ഭാഗ്യവും നിർഭാഗ്യവും കൂട്ടിനെത്തി; അക്ഷരമുറ്റത്ത് അക്ഷര നേരത്തേ എത്തി
text_fieldsകുട്ടനാട്: വർക്ക് അറ്റ് ഹോമും ഓൺലൈൻ പഠനവുമായി ലോകമെങ്ങും കെട്ടകാലത്ത് കൂട്ടംകൂടാതെ വിറങ്ങലിച്ച് നിൽക്കുമ്പോൾ കുട്ടനാട്ടിലെ കുട്ടമംഗലത്ത് ഗുരുശൈലം വീട്ടിൽ അക്ഷര അക്ഷരലോകത്തേക്ക് നേരിട്ടെത്തിയത് സ്കൂൾ പ്രവേശനോത്സവത്തിലെ ഭാഗ്യകഥകളിലൊന്നായി. സംസ്ഥാനത്ത് വീട്ടിലിരുന്ന് ഒന്നാംക്ലാസിലേക്ക് ആയിരക്കണക്കിന് കുരുന്നുകൾ പ്രവേശനം നേടിയപ്പോൾ അക്ഷരമാത്രം ഒന്നാം ക്ലാസിൽ നേരിട്ടെത്തി കോവിഡ് കാലത്തെ ചരിത്രം കുറിച്ചു.
കൈനകരി കുട്ടമംഗലം ഗുരുശൈലത്തിൽ രാജീവും ഭാര്യ ജയന്തിയും മക്കളായ അദ്വൈതിനും അക്ഷരക്കുമൊപ്പം േമയ് 11നാണ് താമസിക്കാൻ കുട്ടമംഗലം ശ്രീനാരായണ എൽ.പി സ്കൂളിലെത്തിയത്. ഇവരുടെ വീടിനോട് ചേർന്ന വലിയതുരുത്ത് പാടശേഖരം കരകവിഞ്ഞതോടെ വീട്ടിനുള്ളിൽ മുട്ടിന് മുകളിൽ വെള്ളമെത്തി. കുട്ടികളെയുംകൊണ്ട് പുറത്തേക്ക് ഓടിയ രാജീവിനെ വാർഡ് മെംബർ കെ.എ. പ്രമോദും എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി അജയഘോഷും ഇടപെട്ട് സ്കൂളിൽ അഭയമൊരുക്കുകയായിരുന്നു. മറ്റൊരു വീട്ടിൽ കഴിയുന്ന രാജീവിെൻറ പിതാവിന് കോവിഡ് ബാധിച്ചിരുന്നു. അദ്ദേഹത്തെ ഇവർ കാണാൻ പോയതിനെത്തുടർന്ന് കുടുംബം ഒന്നടങ്കം ക്വാറൻറീനിലായിരുന്നു. അഞ്ചുവയസ്സുകാരി അക്ഷര അക്ഷരം പഠിക്കേണ്ട ഒന്നാം ക്ലാസിലാണ് ഇപ്പോൾ കുടുംബം കഴിയുന്നത്. അങ്ങനെ സ്കൂൾ പ്രവേശന ദിവസം നേരിട്ട് ക്ലാസിലെത്താനും അക്ഷരക്ക് ഭാഗ്യം കിട്ടിയെന്ന് അമ്മ ജയന്തി കണ്ണീർ തുടച്ചുകൊണ്ട് പറയുന്നു. രണ്ട് ദിവസത്തിനുള്ളിൽ വീട്ടിനുള്ളിലെ വെള്ളമിറങ്ങുമെന്നാണ് പ്രതീക്ഷ. ഇവിടെ തുടരേണ്ടിവന്നാൽ ടി.വി ഇല്ലാത്തതിനാൽ എട്ടാം ക്ലാസുകാരനായ അദ്വൈതിെൻറ പഠനം താളംതെറ്റുമെന്ന ആശങ്കയും രാജീവ് പങ്കുവെച്ചു.
സ്കൂൾ പ്രവേശനോത്സവ ദിവസം ബോട്ട് സർവിസ് ഇല്ലാതിരുന്നതിനാൽ അധ്യാപകരാരും സ്കൂളിൽ എത്തിയിരുന്നില്ല. ഓൺലൈൻ പ്രവേശനോത്സവത്തിൽ ഒന്നാം ക്ലാസിലിരുന്ന് അക്ഷരയാണ് സ്വാഗതഗാനമാലപിച്ചത്. പ്രഥമാധ്യാപിക ധന്യാ ജീമോൻ അക്ഷരയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.