എം.എസ് സ്വാമിനാഥൻ ശിപാർശ നടപ്പായില്ല: കുട്ടനാടിനെ വെള്ളത്തിലാക്കുന്നത് എ.സി കനാൽ നവീകരണത്തിലെ തടസ്സം
text_fieldsആലപ്പുഴ: മഴ വന്നാൽ കണ്ണീരിലാകുന്ന കുട്ടനാടിെൻറ മുഖ്യപ്രശ്നങ്ങളിൽ ഒന്ന് എ.സി (ആലപ്പുഴ-ചങ്ങനാശ്ശേരി) കനാൽ പൂർണമായി തുറക്കാനാകാത്തത്. ഇതാണ് കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമാക്കുന്നതെന്നാണ് വിലയിരുത്തൽ. കുട്ടനാട് പാക്കേജിൽ വലിയ പ്രാധാന്യം നൽകിയ കനാൽ നവീകരണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. മഴക്കാലത്ത് സെക്കൻഡിൽ 4000 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കിക്കൊണ്ടുപോകുമായിരുന്ന തോടാണ് തടസ്സപ്പെട്ടുകിടക്കുന്നത്. പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽനിന്നുള്ള വെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകുന്ന മാർഗമെന്ന നിലയിലാണ് ഡോ. എം.എസ്. സ്വാമിനാഥൻ കുട്ടനാട് പാക്കേജിൽ കനാൽ നവീകരണത്തിന് പ്രാധാന്യം നൽകിയത്. നദികളിലെ വെള്ളം എ.സി. കനാലിലൂടെ പള്ളാത്തുരുത്തിയാറ്റിലേക്ക് കടത്തിവിടുന്നതാണ് പദ്ധതി.
24 കിലോമീറ്ററോളം നീളമുള്ള എ.സി റോഡിെൻറ നിർമാണത്തിനായി കട്ടകുത്തിയെടുത്തതുകൊണ്ടാണ് എ.സി കനാൽ രൂപപ്പെട്ടത്. ക്രമേണ അനധികൃത നിർമാണവും കൈയേറ്റവും കനാലിലെ ഒഴുക്ക് തടസ്സപ്പെടുത്തി. ഇതു പരിഹരിക്കാൻ മനക്കച്ചിറമുതൽ ഒന്നാംകരവരെയും ഒന്നാംകരമുതൽ നെടുമുടിവരെയും നെടുമുടി മുതൽ പള്ളാത്തുരുത്തിവരെയും മൂന്നു ഘട്ടമായി നവീകരണം നടത്തി ആഴം കൂട്ടണമെന്നാണ് പാക്കേജിൽ പറഞ്ഞിരുന്നത്. ഇതിനായി ഒന്നാം പാക്കേജിൽ 80 കോടി നീക്കിവെച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ തമ്മിലടിയിൽ ഒന്നും നടന്നില്ല. ജലസേചനവകുപ്പും അതിനു കീഴിലുള്ള ഡിസൈൻ ബോർഡും തമ്മിൽ കിടങ്ങറ-മുട്ടാർ പാലം നിർമാണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് വിലങ്ങുതടിയായത്. കിടങ്ങറ-മുട്ടാർ പാലവും കനാലിലൂടെയുള്ള നീരൊഴുക്കിനെ ബാധിച്ചു. കനാൽ നെടുമുടിവരെ നീട്ടി നദിയുമായി ബന്ധിപ്പിക്കണമെന്ന സ്വാമിനാഥെൻറ ശിപാർശ പരിഗണനയിലാണെന്ന് സർക്കാർ പറയുേമ്പാഴും ഒരടി മുന്നോട്ടുപോകുന്നില്ലെന്നതാണ് സ്ഥിതി. ഈ വിഷയത്തിൽ ഹൈഡ്രോ ഡൈനാമിക് പഠനം നടത്താൻ മദ്രാസ് ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പഠന റിപ്പോർട്ട് കിട്ടിയാൽ നടപടിയാരംഭിക്കുമെന്നുമാണ് നിയമസഭയിൽ മന്ത്രി റോഷി അഗസ്റ്റിൻ അടുത്തിടെ പറഞ്ഞത്.
തോട്ടപ്പള്ളി സ്പിൽവേ, ലീഡിങ് ചാനൽ, എ.സി. കനാൽ രണ്ട്, മൂന്ന് റീച്ചുകളുടെ നിർമാണം എന്നിവയുടെ ഹൈഡ്രോ ഡൈനാമിക് പഠനത്തിനായി റീബിൽഡ് കേരളയിൽപെടുത്തി നാലരക്കോടി രൂപ നീക്കിവെച്ചിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.