കുട്ടനാട് വികസനം: മേല്‍നോട്ടത്തിന് ജില്ലതല ഏകോപന സമിതി
text_fieldsആലപ്പുഴ: കുട്ടനാട് മേഖലയിലെ വികസനപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് ജില്ലതലത്തില്‍ ഏകോപന സമിതി രൂപവത്കരിച്ചു. കലക്ടര്‍ ചെയര്‍മാനും ജില്ല വികസന കമീഷണര്‍ കണ്‍വീനറുമായ സമിതിയില്‍ കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് രാജേശ്വരി, വിവിധ വകുപ്പുകളുടെ ജില്ല മേധാവികള്‍ എന്നിവര്‍ അംഗങ്ങളാണ്.
കുട്ടനാടിെൻറ സമഗ്രവികസനവും തുറവൂര്‍, അരൂര്‍ മേഖലകളില്‍ വേലിയേറ്റം മൂലം ജനം നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ സജി ചെറിയാന്, പി. പ്രസാദ്, റോഷി അഗസ്റ്റിന് എന്നിവരുടെ നേതൃത്വത്തില്‍ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിലായിരുന്നു യോഗം.
745 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് കുട്ടനാട്ടിലും സമീപ മേഖലകളിലുമായി നടപ്പാക്കിവരുന്നത്. ഇവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നിര്‍വഹണ പുരോഗതി കൃത്യമായി വിലയിരുത്തുകയും ഇനിയും ആവശ്യമുള്ള പദ്ധതികള്‍ നിര്‍ണയിക്കുകയും ചെയ്യുന്ന ചുമതല ജില്ലതല സമിതിക്കായിരിക്കുമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. എല്ലാ മാസവും സമിതി യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും. മൂന്നുമാസത്തില്‍ ഒരിക്കല്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരും.
കുട്ടനാട് മേഖല നേരിടുന്ന എല്ല പ്രധാന പ്രശ്നങ്ങള്‍ക്കും അടുത്ത നാലര വര്‍ഷത്തിനുള്ളില്‍ ജനപങ്കാളിത്തത്തോടെ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇവിടുത്തെ ഇടത്തോടുകളുടെ പട്ടിക തയാറാക്കി തൊഴിലുറപ്പ് തൊഴിലാളികളുടെയും കര്‍ഷകരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കി ആഴം കൂട്ടും. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായി നീക്കണം. ഇവ സംസ്കരിച്ച് റോഡ് ടാറിങ്ങിന് ഉപയോഗിക്കുന്നതിന് പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം. തോട്ടപ്പള്ളി സ്പില്‍വേയില്‍ വെള്ളത്തിെൻറ ഒഴുക്ക് സുഗമമാക്കുന്നതിന് ക്രമീകരണങ്ങള്‍ ഈ സീസണില്‍തന്നെ പൂര്‍ത്തീകരിക്കും. സ്പില്‍വേയില്‍ നൂതന ഷട്ടര്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള സാധ്യത ജലസേചന വകുപ്പ് പരിശോധിക്കണം. കുട്ടനാട്ടിലെ റോഡുകള്‍ ഏറ്റെടുത്ത് ഉയരം കൂട്ടി നവീകരിക്കാനുള്ള പദ്ധതികളും തയാറാക്കണം. കുട്ടനാട് കുടിവെള്ള പദ്ധതിക്കു വേണ്ടിയുള്ള ഭൂമി കൈമാറ്റ നടപടി ജനുവരിയില്‍ പൂര്‍ത്തീകരിക്കാനും അടുത്ത വര്‍ഷം ഏപ്രിലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് രണ്ടു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു.
ചേര്‍ത്തല, അരൂര്‍ മേഖലയിലെ ജനം വേലിയേറ്റം മൂലം നേരിടുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് കൃഷി, ജലസേചനം, ഫിഷറീസ് വകുപ്പുകള്‍ കൂട്ടായ പരിശ്രമം നടത്തണം. ഈ മേഖലയില്‍ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിക്കും.
ഏറെ വെല്ലുവിളികൾ അതിജീവിച്ച് കാര്‍ഷികവൃത്തി ചെയ്യുന്ന കുട്ടനാട്ടിലെ കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാറിന് പ്രത്യേക പരിഗണനയുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കുട്ടനാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. എം.എല്‍.എമാരായ തോമസ് കെ. തോമസ്, ദലീമ ജോജോ, കലക്ടര്‍ എ. അലക്സാണ്ടര്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, ജില്ല വികസന കമീഷണര്‍ കെ.എസ്. അഞ്ജു, സബ് കലക്ടര്‍ സൂരജ് ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.