സംഭരണം ഭാഗികം:30,000 ടൺ നെല്ല് പാടശേഖരത്ത് കെട്ടിക്കിടക്കുന്നു
text_fieldsകുട്ടനാട്: കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലായി പുഞ്ചക്കൃഷിയുടെ നെല്ലുസംഭരണം ഭാഗികമായി പുനരാരംഭിച്ചെങ്കിലും 10 ദിവസം വരെയായി മേഖലയിലെ നെല്ല് സംഭരിക്കാതെ പാടശഖരങ്ങളിൽ കെട്ടിക്കിടക്കുന്നു. ബുധനാഴ്ച മില്ലുകൾ സംഭരണത്തിന് തയാറായെങ്കിലും കൃത്യമായ ഏകോപനമുണ്ടായിട്ടില്ല. കുട്ടനാട്ടിൽ കായൽ മേഖലയായ മംഗലം മാണിക്യമംഗലത്താണ് സംഭരണം പുനരാരംഭിച്ചത്.
13 ദിവസമായി കൊയ്ത്ത് പൂർത്തിയായിക്കിടക്കുന്ന കൈനകരി, ഇരുമ്പനംപോലുള്ള പാടശേഖരങ്ങളിൽ സംഭരണം ഇനിയും തുടങ്ങിയിട്ടില്ല. ഇവിടെ പാഡി ഓഫിസർമാർക്ക് വലിയ വീഴ്ചയുണ്ടായതായി കർഷകർക്ക് പരാതിയുണ്ട്. ബുധനാഴ്ച മില്ലുകാർ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. 430 ഏക്കറുള്ള പാടശേഖരമാണിത്. കുട്ടനാട്ടിൽ നിലവിൽ കൊയ്ത്ത് പൂർത്തിയായിക്കഴിഞ്ഞു. അവശേഷിക്കുന്ന അഞ്ച് ശതമാനം കൊയ്ത്ത് അപ്പർ കുട്ടനാട് മേഖലയിലാണ് നടത്താനുള്ളത്.
27,532 ഹെക്ടറിലാണ് പുഞ്ചക്കൃഷി നടത്തിയത്. 1.20 ലക്ഷം ടൺ നെല്ല് സംഭരിച്ചു. കൊയ്ത്ത് പൂർത്തിയായ പാടശേഖരങ്ങളിൽ മാത്രമായി 30,000 ടൺ നെല്ല് സംഭരണത്തിനായി കെട്ടിക്കിടപ്പുണ്ട്. സപ്ലൈകോ ഉദ്യോഗസ്ഥർ സംഭരണത്തിൽ കൃത്യമായി ഇടപെടുന്നില്ലെന്നാണ് കർഷകരുടെ പരാതി.
വേനൽ മഴയിൽനിന്ന് സംരക്ഷിക്കാൻ മിക്ക കർഷകരും സ്വന്തം നിലക്ക് ചാക്കുകൾ വാങ്ങി നെല്ലുണക്കി നിറച്ചുെവച്ചിരിക്കുകയാണ്. സംഭരണം ഇഴഞ്ഞാൽ കർഷകെൻറ അധ്വാനം വെള്ളത്തിലാകും. ബുധനാഴ്ചയും രണ്ടു മില്ലുകൾ മാത്രമാണ് സംഭരണത്തിൽ കാര്യമായി സഹകരിച്ചത്. മിക്ക കർഷകരും പുറംബണ്ടുകളിലും മറ്റുമായാണ് നെല്ല് സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ വേലിയേറ്റത്തിൽ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.