കരി കിഴക്ക് ബ്രാഞ്ച് യോഗങ്ങളിൽ ഔദ്യോഗിക പക്ഷത്തെ പ്രതിനിധാനം ചെയ്യുന്നവരാണ്. ഇത് മറുപക്ഷത്തെ പ്രകോപിതരാക്കി. ഇതാണ് സംഘര്‍ഷത്തിലെത്തിയത്. പരിക്കേറ്റ രണ്ടുപേരും ഔദ്യോഗിക പക്ഷത്തെ പ്രതിനിധാനം ചെയ്യുന്നവരാണ്.
മുട്ടാറിലും കൂട്ടരാജി
കുട്ടനാട്: വിഭാഗീയതയെ തുടർന്ന് മുട്ടാറിൽ നേതാക്കളടക്കം 40ഓളം പ്രവർത്തകർ സി.പി.എമ്മിൽനിന്ന് രാജിവെച്ചു. രണ്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരാണ് രാജിവെച്ചത്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പല കമ്മിറ്റികളിലും ഉന്നയിച്ചിട്ടും മറുപടിയുണ്ടായില്ലെന്നും ജില്ല കമ്മിറ്റിയും വിഷയങ്ങളോട് മുഖംതിരിച്ചെന്നും ഇവർ ചൂണ്ടിക്കാട്ടി. സംസ്ഥാന കമ്മിറ്റി നേരിട്ട് വിഷയത്തിൽ ഇടപെടണമെന്നായിരുന്നു ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.