നല്ല നാളിലും നെല്ലിെൻറ പണമില്ല; കണ്ണീരോടെ കർഷകർ
text_fieldsകുട്ടനാട്: നല്ലനാൾ എത്തിയിട്ടും അന്നം വിളയിക്കുന്ന കർഷകർക്ക് കണ്ണീർക്കാലം. ഓണത്തിന് മുമ്പ് കർഷകർക്ക് പണം നൽകുമെന്ന് പ്രഖ്യാപിച്ച സർക്കാർ നെൽ കർഷകരോട് മുഖംതിരിച്ചതോടെ ഓണം വറുതിയിലായി. 27,791 നെൽ കർഷകർക്കാണ് ജില്ലയിൽ പണം ലഭിക്കാനുള്ളത്. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ താങ്ങുവില വിഹിതമായ കിലോഗ്രാമിന് 7.92 രൂപ അനുസരിച്ചുള്ള തുക ഓണത്തിനുമുമ്പ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്നായിരുന്നു അറിയിപ്പ്. കിട്ടേണ്ട തുകയുടെ 28 ശതമാനം വരും ഇത്.
സംസ്ഥാന വിഹിതം ട്രഷറി വഴി പാസാക്കി നല്‍കുന്നത് വെള്ളിയാഴ്ച രാത്രിയോടെ നിലച്ചു. തുടര്‍ച്ചയായ അഞ്ച് അവധി ദിവസങ്ങള്‍ ഉള്ളതിനാൽ ഓണത്തിന് പണം ലഭിക്കുമെന്നത് സ്വപ്നമായി. ബാങ്ക് അക്കൗണ്ടിലേക്ക് തുക നല്‍കുന്നത് ഓണ്‍ലൈൻ ആയതിനാൽ പണം കിട്ടുമെന്ന പ്രതീക്ഷ കര്ഷകര്ക്കുണ്ടായിരുന്നെങ്കിലും ഇതുവരെയും പണം വന്നില്ല. ബാങ്ക് കാൾ സെന്ററില്‍നിന്ന് വെള്ളിയാഴ്ച വിളി വന്ന കര്‍ഷകര്‍ക്കുപോലും പണം കിട്ടിയില്ലെന്ന പരാതിയുമുണ്ട്.
സംസ്ഥാന വിഹിതം ഓണത്തിനുമുമ്പ് അക്കൗണ്ടിൽ നല്‍കാനും കേന്ദ്ര വിഹിതമായ 20.40 രൂപ വെച്ചുള്ള തുക ഓണത്തിനുശേഷം പി.ആർ.എസ് വായ്പയായി നല്‍കാനുമായിരുന്നു തീരുമാനം. 50,000 രൂപയിൽ കുറവ് നെല്ലുവില ലഭിക്കാനുള്ളവര്‍ക്ക് ട്രഷറിയില്‍നിന്ന് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കുന്നത് പൂര്‍ത്തിയായെന്നാണ് സപ്ലൈകോ അറിയിച്ചത്. എന്നാൽ, ഈ തുകപോലും കിട്ടിയില്ലെന്ന് ചില കര്‍ഷകർ പരാതിപ്പെടുന്നു. രജിസ്റ്റർ ചെയ്തപ്പോൾ നല്കിയ ബാങ്ക് അക്കൗണ്ട് നമ്പറിലും പിന്നീട് നെല്ലുവില കിട്ടാൻ മാറ്റിനല്‍കിയ അക്കൗണ്ട് നമ്പറിലും പിശക് സംഭവിച്ചവര്‍ക്കു മാത്രമാണ് തുക കിട്ടാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ട്രഷറി നിയന്ത്രണംമൂലം കൂടുതൽ പേരുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്നും പറയുന്നു. എത്ര പേര്‍ക്ക് നെല്ലുവില നല്കി, ഇനി എത്ര പേർക്ക് കിട്ടാതെയുണ്ട് എന്ന കണക്കുപോലും സപ്ലൈകോ വെളിപ്പെടുത്തുന്നില്ല.
അതേസമയം, നെല്ലുവിലയിൽ അടിക്കടിയുള്ള തീരുമാനം മാറ്റം കർഷകർക്കും പാഡി മാർക്കറ്റിങ് ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടാകുന്നുണ്ട്. ഓരോ സമയത്തെയും തീരുമാനങ്ങൾക്കനുസരിച്ച് രേഖകൾ തയാറാക്കണം. 50,000 രൂപ കിട്ടാനുള്ളവരുടെ പട്ടിക തയാറാക്കിയ ശേഷമാണ് ഒരുലക്ഷത്തിന്റെ പട്ടിക തയാറാക്കാൻ ആവശ്യപ്പെട്ടത്. ഇത് തയാറാക്കി വന്നപ്പോഴാണ് എല്ലാവർക്കും സംസ്ഥാന വിഹിതം നൽകാൻ തീരുമാനിച്ചത്. ഓരോ കർഷകനും കിട്ടേണ്ട തുകയുടെ 28 ശതമാനം കണക്കാക്കി ട്രഷറിയിൽ നൽകുകയാണ് അവസാനം ചെയ്തത്. ബാക്കി തുക ഇനി നെല്ലു കൈപ്പറ്റ് രസീതിൽ (പി.ആർ.എസ്) വായ്പയായി നൽകാനാണ് തീരുമാനം.
433 കോടി രൂപയാണ് നെൽ കർഷകർക്ക് നല്കാനുണ്ടായിരുന്നത്. രണ്ടു ഘട്ടങ്ങളായി സംസ്ഥാന സര്‍ക്കാർ ഇതുവരെ 180 കോടി രൂപ നെല്ലു സംഭരണത്തിന് അനുവദിച്ചു. 72 കോടി ധനവകുപ്പ് ട്രഷറിയിൽനിന്ന് നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കൈമാറി. സപ്ലൈകോ അക്കൗണ്ടിൽ പണം എത്തി ഇടപാടുകൾ നടന്നാൽ അനുസൃതമായ തുക പി.ആർ.എസ് വായ്പയായി നല്‍കാമെന്ന വ്യവസ്ഥ ബാങ്കുകളുടെ കൂട്ടായ്മ മുന്നോട്ടുവെച്ചിരുന്നു. ബാക്കി 108 കോടി രൂപ സര്‍ക്കാർ സപ്ലൈകോയുടെ അക്കൗണ്ടിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.