രാരീരം വീട്ടിെല അരുമയായി ഏലിക്കുട്ടിയെന്ന 'കീരിക്കുട്ടി'
text_fieldsകുട്ടനാട്: മങ്കൊമ്പ് രാജശേഖരൻ നായരുടെ 'രാരീരം' വീട്ടിലെത്തിയാൽ അപ്രതീക്ഷിത അതിഥിയെ കാണാം. വീടിനകത്തും കുടുംബാംഗങ്ങളുടെ ശരീരത്തിലും ഓടിച്ചാടി കളിക്കുന്ന പെൺകീരി. വീട്ടുകാരും 'ഏലിക്കുട്ടി'യെന്ന കീരിക്കുട്ടിയും തമ്മിലുള്ള ബന്ധം നാട്ടുകാർക്കെല്ലാം അത്ഭുതമാവുകയാണ്.
കഴിഞ്ഞ ഏപ്രിലിലെ വെള്ളപ്പൊക്കത്തിൽ അമ്മക്കീരി വിറക് പുരയിൽ പെറ്റിട്ട് പോയതാണ് രണ്ട് കുഞ്ഞുങ്ങളെ. കുത്തിയൊലിച്ചുവന്ന വെള്ളം കണ്ട് അമ്മക്കീരി എവിടെയോ പോയിമറഞ്ഞു. കുഞ്ഞിക്കീരികളുടെ മൂളൽ കേട്ടാണ് രാജശേഖരനും ഭാര്യ അജിതയും വിറക്പുര അരിച്ചുപെറുക്കിയത്. കണ്ണുപോലും തുറക്കാത്തതിനാൽ എന്തിെൻറ കുഞ്ഞാണെന്നുപോലും തിരിച്ചറിഞ്ഞിരുന്നില്ല.
രാജശേഖരെൻറ ബികോമിനും ബി.എക്കും പഠിക്കുന്ന പെൺമക്കളായ ശാന്തിനിയും ശാമിനിയും വീട്ടിലെത്തിയതോടെ കഥമാറി. മിഴി പോലും തുറക്കാത്ത കുരുന്ന് ജീവികളെ സംരക്ഷിക്കാൻ കുടുംബം ഒന്നടങ്കം തീരുമാനിച്ചു. വീട്ടിൽ പട്ടിക്കുട്ടിയെ പോലും വളർത്താൻ അനുവദിക്കാത്ത രാജശേഖരൻ വീട്ടിലെത്തുന്ന ഈച്ചയെയും പാറ്റയെയും പോലും ജീവിക്കാൻ വിടുന്ന പെൺമക്കളുടെ അപ്പോഴത്തെ വാക്കിന് വില കൊടുത്തു.
രണ്ട് കുരുന്നുജീവികൾക്കും മക്കൾ പാൽ നൽകി പരിചരിച്ചു. കുടുംബാംഗങ്ങളുടെ തലക്ക് മുകളിൽ താൽക്കാലിക താമസ സൗകര്യവുമൊരുക്കി. ദിനങ്ങൾ കടന്നപ്പോഴാണ് കുരുന്നുജീവികളുടെ മുഖം തിരിച്ചറിഞ്ഞത്. ആൺ കീരിയും പെൺകീരിയും. വലുതായതോടെ ആൺ കീരി ഓടിമറഞ്ഞു. പിന്നീടുള്ള സ്നേഹം മുഴുവൻ പെൺകീരിക്ക് നൽകുമ്പോൾ ഇവളും ഓടിപ്പോകുമെന്നാണ് കുടുംബം കരുതിയത്.
മാസം നാലു കഴിഞ്ഞപ്പോൾ കുടുംബത്തിൽ അംഗം അഞ്ചായത് പോലെയായി. കീരിയുടെ ഭക്ഷണ മെനു ശാന്തിനിയും ശാമിനിയും മാറ്റി. പാൽ ചായയും കാപ്പിയും പഴവും കാരറ്റും നൽകി. ഇപ്പോൾ കീരിക്കായി വീട്ടിൽ തന്നെ രണ്ട് മീൻകൂടുണ്ട്. അതിലെ കൊച്ചു പച്ചമീനുകളാണ് പ്രധാന ഭക്ഷണം. ഇതൊക്കെയാണെങ്കിലും മധുര ഭക്ഷണം കണ്ടാൽ അടങ്ങിയിരിക്കില്ല.
പെൺകീരിയുടെ അച്ചടക്കവും അനുസരണയും കണ്ട് അവളെ അവർ മാറോട് ചേർത്ത് വളർത്തി 'ഏലിക്കുട്ടി'യെന്ന് പേരുമിട്ടു. പേര് വിളിച്ചാൽ വിളിപ്പുറത്തെത്തും. കുറുമ്പിയായ ഏലിക്കുട്ടിയുടെ അനുസരണകണ്ട് എല്ലാ സ്വാതന്ത്ര്യവും നൽകുന്നുണ്ട്. പറമ്പിലെത്തുന്ന മറ്റ് കീരികളുമായി സല്ലാപത്തിനും പോകും. പുറത്തെവിടെ പോയാലും കൃത്യസമയത്ത് കുട്ടക്കുള്ളിൽ ആളെത്തും. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനായ രാജശേഖരൻ വീടിനടുത്ത് പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കട നടത്തുകയാണ്. മനുഷ്യരെ പോലെ രാത്രി കൃത്യമായി ഉറങ്ങുന്ന ഏലിക്കുട്ടി പ്രഭാത നടത്തത്തിലും പാലു വാങ്ങാൻ പോകുമ്പോഴും രാജശേഖരെൻറ തോളിലും കൈകളിലും ഇടംപിടിക്കുന്നത് നാട്ടുകാർക്ക് അതിശയമാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.