ഓർമയായി മങ്കൊമ്പ് ചന്ത: പേരെടുത്തത് മുട്ട വ്യാപാരത്തിലൂടെ
text_fieldsകുട്ടനാട്: ഏത് നാടിന്‍റെ ചരിത്രമെടുത്താലും ഗതകാല സ്മരണകളുടെ അടയാളമായി എന്തെങ്കിലും ബാക്കി കാണും. പഴയ ചരിത്രത്തിന്‍റെ ഓർമപ്പെടുത്തലുകൾക്കപ്പുറം പുതുതലമുറകൾക്ക് പാഠമാകും, ആ ജീവിതകഥ.
തലങ്ങും വിലങ്ങും റോഡും പാലവുമുള്ള, ഇന്ന് കാണുന്ന കുട്ടനാട്ടിൽ കച്ചവട തന്ത്രങ്ങളുടെ ഒരു ഈറ്റില്ലം ഉണ്ടായിരുന്നു, പണ്ട്. ആലപ്പുഴയിൽ നിന്നും കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിൽനിന്നുമൊക്കെ ആയിരങ്ങൾ എത്തിയിരുന്ന മങ്കൊമ്പ് ചന്തയായിരുന്നു മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കുട്ടനാടിന്‍റെ വാണിജ്യകേന്ദ്രം. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ചന്തയുടെ പ്രവർത്തനം. പുലർച്ച മുതൽ ആരംഭിക്കുന്ന ചന്തയിൽ പച്ചക്കറി, പച്ചമീൻ, ഉണക്കമീൻ തുടങ്ങി സർവത്ര സാധനങ്ങളും ലഭിക്കും. മുട്ട വ്യാപാരത്തിലായിരുന്നു മങ്കൊമ്പ് ചന്ത പേരെടുത്തത്. ചങ്ങനാശ്ശേരി, കോട്ടയം, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലേക്ക് മുട്ട കൊട്ടയിലാക്കി ഇവിടെ നിന്ന് കയറ്റിയയച്ചു. സാധനങ്ങൾക്ക് പകരം സാധനങ്ങൾ കൈമാറിയിരുന്ന ബാർട്ടർ സമ്പ്രദായവും മങ്കൊമ്പിലുണ്ടായിരുന്നു.
ആഴ്ചയിലെ രണ്ടുദിവസം ചന്ത ഉണർന്നാൽ നാട്ടിൽ ഉത്സവ പ്രതീതിയായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. പാലങ്ങൾ ഇല്ലാതിരുന്ന ആ കാലത്ത് ചന്തയോട് ചേർന്നുള്ള വലിയ ആറിന് അക്കരെ കടന്നിരുന്നത് ചന്തയിൽ എത്തിയ കൊച്ചുവള്ളങ്ങൾ നിരത്തിയിട്ടായിരുന്നു. ഇങ്ങനെ രണ്ടുകരക്കാരെ രണ്ടുദിവസം മങ്കൊമ്പ് ചന്ത സഹായിച്ചിരുന്നു. നാടാകെയെന്ന പോലെ കുട്ടനാട്ടിലേക്ക് വികസനമെത്തി തുടങ്ങിയപ്പോൾ ചന്തയുടെ ചന്തവും കുറഞ്ഞുതുടങ്ങി. 30 വർഷത്തിനിപ്പുറം പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് മങ്കൊമ്പ് ചന്ത നിന്ന സ്ഥലത്ത് കെട്ടിടം പണിതു. കച്ചവടത്തിന് ലേലം നൽകാനായിരുന്നു തീരുമാനം. പക്ഷേ, പഞ്ചായത്ത് പണിത എട്ട് കടമുറിയിൽ കച്ചവടം നടത്താൻ ആരും വന്നില്ല. മങ്കൊമ്പ് ചന്തയുടെ പ്രതാപകാലത്തെ ഓർമിപ്പിച്ച് അന്നുണ്ടായിരുന്ന രാധാകൃഷ്ണന്‍റെ മുറുക്കാൻ കട മാത്രമാണ് ഇവിടെ തുറന്ന് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.