കനത്ത മഴ: ദുരിതം പേറി അപ്പർ കുട്ടനാട്
text_fieldsഹരിപ്പാട്: ദിവസങ്ങളായുള്ള മഴയിൽ അപ്പർ കുട്ടനാട്ടിലെ കർഷകർക്ക് കനത്ത ദുരിതം. കൊയ്ത്തിന് പാകമായ ചെറുതന തേവേരി പാടശേഖരത്തിലെ നെല്ല് അധികവും വെള്ളത്തിലായി. വെള്ളം ഇറങ്ങാതെ കിടന്നാൽ നെല്ല് കിളിർത്ത് നശിച്ചുപോകാൻ സാധ്യതയുള്ളതിനാൽ കർഷകർ പാടശേഖരത്തിലെ മോട്ടോർ കൂടാതെ മൂന്നു വലിയ എൻജിനുകൾകൂടി സംഘടിപ്പിച്ച് പരമാവധി വെള്ളം വറ്റിക്കാനുള്ള ശ്രമത്തിലാണ്. പമ്പ-അച്ചൻകോവിലാറുകൾ മിക്ക സ്ഥലത്തും കരകവിഞ്ഞു. റോഡ് ഗതാഗതം പലയിടത്തും താറുമാറായി.
മികച്ച വിളവ് കൊയ്തെടുക്കാറായ സമയത്ത് പെയ്ത തീവ്രമഴ കർഷകരുടെ പ്രതീക്ഷകളാണ് തകർത്തത്. വട്ടിപ്പലിശക്ക് പണം കടം വാങ്ങിയും പണയം വെച്ചും ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തും കൃഷിയിറക്കിയ സാധാരണക്കാരായ കർഷകരാണ് ഏറെയും.
400 ഏക്കർ വിസ്തൃതിയുള്ള ഇവിടെ 276 കർഷകരാണുള്ളത്. മഴ തുടർന്നാൽ വിളവ് ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഇവർ. വീയപുരം പഞ്ചായത്തിൽ കൃഷിക്കൊരുക്കിയ പാടശേഖരങ്ങളിലും വെള്ളം കയറി വിതയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
അപ്പർ കുട്ടനാടൻ മേഖലയിലെ കരുവാറ്റ, പുറക്കാട്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിലെ കരിനിലങ്ങളിൽ 35 ദിവസത്തോളം മൂപ്പെത്തിയ നെൽച്ചെടികൾ പറിച്ചുനടാനോ വ്യാപകമായി പടരുന്ന ചുരുട്ട്, എരിച്ചിൽ രോഗങ്ങൾക്ക് മഴ കാരണം മരുന്നു തളിക്കാനോ കഴിയാതെ കർഷകർ ദുരിതം പേറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.