രണ്ടാം കുട്ടനാട് പാക്കേജ്; ആലപ്പുഴ ജില്ലയിൽ നടപ്പാക്കുന്നത് 32 പ്രവൃത്തികൾ
text_fieldsആലപ്പുഴ: രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച 100 കോടിയുടെ പ്രവൃത്തികളില്‍ ജില്ലയിൽ നടപ്പാക്കുന്നത് 32 എണ്ണം. ഇതിൽ ഏറെയും കുട്ടനാട് താലൂക്കിലാണ്. 43.17 കോടിയുടെ പ്രവൃത്തികളാണ് ജില്ലയിലെ പദ്ധതികൾക്കായി നീക്കിവെച്ചിരിക്കുന്നത്. ബാക്കി തുക ചെലവഴിക്കുന്നത് കോട്ടയം ജില്ലയിലാണ്. പാടശേഖരം നവീകരണം, പുറംബണ്ട് ബലപ്പെടുത്തൽ, മോട്ടോർതറ പുനർനിർമാണം, മോട്ടോർ സ്ഥാപിക്കൽ, കലുങ്ക് നിർമാണം എന്നിവയാണ് നടപ്പാക്കുക. ഒന്നാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ചെയ്ത പ്രവൃത്തികള്‍ ഭൂരിഭാഗവും കുട്ടനാടിന് പുറത്താണെന്ന ആക്ഷേപം ഉണ്ടായിരുന്നു. ഇപ്പോൾ അനുവദിച്ചതിൽ പകുതിയോളം തുക ജില്ലക്ക് ലഭിച്ചു എന്നത് ആശ്വാസമാണ്.
പ്രവൃത്തികൾ ഉടൻ ടെൻഡർ ചെയ്യും. മാർച്ച് 31ന് മുമ്പ് ടെൻഡർ പൂർത്തിയാക്കി പ്രവൃത്തികൾ നടപ്പാക്കാനാണ് ചുമതലയുള്ള ഇറിഗേഷൻ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ലഭിച്ചാൽ ഉടൻ സാങ്കേതിക അനുമതി വാങ്ങാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കുട്ടനാട് പാക്കേജ് സ്പെഷൽ ഓഫിസ് നിർദേശം നൽകും.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ പ്രവർത്തനം വേഗത്തിലാക്കാൻ മൂന്ന് എക്സി.എൻജിനീയർമാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആറുകളുടെയും തോടുകളുടെയും നീരൊഴുക്ക് സുഗമമാക്കി കൃഷിക്ക് സഹായകമാക്കുന്നതിനാണ് സർക്കാർ തുക വിനിയോഗിക്കാൻ പദ്ധതി തയാറാക്കിയിട്ടുള്ളത്.
കർഷകരുടെ ദീർഘനാളത്തെ ആവശ്യങ്ങളിലൊന്നായിരുന്നു പാടശേഖരങ്ങളുടെയും പുറംബണ്ടുകളുടെയും നവീകരണം. പുറമെ ചാലുകളിൽ എക്കലും മണ്ണും അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടതും കർഷകർക്ക് തിരിച്ചടിയായിരുന്നു. വിവിധ സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച് നിരവധി സമരങ്ങൾ നടത്തിയിരുന്നു.
2020 സെപ്റ്റംബർ 17നാണ് 2447.6 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ജലസേചനം, കൃഷി, വ്യവസായം, വൈദ്യുതി, ടൂറിസം, ഫിഷറീസ്, മൃഗസംരക്ഷണം, വാട്ടർ അതോറിട്ടി വകുപ്പുകളാണ് പദ്ധതി തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.