എഴുന്നള്ളിപ്പിന് അനുമതി നാമമാത്രം; വയറുനിറയാതെ ആനകൾ
text_fieldsകുട്ടനാട്: കോവിഡ് നാളിൽ ആനയ്ക്കും ആന ഉടമകൾക്കും തലയെടുപ്പ് നഷ്ടപ്പെടുകയാണ്. മൂന്നാം വർഷവും ഉത്സവകാലം കോവിഡിൽ മുങ്ങിയത് ആന ഉടമകളെ കഷ്ടത്തിലാക്കി. ഈ വർഷവും ക്ഷേത്ര ഉത്സവങ്ങൾക്ക് ഒരു ആനയെ മാത്രം എഴുന്നള്ളിക്കാനാണ് അനുമതി.
രണ്ട് തിടമ്പുള്ള ക്ഷേത്രങ്ങളിൽ രണ്ടാന വരെ ആകാം. ആനകളിൽ നിന്നുള്ള വരുമാനം നിലച്ചെങ്കിലും ചെലവിന് കുറവില്ലാത്തതിനാൽ ആനകളുടെ സംരക്ഷണം ഉടമകൾക്ക് വലിയ ബാധ്യതയാവുകയാണ്. കൂടുതൽ ആനകളുള്ളവരാണ് കൂടുതൽ വെട്ടിലായിരിക്കുന്നത്.
ഒരാനക്ക് മാത്രം ദിവസവും തീറ്റക്കും മറ്റുമായി 3500 -4000 രൂപയോളം ചെലവ് വരുന്നുണ്ട്. പനംപട്ടയ്ക്ക് 1000 രൂപ വേണം. തീറ്റവെട്ടുന്നവർക്ക് 500രൂപ നൽകണം, ലോറി, പിക്അപ് വാൻ ഡ്രൈവർമാർക്ക് 500 രൂപ വീതമാണ് കൂലി. ഒരു ആനയ്ക്ക് മൂന്ന് പാപ്പാൻമാർ ഉണ്ടാകും. ഒരാൾക്ക് ദിവസം 500 രൂപ നൽകണം. അഞ്ചു കിലോ അരി, പഞ്ഞപ്പുല്ല്, കടല, ഉഴുന്ന് എന്നിവ അടങ്ങുന്ന ആരോഗ്യ സംരക്ഷണത്തിനായി പൊടിച്ചോറിനൊപ്പം നൽകണം. ഇത് തമിഴ്നാട്ടിലെ കമ്പത്ത് നിന്നാണ് എത്തിക്കുന്നത്. കുറഞ്ഞത് 250 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കാൻ കൊടുക്കണം. അമ്പതിനായിരം രൂപ വരെയാണ് ആനക്കുള്ള ഒരു വർഷത്തെ ഇൻഷ്വറൻസ് പ്രീമിയം. ഡിസംബർ മുതൽ മേയ് വരെയാണ് പ്രധാന ഉത്സവ സീസൺ. ആന എഴുന്നള്ളത്ത് കൂടുതലുള്ള ഉത്സവങ്ങൾ ഈ വർഷവും നഷ്ടമാകും.
കോവിഡ് വ്യാപകമായി ഉത്സവങ്ങൾ ഇല്ലാതായതോടെ ഉടമകളുടെ വീടുകളിലോ ക്ഷേത്ര മുറ്റത്തോ ആനകളെ തളച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിലൊരിക്കൽ കുളിപ്പിക്കണം, അഴിച്ചു കെട്ടണം, പോക്ഷകാഹാരമുള്ള ഭക്ഷണം നൽകുന്നില്ലെങ്കിൽ ആരോഗ്യസ്ഥിതി മോശമാകും.
മദപ്പാടോ, എരണ്ടക്കെട്ടോ വന്നാൽ ചെലവ് കൂടും. ആനകളെ പാട്ടത്തിന് കൊടുത്ത് കിട്ടിയിരുന്ന വരുമാനം മൂന്ന് വർഷമായി ഇല്ല. എന്നാൽ, സംരക്ഷണ ചെലവ് കൂടി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആനകൾക്ക് സൗജന്യ റേഷൻ അനുവദിക്കാൻ സർക്കാർ തയാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.