വേലിയേറ്റവും ഭീഷണി; ഭൂനിരപ്പ് താഴുന്നു, കുട്ടനാട് ഭീതിയിൽ
text_fieldsകുട്ടനാട്: വേലിയേറ്റം കാരണം കുട്ടനാടിന്റെ പലഭാഗങ്ങളും വെള്ളക്കെട്ടിൽ. സാധാരണ വേലിയേറ്റ സമയത്ത് ഉയരുന്നത്ര വെള്ളം മാത്രമാണ് ഇക്കുറിയും ഉയർന്നത്. എന്നാൽ, ഭൂനിരപ്പ് താഴ്ന്നതു കൊണ്ടാണ് സമീപ വർഷങ്ങളിൽ വേലിയേറ്റം വെള്ളക്കെട്ടായി മാറുന്നതെന്നാണ് കുട്ടനാട് കായൽനില ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലെ കണ്ടെത്തൽ. മഴക്കാല പ്രളയത്തെക്കാൾ കുട്ടനാട്ടുകാർ പേടിക്കുന്നത് വേലിയേറ്റത്തെയാണ്.
വേലിയേറ്റ സമയത്ത് 40 സെന്റീമീറ്റർ വരെയാണ് ജലനിരപ്പ് ഉയരുന്നത്. ബണ്ടുകൾ ഉൾപ്പെടെ കരഭൂമി 30 സെന്റീമീറ്റർ താഴ്ന്നതു കൊണ്ട് പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാകുന്നതായാണ് പുതിയ കണ്ടെത്തൽ. കരഭൂമി താഴ്ന്നതോടെ ബണ്ടുകൾക്ക് ഉയരം കുറഞ്ഞിട്ടുണ്ട്. ഇതുകാരണം ബണ്ടുകളുടെ മുകളിലൂടെ വെള്ളം കയറും. വെള്ളത്തിന്റെ നിരപ്പ് ഉയരുന്നത് ബണ്ട് പൊട്ടാനുള്ള സാധ്യത കൂട്ടുന്നുമുണ്ട്. കാലങ്ങളായി ഒഴുകിയെത്തിയ എക്കലിനാൽ നിർമിതമാണ് കുട്ടനാട്. മുമ്പ് ഓരോ വർഷവും കട്ടകുത്തി (ചെളി കോരി ബണ്ട് ഉയർത്തുന്നത്) പുറംബണ്ടുകൾ ഉയർത്തുമായിരുന്നു. രണ്ടു പതിറ്റാണ്ടായി കട്ട കുത്തൽ കുറഞ്ഞു.
ഇതിനൊപ്പം പ്രളയജലം രണ്ടു മാസത്തോളം കുട്ടനാടൻ കരഭൂമിയിൽ കെട്ടിക്കിടക്കുന്നതുമാണ് ഭൂമി താഴാൻ കാരണം. വേലിയേറ്റ സമയത്ത് മുമ്പും വെള്ളം ഉയരുമായിരുന്നെങ്കിലും ബണ്ടുകൾ സുരക്ഷയൊരുക്കുമായിരുന്നു. ബണ്ടുകൾ ഉൾപ്പെടെ കരഭൂമി താഴ്ന്നതോടെയാണ് വേലിയേറ്റ സമയത്ത് കരയിലേക്കും വെള്ളം കയറാനും മടവീഴാനും തുടങ്ങിയത്. കുട്ടനാട്ടിൽ ബണ്ടുകൾ പാടശേഖരങ്ങളുടെ സംരക്ഷണഭിത്തി മാത്രമല്ല. കുട്ടനാട്ടിലെ മിക്ക വീടുകളും നിർമിച്ചിരിക്കുന്നത് തന്നെ ബണ്ടുകളിലാണ്.
പരമ്പരാഗത രീതിയിൽ കട്ടകുത്തിയാൽ കുട്ടനാട് താഴുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ ഒഴിവാക്കാമെന്ന് കുട്ടനാട്ടുകാരും വിദഗ്ധരും പറയുന്നത്. മഴക്കാലത്ത് കായലിലും തോടുകളിലുമെത്തുന്ന എക്കൽ കോരി ബണ്ടുകളും കരഭൂമികളും ഉയർത്തുന്നത് കുട്ടനാട്ടിൽ സാധാരണയായിരുന്നു. 25 വർഷത്തോളമായി കുട്ടനാട്ടിൽ കട്ടകുത്തൽ നിലച്ചിരിക്കുകയാണ്.
ചെലവ് ഉയർന്നതും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതുമാണ് കട്ടകുത്തൽ നിലക്കാൻ കാരണം. നദികളിലെ മണൽവാരൽ നിരോധിച്ചതിനൊപ്പം എക്കൽ വാരലും ഉൾപ്പെടുത്തിയതാണ് കട്ടകുത്തുന്നത് നിലക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.