പട്ടയത്തിനായി പുതുവൽകോളനിക്കാരുടെ കാത്തിരിപ്പ് നീളുന്നു
text_fieldsകുട്ടനാട്: പച്ച പുതുവൽ കോളനിയിൽ 22 കുടുംബങ്ങൾ പട്ടയത്തിനായി കാത്തിരിപ്പ് തുടരുന്നു. ഭവന നിർമാണവും പഠനവും വഴിമുട്ടിയെന്ന് കോളനി നിവാസികൾ പറയുന്നു. എടത്വാ പഞ്ചായത്ത് 14-ാം വാർഡിൽ പച്ച പുതുവൽ കോളനിയിലെ 22 കുടുംബങ്ങളാണ് നൂറ്റാണ്ടുകളായി പട്ടയത്തിന് വേണ്ടി കാത്തിരിക്കുന്നത്.
വൃദ്ധരും കുട്ടികളും അടങ്ങി 127 ഓളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. വില്ലേജ് രേഖയിൽ കോളനി തോട് നികത്തിയ സ്ഥലമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ചതുപ്പ് നിലമായി കിടന്ന പ്രദേശം നികത്തിയാണ് കോളനിക്കാർ താമസ സൗകര്യം ഒരുക്കിയത്. മൂന്ന് തലമുറകൾ പിന്നിട്ടിട്ടും കൈവശാവകാശ രേഖയോ പട്ടയമോ ലഭിച്ചിട്ടില്ല. പലതവണ ആവശ്യം ഉന്നയിച്ച് റവന്യൂ ഉദ്യോഗസ്ഥന്മാരെ കോളനിക്കാർ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.
ഭവന നിർമാണ പദ്ധതിയിൽ അപേക്ഷ നൽകിയ ഗുണഭോക്താക്കളുടെ പട്ടയം നൽകാൻ ആവശ്യപ്പെട്ടതായി കോളനിയിലെ താമസക്കാരനായ വിനോദ് പറയുന്നു. വിനോദിെൻറ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ താൽക്കാലിക ഷെഡുകളിലാണ് അന്തിയുറങ്ങുന്നത്. പ്രളയകാലത്ത് കോളനിക്കാർ ഏറെ ദുരിതം അനുഭവിക്കണം. ശക്തമായ ഒഴുക്കിൽ ഒട്ടുമിക്ക താമസക്കാരുടെയും വീടുകൾ നിലംപൊത്തിയിരുന്നു.
വെള്ളം ഇറങ്ങിയശേഷം വീണ്ടും താൽക്കാലിക ഷെഡുകൾ നിർമിച്ചാണ് താമസം. ചെറിയ വെള്ളപ്പൊക്കത്തിൽ പോലും വെള്ളം കയറുന്നത് പതിവാണ്. പഠനാവശ്യത്തിനായി ബാങ്ക് ലോൺ ലഭ്യമാകുന്നതിനും പട്ടയം തടസ്സമായി നിൽക്കുന്നു. കർഷക തൊഴിലാളികൾ മാത്രം താമസിക്കുന്ന കോളനിയിൽ വിദ്യാർഥികളുടെ ഉപരിപഠനം പോലും മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.