ചൂടിൽ നെല്ലിന് തൂക്കം കുറയുന്നു; നഷ്ടം സഹിച്ച് കർഷകർ
text_fieldsകുട്ടനാട്: കനത്ത വേനൽച്ചൂടിൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നു. നെൽക്കാമ്പ് ഉണങ്ങിക്കരിയുന്നതിനാൽ നെല്ലിന്റെ തൂക്കം കുറഞ്ഞ് കർഷകർ നഷ്ടം സഹിക്കുകയാണ്. ഏക്കറിന് 20 ക്വിന്റലിൽ താഴെ മാത്രം ലഭിക്കുന്നതിനാൽ കൃഷി നഷ്ടത്തിലാണെന്ന് കർഷകർ പറയുന്നു.
സാധാരണ വിളവെത്താറാകുമ്പോൾ മഴ ലഭിക്കുകയും നെല്ലിന് നല്ല ദൃഢതയുണ്ടാകുകയും ചെയ്യാറുണ്ട്. എന്നാൽ, മഴ കുറഞ്ഞതോടെ നെൽക്കതിരുകൾ ഉണങ്ങുകയാണ്. പാഡി മാർക്കറ്റിങ് അധികൃതരുടെ ഇടപെടലിനെ തുടർന്ന് കിഴിവിന്റെ അളവ് കുറക്കുന്നുണ്ടെങ്കിലും മില്ലുടമകളുടെ ഏജന്റുമാർ അഞ്ച് മുതൽ ഒമ്പത് കിലോ വരെ കിഴിച്ചാണ് നെല്ല് വാങ്ങുന്നത്. മുട്ടാർ പഞ്ചായത്തിലെ ഇന്ദ്രാണി കാച്ചാങ്കേരി പാടത്തെ കർഷകർ കിഴിവ് കൊടുക്കാത്തതിന്റെ പേരിൽ ഒരാഴ്ച കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചിട്ടില്ല.
പുഞ്ചക്കൊയ്ത്തിൽ തിങ്കളാഴ്ച വരെ 65 ലോഡ് നെല്ല് കായൽ നിലത്ത് കൂട്ടിയിട്ടിരിക്കുകയാണ്. കായലിന്റെ കിഴക്കും വടക്കും തെക്കും ബണ്ടരികിൽ പ്ലാസ്റ്റിക് ഷീറ്റ് നിരത്തി അതിലാണ് നെല്ല് നിരത്തിയിട്ടുള്ളത്. നെല്ലിന് കാവലിരിക്കുന്ന കർഷകർ രാപ്പകൽ ബണ്ടിൽതന്നെ താമസിക്കുകയാണ്. മഴ, കീടബാധ, കാലാവസ്ഥ വ്യതിയാനം എന്നിവ കാരണം നെല്ല് മോശമായ സമയത്തുപോലും സംഭരണം വേഗം നടക്കാറുണ്ടായിരിക്കെയാണ് വേനലിൽ സംഭരണം വൈകുന്നത്.
അന്യായമായി കിഴിവ് വാങ്ങിയെടുക്കാൻ പാഡി മാർക്കറ്റിങ് ഓഫിസർമാരെ മില്ലുടമകൾ കരുവാക്കുകയാണെന്ന് കർഷകർ പറയുന്നു. കൊയ്തുകൂട്ടിയ നെല്ല് പാടത്തിട്ടു വിലപേശുന്ന അവസ്ഥയാണ്. കിഴിവ് വാങ്ങുന്നതിന്റെ കണക്ക് സമർപ്പിക്കുകയും അതിന്റെ വില നൽകാൻ സർക്കാർ തയാറാകുകയും വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. കാലാവസ്ഥ പ്രതികൂലമാകുന്നതിന് മുമ്പ് കൊയ്ത്ത് പൂർത്തിയാക്കാൻ കൂടുതൽ യന്ത്രങ്ങൾ സ്ഥലത്തെത്തിച്ചിരുന്നു. ജില്ലയിൽ ഇതുവരെ 8822 മെട്രിക് ടൺ നെല്ല് സപ്ലൈകോ സംഭരിച്ചു. ഏകദേശം 4000 ഹെക്ടറിൽ വിളവെടുപ്പ് കഴിഞ്ഞു. ഇക്കുറി വിളവു കുറയാൻ കാരണം അമിത ചൂടാണ്. കുറഞ്ഞത് 25 ക്വിന്റൽ നെല്ല് ലഭിക്കാത്തവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്ന ആവശ്യം കർഷകർ ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.