കുറഞ്ഞും കൂടിയും വെള്ളം കരകയറാതെ കുട്ടനാട്
text_fieldsകുട്ടനാട്: പകൽ ഇടവിട്ടും രാത്രി നിർത്താതെയും പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്‍റെ വരവും കുട്ടനാട്ടിൽ പലഭാഗത്തും ജലനിരപ്പ് ജനജീവിതത്തിന് ഭീഷണിയായി. രാത്രി പെയ്യുന്ന മഴയാണ് രാവിലെ ജലനിരപ്പ് ഉയരാൻ കാരണമാകുന്നത്.
പമ്പ, അച്ചൻകോവിലാറുകളിൽനിന്ന് ഒഴുകിയെത്തുന്ന കിഴക്കൻ വെള്ളവും വേലിയേറ്റും കൂടിയാകുമ്പോൾ പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം, വെളിയനാട്, മുട്ടാർ ഭാഗങ്ങളിൽ ജലനിരപ്പ് അപകട സ്ഥിതിയിലെത്തുകയാണ്. കുട്ടനാടിന്‍റെ വടക്കൻ മേഖലയിലാണ് വെള്ളം കൂടുതലും ദുരിതമുണ്ടാക്കുന്നത്.
താഴ്ന്ന പ്രദേശമായ കൈനകരിയിലും വെള്ളക്കെട്ട് രൂക്ഷമാണ്. കൃഷി നടക്കുന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നത് കർഷകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. നെടുമുടി, ചമ്പക്കുളം, കുട്ടമംഗലം ഭാഗത്തെ കൃഷിക്കും വെള്ളം ഭീഷണിയാണ്.
ബുധനാഴ്ച മഴ കുറവായിരുന്നെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് തുടരുന്നതിനാൽ കുട്ടനാട്ടിൽ ജലനിരപ്പിൽ നേരിയ കുറവ് മാത്രമാണുണ്ടായത്. പള്ളാത്തുരുത്തി മേഖലയിൽ മാത്രം ജലനിരപ്പ് അപകടനിലക്ക് താഴെയെത്തി. മറ്റു മേഖലകളിലെല്ലാം അപകടനിലക്ക് മുകളിലായിരുന്നു ബുധനാഴ്ച.
എന്നാൽ, വ്യാഴാഴ്ച പുലർച്ച മുതൽ മഴ ശക്തമായതോടെ ജലനിരപ്പ് കുതിച്ചുയർന്നു. ഉച്ചവരെ തോരാതെ പെയ്യുകയായിരുന്നു മഴ. എ.സി റോഡ് ഉൾപ്പെടെ, കുട്ടനാട്ടിലെ പൊതുമരാമത്ത് റോഡുകളിൽ കഴിഞ്ഞദിവസം രൂപപ്പെട്ട വെള്ളക്കെട്ട് തുടരുകയാണ്.
എ.സി റോഡിൽ പൂവംഭാഗം, കിടങ്ങറപ്പാലത്തിന് പടിഞ്ഞാറ്, മാമ്പുഴക്കരി ജങ്ഷന് കിഴക്കുവശം, പള്ളിക്കൂട്ടുമ്മ-ഒന്നാംകര റോഡ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. എന്നാൽ, ഗതാഗതം തടസ്സപ്പെട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.